Book Review
ഗൃഹാതുര ഓർമകളുടെ ആഖ്യാനം
ടി പത്മനാഭൻ എന്ന എഴുത്തുകാരന്റെ മാസ്മരികതയാണ് “മലയാളത്തിന്റെ സുവർണ കഥകൾ” എന്ന രചയിലൂടെ പ്രകടമാകുന്നത്. പ്രകൃതിയെയും ചുറ്റുപാടിനെയും സ്പർശിക്കുന്ന കഥ. നാട്ടിൻപുറത്തെ വീട്ടിൽ ആശ്വാസത്തിന്റെ പ്രകാശം പൊഴിക്കുന്ന കേന്ദ്രമായി അമ്മയെ അവതരിപ്പിക്കുന്നു. പക്ഷികളും ജീവജാലങ്ങളും വിവിധ വേഷം ധരിച്ച് കടന്നുവരുന്നു. മനുഷ്യൻ മറ്റു ജീവികളോട് സമരസപ്പെടുമ്പോൾ സ്വപ്നങ്ങളെ കൊണ്ടുള്ള പെരുമഴ പെയ്യിക്കാമെന്ന് കഥാകാരൻ തെളിയിക്കുന്നു. കേവലം ഭംഗിവാക്കിന്റെ പുറത്തേറി നീങ്ങുന്നതിന് പകരം ജീവിതത്തിന്റെ സങ്കീർണമായ അവസ്ഥകളെ സൂക്ഷ്മ നിരീക്ഷണത്തിലൂടെ അനാവരണം ചെയ്യുന്ന രീതിയുണ്ട് കഥകൾക്ക്. വലുതും ചെറുതുമായ ഇരുപത്തിനാല് കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ആകാംക്ഷ ജനിപ്പിച്ച് യാഥാർഥ്യങ്ങൾക്ക് കഥാവിഷ്കാരം നൽകിയതാണ് ഇവയെന്ന് തോന്നിപ്പോകും. പലപ്പോഴും ഗൗനിക്കാതെ പോകുന്ന പച്ചയായ വസ്തുതയെ ഊന്നിപ്പറയുന്നതായി അനുഭവപ്പെടുന്നു.
മരിച്ച ചിത്രകാരനെ തേടി നടക്കുന്നതും ജീവിതകാലത്ത് അടുത്തറിയാൻ ശ്രമിക്കാത്തതിന്റെ സങ്കടവും “ആത്മാവിന്റെ മുറിവുകൾ” ഓർമിപ്പിക്കുന്നു. മരണ ശേഷം ചില വിചാരപ്പെടലുകൾ നടത്തി അവസാനിപ്പിക്കുന്നതിൽ മുഴച്ചുനിൽക്കുന്ന പോരാഴ്മയും ഇതിൽ സൂചിപ്പിക്കുന്നുണ്ട്. “ഇരുട്ടിന്റെ നഗരം” ജീവിതയാത്രയിലെ വൈതരണികൾ സുഖമുള്ളതല്ലെങ്കിലും ഉയർത്തിപ്പിടിക്കുന്ന ആശയത്തിന്റെ പ്രകാശം കെടാതെ സൂക്ഷിക്കണം, എല്ലാ തമസ്സിലും ഭീതിദ സാഹചര്യത്തിലും സത്യത്തിന്റെ തുരുത്തിലേക്ക് ജീവിതത്തെ തുഴഞ്ഞുകൊണ്ടിരിക്കണമെന്ന പാഠം നൽകുന്നു. പാരാവാരം പോലെ പരന്നുകിടക്കുന്ന മൂല്യങ്ങളിലേക്കാണ് ” കടൽ” ക്ഷണിക്കുന്നത്.
മൂല്യബോധത്തിന്റെ ബാഹുല്യമാണ് കടലെന്ന വിശാല പരപ്പ് സൂചിപ്പിക്കുന്നത്. മകന്റെ എഴുത്തുകുത്തുകളെ അമ്മ സൂക്ഷിക്കുന്നതും ഭയം രഹസ്യം സൂക്ഷിക്കുന്നവർക്കുള്ളതാണെന്ന കാര്യവും ഇതിലൂടെ പങ്കുവെക്കുന്ന പ്രധാന വിഷയമാണ്. മാതാവിനോളം വരുന്ന കാരുണ്യ കേതാരമില്ലെന്ന സത്യം കഥയിൽ ഇടക്കിടെ തികട്ടിവരുന്നു. പശുവിന്റെ കരച്ചിൽ കേട്ട് വിഷമിക്കുന്ന മനുഷ്യന്റെ ആർദ്രമായ മനസ്സിനെ “കത്തുന്ന ജലചക്ര”ത്തിൽ വ്യക്തമായി കണ്ടെത്താൻ കഴിയുന്നു. സവിശേഷ ഗുണം നൽകപ്പെട്ട മനുഷ്യർ മറ്റു ജീവികളെയും പരിപാലിക്കാൻ കടമപ്പെട്ടവനാണന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.” പണത്തിനു വേണ്ടി ഞാൻ ജോലി ചെയ്തിട്ടില്ല. ചെയ്ത ജോലിക്ക് പണം വാങ്ങിയിട്ടുണ്ട്. പക്ഷേ, അതും പണത്തിനുവേണ്ടി ജോലി ചെയ്യുന്നതും രണ്ടാണ്.” ഇത് തൊഴിലാളി മുതലാളിയെന്നതിലെ പാകപ്പെടലുകൾ വ്യക്തമാക്കുന്നു. പലപ്പോഴും ബലിയാടാകേണ്ടി വരുന്ന തൊഴിലാളി വർഗത്തിന് ദിശാബോധം പകരുന്ന വാക്കുകൾ കൂടിയാണിത്.
