Kerala
INTERVIEW ലക്ഷദ്വീപിനെ കാക്കാനുള്ള പോരാട്ട കേന്ദ്രമായി കേരളം മാറും: എളമരം കരിം എം പി
ലക്ഷദ്വീപിനെ ഗുജറാത്ത് മോഡല്‍ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരായ പോരാട്ടത്തിന്റെ കേന്ദ്രമായി കേരളം മാറുമെന്ന് രാജ്യസഭയിലെ സി പി എം കക്ഷിനേതാവ് എളമരം കരിം എം പി പറഞ്ഞു. സിറാജ്‌ലൈവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷദ്വീപിലെ ആക്ടിവിസ്റ്റ് ഐഷ സുല്‍ത്താനക്കെതിരായ നീക്കത്തെ എങ്ങിനെയാണു വിലയിരുത്തുന്നത്?
ഐഷ സുല്‍ത്താനക്കെതിരായ നീക്കം പച്ചയായ ഭരണകൂട ഭീകരതയാണ്. ഭരണകൂടങ്ങളെ വിമര്‍ശിക്കമ്പോള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുക എന്നത് ഗുരുതരമായ സ്ഥിതി വിശേഷത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. കൊവിഡ് ആയുധമാക്കി ഒരു ജനതയെ വീട്ടുതടങ്കലില്‍ വച്ച് ജനവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളെയാണ് ഐഷ സുല്‍ത്താന വിമര്‍ശിച്ചത്. ഒരു ജനതയെ കീഴടക്കി അവരുടെ മണ്ണും സംസ്‌കാരവും കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കാനുള്ള നീക്കത്തിന,് കൊറോണ വൈറസിനെ ജൈവ ആയുധമാക്കി മാറ്റുകയാണെന്ന പ്രസ്താവനയാണ് അവര്‍ നടത്തിയത്. ഈ പരാമര്‍ശത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ വിറളിയെടുത്തെങ്കിലും ശരിയായ വിശകലനമാണ് ഐഷ സുല്‍ത്താന നടത്തിയത്.
പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ പോലും രാജ്യദ്രോഹക്കുറ്റം ചുമത്തന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം പരമോന്നത കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെയാണ് ഒരു അഡ്മിനിസ്ട്രേറ്റര്‍ ഇത്തരം ജനവിരുദ്ധ നീക്കങ്ങളുമായി മുന്നോട്ടു പോകുന്നത്. ഐഷ സുല്‍ത്താനക്ക് രാഷ്ട്രീയമായ പിന്‍തുണ നല്‍കുന്നതോടൊപ്പം നിയമ പരമായ പോരാട്ടത്തിലും ജനാധിപത്യ ശക്തികള്‍ അവര്‍ക്കൊപ്പം നില്‍ക്കും.
കേരളത്തില്‍ നിന്നുള്ള എം പിമാര്‍ക്കുപോലും ലക്ഷദ്വീപ് സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അനുമതി ലഭിച്ചില്ലല്ലോ?
ഇന്ത്യന്‍ പാര്‍ലിമെന്റിലെ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ലിമെന്റ് സെക്രട്ടറിയറ്റിന് പരാതി നല്‍കിയിട്ടുണ്ട്. സി പി എം എംപിമാരുടെ സന്ദര്‍ശനം തടഞ്ഞതുകൊണ്ട് കേരളത്തില്‍ ഇക്കാര്യത്തില്‍ ഉയര്‍ന്നു വരുന്ന പ്രക്ഷോഭത്തെ തളര്‍ത്താനാവില്ല. കൊവിഡ് രൂക്ഷത നിലനില്‍ക്കുന്നതിനാലാണ് വീടുകളിലും തൊഴിലിടങ്ങളിലുമായി പ്രക്ഷോഭം നടക്കുന്നത്. ലോക് ഡൗണ്‍ അവസാനിക്കുന്നതോടെ ഈ വിഷയമുയര്‍ത്തി എല്ലാ വിഭാഗം ജനങ്ങളേയും അണിനിരത്തി ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരും. ഈ പ്രക്ഷോഭം കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് രാജ്യത്തെ വിറ്റു തുലയ്ക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരായ ചെറുത്തുനില്‍പ്പു കൂടിയാണ്.
