Travelogue
ഇമാം ബുഖാരി(റ)യുടെ സവിധത്തിൽ

വിശ്രമത്തിനും ഉച്ചഭക്ഷണത്തിനും ശേഷം ഇസ്്ലാമിക ലോകത്ത് വിശ്രുതനായ ഇമാം ബുഖാരി(റ)യുടെ അരികിലേക്ക് യാത്ര തിരിച്ചു. ചുറ്റുപാടും റഷ്യൻ നോവലുകളിൽ പ്രതിപാദിക്കുന്ന സ്ഥലങ്ങൾക്ക് സമാനമായ ദൃശ്യങ്ങൾ. ഇലപൊഴിഞ്ഞു കിടക്കുന്ന മരങ്ങൾ പോലും കാഴ്ചക്ക് മനോഹരമെങ്കിൽ അത് വസന്തകാലത്ത് എത്രമാത്രം മനോഹരിയായിരിക്കും!. ഫിയോദർ ദസ്തയേവ്‌സ്‌കിയുടെ നോവലും അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച “ഒരു സങ്കീർത്തനം പോലെ”യെന്ന നോവലും വായിച്ച കൗമാര കാലത്തെ ഓർമകളിലേക്കാണ് ഈ കാഴ്ചകൾ കൂട്ടിക്കൊണ്ടുപോയത്. ഹോട്ടലിൽ നിന്നും മുപ്പത് കിലോമീറ്ററുകളോളമുണ്ട് ഇമാം ബുഖാരിയുടെ വിശ്രമകേന്ദ്രത്തിലേക്ക്. അവിടേക്കെത്താനുള്ള അത്യുത്കടമായ ആഗ്രഹം പേറി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ അഭിലാഷ പൂർത്തീകരണത്തിലേക്ക് സമയമടുക്കുകയായി. ഹൃദയം അത് പുൽകാനും സന്നദ്ധമാകുകയായിരുന്നു.
എട്ട് വർഷങ്ങൾക്ക് മുന്നേയുള്ള ഒരു പ്രഭാതത്തിൽ സ്വഹീഹുൽ ബുഖാരി ക്ലാസ് എടുക്കുന്നതിനിടയിൽ ഹകീം അസ്ഹരി ഉസ്താദ് ചോദിച്ചു “നമുക്കെല്ലാവർക്കും കൂടി ഇമാം ബുഖാരി(റ)യെ സന്ദർശിക്കാൻ പോവുകയല്ലേ”?
ആ ചോദ്യം അവിടെ അവശേഷിച്ചു. പിന്നീടുള്ള മർകസിലെ രണ്ട് വർഷ പഠനകാലയളവിൽ തുടർച്ചയായി സ്വഹീഹുൽ ബുഖാരിയുടെ പാരായണത്തിന് മുന്നേയായി “വ ബി സനദിൽ മുത്തസിലി ഇലൽ ഇമാമുൽ മുത്കിനീ” എന്ന് കാന്തപുരം ഉസ്താദിൽ നിന്നും കേട്ട് കൊണ്ടായിരുന്നു പ്രഭാതം ആരംഭിച്ചിരുന്നത്. അപ്പോഴൊക്കെ മനസ്സിന്റെ ഉള്ളിന്റെയുള്ളിൽ എവിടെയോ ഉണ്ടായിരുന്ന വലിയൊരു ആഗ്രഹമാണ് ഇമാം ബുഖാരി(റ)യെ സന്ദർശിക്കണമെന്ന്. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ സത്യവിശ്വാസികൾ നെഞ്ചേറ്റുന്ന ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ ഗ്രന്ഥകർത്താവണല്ലോ ഇമാം ബുഖാരി(റ) !
