Connect with us

Business

പാപ്പർ നിയമം: കേന്ദ്ര സർക്കാറും കോർപറേറ്റുകളും നടത്തുന്ന കടുംവെട്ട്

Published

|

Last Updated

പൊതുജനം ഇതൊക്കെ വായിക്കണം, അറിയണം.

ബേങ്കുകളിൽ നിന്ന് വായ്പയെടുത്ത് മനഃപൂർവം തിരിച്ചടവ് മുടക്കി കിട്ടാക്കടക്കാരാകുന്ന വൻകിട കുത്തക കമ്പനികളുടെ മുതലാളിമാർക്ക് തങ്ങളുടെ ബാധ്യതയിൽ നിന്ന് രക്ഷപെടാനുള്ള പഴുതാണ് പാപ്പർ നിയമം അഥവാ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (IBC). 2016ൽ കേന്ദ്ര സർക്കാർ ഈ നിയമം കൊണ്ടുവന്നപ്പോൾ കൊട്ടിഘോഷിച്ചത്, ഇത് കിട്ടാക്കട പ്രശ്നം പരിഹരിക്കാനുള്ള മഹത്തായ പദ്ധതിയാണ് എന്നാണ്. എന്നാൽ, കാലക്രമേണ ഇത് തട്ടിപ്പുകാർക്ക് രക്ഷപ്പെടാനുള്ള സൗകര്യപ്രദമായ ഉപായമായി മാറി.

കിട്ടാക്കടം വരുത്തുന്ന കമ്പനിയുടെ ബാധ്യതകൾ ഏറ്റെടുത്ത് രക്ഷിക്കുന്ന കമ്പനിക്ക് ലഭിക്കുന്ന ഇളവ് അഥവാ ഈ ഇടപാടിൽ ബേങ്കുകൾക്കുണ്ടാവുന്ന നഷ്ടത്തെ വിളിക്കുന്ന ഓമനപ്പേരാണ് “ഹെയർ കട്ട്”. ഒരു കമ്പനി കടബാധ്യതയിൽ നിന്ന് തലയൂരുന്നു. രണ്ടാമത്തെ കമ്പനി തുച്ഛമായ വിലയ്ക്ക് ആസ്തികൾ സ്വന്തമാക്കുന്നു. കരുതലോടെ ഇടനില നിൽക്കുന്ന സർക്കാറും.

ഇത്ര ഗൗരവമേറിയ സാമ്പത്തിക ഇടപാടിനെ, കേവലം മുടിവെട്ടായി നാമകരണം ചെയ്തത് എന്തിനെന്നറിയില്ല. മുടി വളർന്നാൽ ഇടവേളകളിൽ വീണ്ടും വെട്ടാം എന്നത് പോലെ, സർക്കാരുകളുടെ ചങ്ങാത്തമുതലാളിമാർ നിരന്തരം നടത്തുന്ന ഒരു കൊള്ള എന്നതു മാത്രമാണ് ഇവ തമ്മിലുള്ള പ്രത്യക്ഷസാമ്യം. ബേങ്കുകളെ സംബന്ധിച്ചും പൊതു പണത്തെ സംബന്ധിച്ചും രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചും ശരിക്കുമത് ഒരു തലവെട്ടാണ്. സാമ്പത്തികസ്ഥിതി തകർച്ചയെ നേരിടുന്ന ഇക്കാലത്തും സർക്കാറും കോർപറേറ്റുകളും ചേർന്ന് നടത്തുന്ന തനി കടുംവെട്ടാണ്.

നിയമം ഭേദഗതി ചെയ്തും കണ്ണടച്ച് ഇരുട്ടാക്കിയും സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ സൗകര്യം ചെയ്തു കൊടുത്ത നിരവധി “വെട്ടലു”കൾ ബേങ്ക് ജീവനക്കാരുടെ സംഘടനകൾ ചർച്ചയാക്കിയതാണ്. അവയെയെല്ലാം വെമ്പുന്ന മറ്റൊരു കടുംവെട്ടാണ് ഇപ്പോൾ വാർത്തയാകുന്നത്.