ലക്ഷദ്വീപിനെ കേരളവുമായുള്ള ബന്ധത്തില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടോ?
ബേപ്പൂരും കൊച്ചിയുമായാണ് ലക്ഷദ്വീപ് സമൂഹത്തിന്റെ പ്രധാന ബന്ധം. കേരളവുമായി വൈകാരിക ബന്ധം പുലര്‍ത്തുന്ന ഒരു സമൂഹമാണ് അവര്‍. മഹല്‍ ഭാഷ സ്വന്തമായി ഉണ്ടെങ്കിലും മലയാളത്തെ നെഞ്ചോടു ചേര്‍ക്കുന്നവരാണവര്‍. കേരളവുമായി നിരവധി വിവാഹബന്ധങ്ങളുണ്ട്. ഉപരിപഠനങ്ങള്‍ക്കായും ജോലി തേടിയും അവര്‍ എത്തുന്നത് കേരളത്തിലേക്കാണ്. കേരളത്തില്‍ നിന്ന് അവരെ അകറ്റി മംഗലാപുരവുമായി അടുപ്പിക്കാനുള്ള നീക്കത്തിനു പിന്നിലും രാഷ്ട്രീയ നീക്കങ്ങളാണുള്ളത്. കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യവും പ്രതികരണ ശേഷിയുമെല്ലാം സംഘപിരവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നവരെ ഭയപ്പെടുത്തുന്നതാണ്. ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങള്‍ വഴിയുള്ള ബന്ധം ഇല്ലാതാക്കാനുള്ള നീക്കങ്ങളേയും ശക്തമായി ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.
ഗുജറാത്ത് മോഡല്‍ നീക്കമാണ് ലക്ഷദ്വീപില്‍ നടക്കുന്നത് എന്ന് ആരോപിക്കുന്നത് എന്തുകൊണ്ടാണ്?
കാവിവല്‍ക്കരണത്തിന്റെ പരീക്ഷണ ശാലയാണ് ഗുജറാത്ത്. മത ന്യൂനപക്ഷങ്ങള്‍ക്കെതിരായി വിഭാഗീയ പ്രചാരണം നിരന്തരം നടത്തി അവരെ ശത്രുക്കളായി അവതരിപ്പിച്ചു നേട്ടം കൊയ്ത രാഷ്ട്രീയ പരീക്ഷണത്തിന്റെ വിളഭൂമിയാണവിടം. മുസ്്ലിം ജനസംഖ്യ പെരുകുന്നു എന്ന ആരോപണം, മുസ്്‌ലിംകള്‍ക്കെതിരായി ഗോവധത്തെ ഉപയോഗിക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളേയും വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ച് ഒരു ജനതയെ സാമ്പത്തികമായും സാമൂഹികമായും ഉന്മൂലനം ചെയ്ത രാഷ്ട്രീയ പരീക്ഷണ ശാലയാണ് ഗൂജറാത്ത്.
ഇതേ നീക്കങ്ങളാണ് ലക്ഷദ്വീപിലും പ്രയോഗിക്കുന്നത്. അവിടെ തെങ്ങുകള്‍ക്ക് കാവി ചായം പൂശുന്നത് ചെറിയ കാര്യമല്ല. സൗന്ദര്യവല്‍ക്കരണത്തിന്റെ പേരിലാണ് ഈ നീക്കമെങ്കിലും കാവിയെ ഒരു അടയാളമായി പ്രതിഷ്ഠിക്കുകയും ഭയത്തിന്റെ ചിഹ്നമായി അവതരിപ്പിക്കുകയുമാണ്. ഇതിന്റെ പിന്നാലെയാണ് വിവിധ ഉത്തരവുകള്‍ വരുന്നത്. കുട്ടികളുടെ ഭക്ഷണത്തില്‍ നിന്ന് മാംസം ഒഴിവാക്കുന്നതും ഭൂമിയിലെ അവകാശത്തെ ഇല്ലാതാക്കുന്നതും ഗുണ്ടാ നിയമങ്ങള്‍ നടപ്പാക്കുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ കുട്ടികളുടെ എണ്ണം ഉപയോഗിക്കുന്നതുമെല്ലാം കാവി വല്‍ക്കരണത്തിന്റെ ഭാഗമാണ്. ഒരു ജനതയെ ഭയപ്പെടുത്തിനിര്‍ത്തുന്നതിന്റെ പേരാണ് കാവിവല്‍ക്കരണം.