അവിടുത്തെ ചരിത്രം ആവേശമാണ്. ഇന്ന് ഉസ്‌ബെക്കിസ്ഥാൻ, തുർക്‌മെനിസ്ഥാൻ, ഇറാൻ, അഫ്ഘാനിസ്ഥാൻ എന്നീ നാല് രാഷ്ട്രങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന ചരിത്രപ്രാധാന്യമേറിയ ഖുറാസാൻ പ്രവിശ്യയിലെ പ്രധാന നഗരിയായ ബുഖാറയിൽ ഹിജ്‌റ 194 ലാണ് ജനനം. അനാഥനായുള്ള ബാല്യം ഉമ്മയുടെ കൂടുതൽ ലാളനക്കും അറിവ് പകരലിനും കാരണമാക്കി തീർത്തു. സംഭവ ബാഹുല്യമേറിയ ജീവിത ചുറ്റുപാടുകളിലൂടെ വളർന്നു പന്തലിച്ചു. വിജ്ഞാന പ്രസരണത്തിലായി ജീവിതം ഉഴിഞ്ഞുവെച്ചു. ആക്ഷേപകർ എല്ലാ ഭാഗത്തു നിന്നും നശിപ്പിക്കാനുള്ള സകല പണികളുമായി നീങ്ങുന്നുണ്ടായിരുന്നു. ജന്മനാട്ടിൽ നിൽക്കാൻ പോലും സമ്മതിച്ചില്ല. പുറംനാട്ടിലേക്ക് യാത്രയായപ്പോൾ അവിടെയും അവർ ഇമാമിനെ തകർക്കാനുള്ള കുതന്ത്രങ്ങൾ തുടങ്ങി. എല്ലാം സഹിച്ചു, ക്ഷമിച്ചു സധൈര്യം തിരുദൂതർ (സ്വ) യുടെ ഹദീസ് സേവനത്തിൽ വ്യാപൃതനായി. ഒടുവിൽ ജന്മനാടായ ബുഖാറയിൽ എത്താൻ കഴിയാതെ 62 ാം വയസ്സിൽ ഈദുൽ ഫിത്വർ ദിനത്തിൽ സമർഖന്ദിൽ നിന്നും ഇഹലോകത്തോട് വിട പറഞ്ഞു. ഇമാം ബുഖാരി(റ) യെ മറമാടിയ മണ്ണിൽ നിന്നും കസ്തൂരിയെ വെല്ലുന്ന സുഗന്ധം വമിച്ചതായി ചരിത്രത്തിൽ കാണുന്നുണ്ട്. ജീവിത കാലം മുഴുവൻ തിരുനബി (സ്വ)യുടെ തിരുവചനങ്ങൾക്ക് സേവനം ചെയ്തു നീങ്ങിയതിൽ ലഭിച്ച പോരിശയാണിത്.

യാത്രാ സംഘം ഇമാം ബുഖാരി(റ) യുടെ സ്മാരക സൗധത്തിനരികിൽ
അവിടുത്തെ സന്നിധിയിലേക്കുള്ള യാത്രയിലുടനീളം ബഹുമാനപ്പെട്ട ഗുരുവര്യർ ഇമാമിനെ കുറിച്ച് വാചാലനാകുകയായിരുന്നു. ഒപ്പം ഇതിനു മുന്നേ ഉസ്‌ബെക്കിസ്ഥാൻ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവങ്ങളും പറയുന്നുണ്ടായിരുന്നു. അനുഭവങ്ങളാണല്ലോ ഒരു സഞ്ചാരിയുടെ ഏറ്റവും വലിയ സമ്പത്ത്. അതിൽ നിന്നാണല്ലോ അവൻ നേതാവും എഴുത്തുകാരനും ചിന്തകനും നിരീക്ഷകനും പണ്ഡിതനും ഇങ്ങനെ ജീവിതത്തിന്റെ നിരവധി മേഖലകളിലേക്ക് ചുവട് വെക്കുന്നത്. ഒരു മണിക്കൂറോളം നീണ്ട യാത്രക്കൊടുവിൽ ഞങ്ങൾ സ്ഥലത്തെത്തി ചേർന്നു. എല്ലാവരോടും ബസിൽ നിന്നും പുറത്തിറങ്ങുമ്പോൾ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്ന് ഉസ്‌ബെക്കുകാരായ സുഹൃത്ത് മുസഫറും അബ്ദുൽ അസമും പറയുന്നുണ്ടായിരുന്നു. ഉച്ച സമയമായതിനാൽ തണുപ്പ് അൽപ്പം കുറവായിരിക്കുമെന്ന നിഗമനത്തിൽ നമ്മൾ സാധാ വസ്ത്രത്തിൽ ഇറങ്ങി. തദ്ദേശീയരും കൂട്ടത്തിൽ സ്ഥിരം യാത്രക്കാരുമായ ചിലരൊക്കെ തണുപ്പ് നാടിന്റെ സ്വഭാവം അറിയുന്നതിനാൽ തണുപ്പ് ഉണ്ടാകുമ്പോൾ എങ്ങനെയാണോ, ആ രൂപത്തിൽ തന്നെ വസ്ത്രം ധരിച്ചിരുന്നു. ഉസ്താദ് മൊറോക്കോൻ വസ്ത്രമായ “ബർണസ്” ഉപയോഗിച്ച് ശരീരമൊന്നാകെ മൂടിയിട്ടാണ് പുറത്തേക്കിറങ്ങിയത്.