ഇടവഴികൾ സുഖമുള്ള പാതകളായപ്പോൾ നഷ്ടപ്പെടുന്ന ഒത്തിരി കാര്യങ്ങളെ വിഷമത്തോടെ കഥാകാരൻ ഓർമിപ്പിക്കുന്നു. മനുഷ്യർ പരസ്പരം കൈമാറേണ്ട കാര്യങ്ങളാണ് “ദേശ് ഒരു ഹിന്ദുസ്ഥാനി രാഗ” ത്തിലെ അധ്യാപനം. അപരനിൽ നിന്ന് ഗുണങ്ങൾ കണ്ടെത്തുകയെന്ന ശീലം വലിയ കൈമുതലാണ്. “മണ്ണും മനുഷ്യനു”മെന്ന കഥാ കവാടത്തിലൂടെ ദൃശ്യമാകുന്ന രംഗം മനതലങ്ങളെ പിടിച്ചുലക്കുന്നതാണ്. പണം കണ്ടെത്തിയ മക്കൾ പിതാവിനെ മറക്കുന്നതിലെ കുറ്റം, ഉപയോഗിക്കുക പിന്നെ വലിച്ചെറിയുകയെന്ന ആധുനിക രീതിയെ മാറ്റിമറിച്ച് വീണ്ടും ഉപയോഗിക്കാൻ ശ്രമിക്കുക, കാരണം പുരാതന വസ്തുവിൽ മുൻകാലക്കാരുടെ സ്മരണകൾ തുടിച്ചു നിൽക്കുന്നു. ഇതുപോലെ അനേകം തനിമയുള്ള മഹിമകൾ വിളിച്ചോതുന്നു. എന്നാൽ, ചുറ്റുവട്ടങ്ങളിൽ നിന്ന് മാറി വിവിധ നാടുകളിലെ ടൗൺഷിപ്പുകളിൽ നടക്കുന്ന പുതുമയാർന്ന പ്രദർശനങ്ങൾ പരിചയപ്പെടുത്തുന്നതാണ് “ഹരിസൺ സായ്പിന്റെ നായ”. നമ്മുടെ മനസ്സിന്റെ പ്രതിഫലനത്തെയാണ് “ശേഖൂടി” കാണിക്കുന്നത്. മിണ്ടാപ്രാണിയായ വീട്ടിലെ നായയുടെ തുറന്നു വെച്ച ചിന്തകളിൽ മനുഷ്യരായ നമുക്കും മാർക്കിടുന്നത് ഉണർത്തുകയാണ്. കോരിച്ചൊരിയുന്ന മഴയുള്ളപ്പോൾ നടത്തുന്ന ബസ് യാത്ര ഗൃഹാതുരതയോടെ അവതരിപ്പിക്കുന്നുണ്ട്; അതും ചേലൊത്ത കൂട്ടുകാരോടൊപ്പമാണെങ്കിലുണ്ടാകുന്ന സുഖവും. മടുപ്പ് മാറ്റാൻ നല്ല സഹവാസവും വശ്യമായ പെരുമാറ്റവും ആവശ്യമാണന്നും ചേർത്തിപ്പറയാൻ കഥാകൃത്ത് മറന്നില്ല.
ചുറ്റുവട്ടങ്ങളിലേക്ക് കണോടിക്കാനും മനസ്സിനെ സ്വന്തത്തിൽ നിന്ന് ഇറക്കി വിശാലമായ ലോകത്തിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകാനും ടി പത്മനാഭന് ഈ രചനയിലൂടെ സാധിക്കുന്നു. അങ്ങനെ നമ്മുടെ ചുറ്റിലുമുള്ള സൗഹൃദ വലയത്തിലേക്ക് നമ്മെയും കണ്ണിചേർക്കുന്നു. അതോടൊപ്പം വശ്യമായ പ്രകൃതിയെ നനുത്ത ഓർമകളായി അവതരിപ്പിക്കാനുള്ള പത്മനാഭന്റെ കൈയൊതുക്കം അതൊന്ന് വേറെത്തന്നെയാണ്. “പാഷൻഫ്രൂട്ടിന്റെ ഇടതൂർന്ന പച്ചപ്പന്തൽ വരാന്തക്കും നടുവിലത്തെ മുറിക്കും നല്ല കുളിര് നൽകി. വൈകുന്നേരങ്ങളിൽ ഞാൻ പന്തലിന്റെ ചുവട്ടിലിരുന്ന് സമയം പോക്കി. അവിടെ എന്റെ ചുറ്റുമായി ഒട്ടേറെ കൂട്ടുകാരുണ്ടായിരുന്നു. പച്ച ക്കിളികൾ, മഞ്ഞക്കിളികൾ, അയോറകൾ, തേൻകിളികൾ, പാവപ്പെട്ട ചാപ്പിലക്കിളികൾ….. പക്ഷേ, ഞാനുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയത് രണ്ട് വണ്ണാത്തിപ്പുള്ളുകളായിരുന്നു ” (പാറപ്പുറത്തെ വീട് ). വായനക്കാരനെ ഉൾപ്പുളകം കൊള്ളിക്കുന്ന, കൊതിയോടെ വീണ്ടും വായിപ്പിക്കുന്ന സുന്ദരവരികളാണിവ. ഓരോ കഥാവതരണവും മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന ഗൃഹാതുരമായ ഓർമകളായി ചേർന്നുനിൽക്കുന്നു. പ്രസാധകർ ഗ്രീൻ ബുക്സ്, വില 240 രൂപ.