ഗുജറാത്തില്‍ കാവി വല്‍ക്കരണം ഏതുവിധേനയാണോ ന്യൂനപക്ഷങ്ങളുടെ ജീവിതത്തെ തകര്‍ത്തെറിഞ്ഞത് അതാണ് ലക്ഷദ്വീപിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് കേരളം ഈ നീക്കത്തില്‍ ഇത്രയേറെ ആശങ്കപ്പെടുന്നത്.
യഥാര്‍ഥ്യത്തില്‍ കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള നീക്കമാണോ ലക്ഷദ്വീപില്‍ നടക്കുന്നത്?
ലക്ഷദ്വീപിനെ കണ്ണുവച്ചിരിക്കുന്ന കോര്‍പറേറ്റുകള്‍ക്കായി അന്തരീക്ഷം ഒരുക്കിക്കൊടുക്കാനുള്ള ദൗത്യമാണ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നിര്‍വഹിക്കുന്നത്. മാലിദ്വീപു പോലെ, മക്കാവു ദ്വീപുപോലെ ഒരു ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമായി ലക്ഷദ്വീപിനെ മാറ്റുകയാണ് ലക്ഷ്യം. ഒരു ജനതയും സമാധാന പരമായ ജീവിതവും അവരുടെ പാരമ്പര്യവുമൊന്നും പരിഗണിക്കാതെയാണ് ഒരു സര്‍ക്കാര്‍ ഇത്തരം നീക്കം നടത്തുന്നത്. ചൂതാട്ട കേന്ദ്രമായ മക്കാവു മാതൃകയില്‍ വിനോദത്തിലൂടെ വരുമാനമുണ്ടാക്കാമെന്ന കണക്കൂട്ടലാണ് കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഭരണം നടത്തുന്ന സര്‍ക്കാര്‍ ചിന്തിക്കുന്നത്. കൂറ്റന്‍ ക്രൂയിസ് കപ്പലുകളില്‍ സഞ്ചാരികളെ എത്തിച്ചു പണം കൊയ്യാമെന്ന കണക്കു കൂട്ടലുമായി കരുനീക്കുന്ന കോര്‍പറേറ്റുകള്‍ക്കായി രാജ്യം ഭരിക്കുന്നവര്‍ വിടുപണി ചെയ്യുകയാണ്. ഒരു ജനതയെ അതിനായി ചവിട്ടിമെതിക്കാമെന്നാണ് അവര്‍ കണക്കുകൂട്ടുന്നത്.
ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന തദ്ദേശീയരുടെ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ് ജനങ്ങള്‍ക്കുമേല്‍ ഗൂണ്ടാ നിയമങ്ങള്‍ പ്രയോഗിക്കുന്നത്. ദ്വീപ് ജനതയെ ഭയപ്പെടുത്തി കാര്യങ്ങള്‍ നടപ്പാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്. ഇത്തരം ജനാധിപത്യ വിരുദ്ധമായ നീക്കങ്ങളെ ദ്വീപ് ജനതക്കൊപ്പം നിന്നു ശക്തമായി നേരിട്ടു തോല്‍പ്പിക്കാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കും.
കൊവിഡ് ഭീതിയകന്നാല്‍ കേരളം ഈ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങും. ഒരു ജനതയുടെ സംസ്‌കാരത്തെ ചവിട്ടിമെതിച്ചു കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കാന്‍ ഒരിക്കലും അനുവദിക്കില്ല. എല്ലാ ജനാധിപത്യ വിശ്വാകളുടേയും പിന്‍തുണയോടെ ശക്തമായ പോരാട്ടത്തിന്റെ മുന്നണിയില്‍ കേരളം നിലയുറപ്പിക്കുകതന്നെ ചെയ്യും.