ഇമാം ബുഖാരി കോംപ്ലക്‌സിന്റെ പരിപാലക തലവൻ തന്നെ ഞങ്ങളെ സ്വീകരിക്കാൻ കോമ്പൗണ്ടിനു പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. സുന്ദരനും സുമുഖനുമായ ഒരു പണ്ഡിതൻ. അദ്ദേഹം ഞങ്ങൾ ഓരോരുത്തരെയും ഹൃദയം ചേർത്ത് സ്വീകരിച്ചു. വിശാലമായ ഉദ്യാനവും അതിന്റെ ഇടയിലൂടെ സൃഷ്ടിച്ച ചെറിയ വാട്ടർ ഫൗണ്ടനും അവർ വളരെ മനോഹരമായി പരിപാലിക്കുന്ന പുൽത്തകിടികളും കാണിച്ചു അതിലൂടെ മസ്ജിദിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ നിർത്തി ഇമാം ബുഖാരി(റ)യെ കുറിച്ചും ഇവിടെ എത്തിച്ചേർന്ന കഥകളും അനുഭവിച്ച യാതനകളും ഭരണകൂട അക്രമണങ്ങളെയും അരാജകത്വങ്ങളെയും നൂറ്റാണ്ടുകൾ പഴക്കമുള്ള ഇമാം ബുഖാരി(റ) സ്മാരകസൗധം എങ്ങനെ അതിജീവിച്ചുവെന്നും പറഞ്ഞുതരികയുണ്ടായി. ശേഷം ഞങ്ങളെ ഇമാമിന്റെ ഖബറിന്റെ അടുത്തേക്ക് കൊണ്ടുപോയി. മരാമത്ത് പണി നടക്കുന്നതിനാൽ അകത്തേക്കുള്ള പ്രവേശനം എല്ലാവർക്കും തടഞ്ഞിരുന്നു. പക്ഷേ, ഇന്ത്യയിൽ നിന്നുള്ള പ്രത്യേക സംഘമായതിനാൽ തന്നെ അനുമതി സർക്കാറിൽ നിന്നും ഉസ്‌ബെക്ക് സുഹൃത്തുക്കൾ ആദ്യമേ കൈപ്പറ്റിയിരുന്നു.
നിലവിൽ കാണുന്ന ബിൽഡിംഗിന് താഴ്ഭാഗത്തായാണ് യഥാർഥത്തിൽ ഖബർ സ്ഥിതി ചെയ്യുന്നത്. അവിടേക്ക് കുറച്ച് ചവിട്ടുപടികൾ ഇറങ്ങിപ്പോകണം. അവിടെ നിന്നും യാസീൻ പാരായണവും സ്വഹീഹുൽ ബുഖാരിയുടെ ഇജാസത് ദാനവും നടന്നു. ഗ്രന്ഥകാരന്റെ അരികിൽ നിന്നും ആ ഗ്രന്ഥ പാരായണത്തിനുള്ള സമ്മതം ലഭിക്കുന്നതിലേറെ അനുഭൂതിദായകമായ മറ്റെന്തുണ്ട്?. വെളിയിലേക്ക് വന്നപ്പോൾ ഹിന്ദുസ്ഥാനികളാണെന്നറിഞ്ഞ ചിലർ ഞങ്ങളോടൊപ്പം നിന്ന് ചിത്രമെടുക്കാനും വിശേഷങ്ങൾ ആരായാനും മുന്നോട്ടുവന്നത് കൗതുകം ജനിപ്പിച്ചു. കുടുംബങ്ങളുമായി വന്നവർക്ക് സമയം ചെലവഴിക്കാൻ വിശാലമായ പൂന്തോപ്പുകളാൽ സമ്പന്നമാണ് ഇമാം ബുഖാരി കോംപ്ലെക്‌സ്. സന്ദർശകർക്ക് വിശ്രമിക്കാനും ഒരുങ്ങാനുമുള്ള മുസാഫർ ഖാന സൗകര്യവും അവിടെയുണ്ട്. ഇസ്‌ലാമിലെ യാത്രാ സങ്കൽപ്പത്തിൽ യാത്ര ഉദ്ദേശിച്ചവന് സകാത്തിലൂടെ പണവും താമസിക്കാൻ മുസാഫർഖാനകളും അതിഥിയായി മൂന്ന് ദിവസം വരെ ഒരു വീട്ടിൽ അഭയം തേടാനും സൗജന്യമായുള്ള ഭക്ഷണവും യഥേഷ്ടം വകയിരുത്തപ്പെട്ടതാണ്. യാത്രകൾക്ക് ഇത്രയേറെ പ്രചോദനം നൽകുന്ന പ്രത്യയശാസ്ത്രം വേറെയില്ലെന്നു തന്നെ വേണം മനസ്സിലാക്കാൻ.