വീഡിയോകോൺ എന്ന വൻ സ്വകാര്യ കുത്തക കമ്പനി സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ ബേങ്കുകളിൽ നിന്നായി കടമെടുത്ത് കിട്ടാക്കടമാക്കിയത് 46,000 കോടി രൂപയാണ്. വെറും 46,000 അല്ല, 46 കോടിയുമല്ല, 46,000 കോടി രൂപ. ഈ കടം മറ്റൊരു കമ്പനിക്ക് ഏറ്റെടുക്കാൻ ഇപ്പോൾ അനുവാദം നല്കിയിരിക്കുന്നത് കേവലം 2,900 കോടി രൂപയ്ക്ക്. ഈ ഒറ്റ ഇടപാടിൽ “ഹെയർ കട്ട്” അഥവാ ബേങ്കുകൾക്ക്, രാജ്യത്തിന്റെ പൊതുസ്വത്തിന് ഉണ്ടാകുന്ന നഷ്ടം 43,100 കോടി രൂപാ. എന്നു വച്ചാൽ 94% വിട്ടുവീഴ്ചയ്ക്ക് സർക്കാർ തയ്യാറായിരിക്കുന്നു.

ഈ ഇടപാടിലെ നഷ്ടമായ 43,100 കോടി രൂപാ എത്ര വലിയ തുകയാണെന്ന് മനസ്സിലാക്കാൻ, രാജ്യത്തെ മുഴുവൻ കൊവിഡ് വാക്സിനേഷൻ പരിപാടിക്കായി സർക്കാർ കഴിഞ്ഞ ബജറ്റിൽ നീക്കി വച്ച 35,000 കോടിയുമായി താരതമ്യം ചെയ്തു നോക്കിയാൽ മതി. ഈ ദുരിത കാലത്ത്, കേന്ദ്ര സർക്കാർ ജീവനക്കാരുടെയും സൈനികരുടെയും പെൻഷൻ കാരുടെയും വിമുക്തഭടൻമാരുടെയും ക്ഷാമബത്ത (DA) ഒന്നര വർഷം മരവിപ്പിച്ച് സർക്കാർ പിടിച്ചെടുത്തത് പോലും 38,000 കോടിയേ വരൂ.

സെഞ്ച്വറി തികച്ച പെട്രോൾ, ഡീസൽ വില, ക്ഷേമ പ്രവർത്തനത്തിനായാണ് എന്ന് സർക്കാർ വിശദീകരിക്കുമ്പോൾ, ഈ “മുടി(ഞ്ഞ) വെട്ട്” കൊള്ള എന്തിനാണ് എന്ന് ജനങ്ങൾ ഉറക്കെ ചോദിക്കണം. ബേങ്കുകൾ ചാർജുകളും ഫീസുകളും വർധിപ്പിക്കുന്നതും ശാഖകൾ പൂട്ടുന്നതും അവയെ ലാഭകരമാക്കാനാണ് എന്ന് പറയുമ്പോഴും ഈ ചോദ്യം ഉയരണം.

സമ്മർദത്തിലാകുന്ന ബേങ്ക് ജീവനക്കാർ, ചെറുകിട കുടിശ്ശികക്കാരോട് കർക്കശ നിലപാടെടുക്കാൻ നിർബന്ധിതരാകുന്നത് എന്തു കൊണ്ടെന്ന് പൊതുജനം അറിയണം. ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ ബേങ്കുകൾക്ക് എന്തേ പണമില്ല എന്ന ചോദ്യം “ക്യൂ”വിൽ നിന്ന് നട്ടം തിരിയുന്ന ഇടപാടുകാർ ഉയർത്തണം. ബേങ്കുകളുടെ നിലനില്പിനായി, അവയെ സ്വകാര്യവത്കരിച്ചേ കഴിയൂ എന്ന വാദം മുന്നോട്ട് വയ്ക്കുന്ന സർക്കാറിന്, ഇന്നല്ലെങ്കിൽ നാളെ ഇത്തരം പകൽകൊള്ളയുടെ യാഥാർഥ്യം തീർച്ചയായും ജനങ്ങളോട് വിശദീകരിക്കേണ്ടി വരും.
---- facebook comment plugin here -----

Latest