Articles
രാമഭക്തരറിയുമോ ഈ ഭൂമി തട്ടിപ്പ്?
1984ലെ രണ്ട് ലോക്സഭാ സീറ്റില്‍ നിന്ന് 2014ലെ 282ലേക്കും പിന്നീട് 2019ലെ 303ലേക്കും ബി ജെ പിയും എന്‍ ഡി എ സഖ്യവും പടര്‍ന്നുപന്തലിച്ചതില്‍ അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചതിനും ആ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാനുള്ള ശ്രമത്തിനും വലിയ പങ്കുണ്ട്. ലാല്‍ കൃഷ്ണ അഡ്വാനിയുടെ നേതൃത്വത്തില്‍ മതേതര ഇന്ത്യയുടെ മാറുപിളര്‍ത്തി നടത്തിയ രഥയാത്രയും കലാപങ്ങളും വിദ്വേഷ പ്രചാരണങ്ങളുടെ വിത്തിടലും വിളവെടുപ്പുമെല്ലാം ഈ “വളര്‍ച്ച”യുടെ നിദാനങ്ങളായിരുന്നു. ചരിത്ര രേഖകളെല്ലാം എതിരായിട്ടും ക്ഷേത്രം പൊളിച്ച് അതിന്റെ മുകളിലാണ് ബാബര്‍ മസ്ജിദ് കെട്ടിപ്പടുത്തതെന്ന പ്രചാരണം “സത്യ”മായിട്ടാണ് നിഷ്‌കളങ്കരായ ഹിന്ദു വിശ്വാസികള്‍ക്ക് പോലും അനുഭവപ്പെട്ടത്. വര്‍ഷങ്ങളായുള്ള പ്രചണ്ഡവാദങ്ങള്‍ക്കൊടുവില്‍ അതൊരു “സത്യ”മായി മാറി. ചരിത്രമറിയാന്‍ ശ്രമിക്കാതെ പുതുതലമുറയിലെ വലിയൊരു വിഭാഗം അതിന്റെ പ്രചാരകരായി. ഒടുവില്‍ ബാബരി മസ്ജിദ് തകര്‍ത്ത് ക്ഷേത്രം നിര്‍മിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്ന് കര്‍സേവകരെന്ന പേരില്‍ ലക്ഷങ്ങളെ അയോധ്യയിലേക്ക് ഇളക്കിവിടാന്‍ എല്‍ കെ അഡ്വാനിക്കും അശോക് സിംഘാളിനും മുരളി മനോഹര്‍ ജോഷിക്കും ഉമാ ഭാരതിക്കുമെല്ലാം സാധിച്ചു. തടയാന്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറിന് പോലും സാധിച്ചില്ല. യു പി സര്‍ക്കാറാകട്ടെ കര്‍സേവകര്‍ക്ക് വേണ്ട ഒത്താശകളെല്ലാം ചെയ്തു. ബാബരിയുടെ താഴികക്കുടങ്ങളൊന്നൊന്നാകെ വീണു. രാമക്ഷേത്രത്തിന് കല്ലിട്ടു. സംഭവം കോടതി കയറി. വര്‍ഷങ്ങള്‍ നീണ്ട നിയമവ്യവഹാരം. ഒടുക്കം, ബാബരി നിലനിന്നിരുന്ന ഭൂമി ആര്‍ക്കാണ് അവകാശപ്പെട്ടത് എന്നതില്‍ ഒത്തുതീര്‍പ്പിലാണ് സുപ്രീം കോടതിയെത്തിയത്. അന്തിമ വിധിയായിട്ടല്ല സുപ്രധാന നീക്കമുണ്ടായത്. ബാബരി നിലനിന്നിരുന്ന സ്ഥലത്തുനിന്ന് 20 കിലോമീറ്ററിലേറെ അകലെ മസ്ജിദ് നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം നല്‍കാനും ബാബരി ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനും കോടതി അനുമതി നല്‍കി. ക്ഷേത്രവും മസ്ജിദും നിര്‍മിക്കാന്‍ പ്രത്യേകം ട്രസ്റ്റുകള്‍ രൂപവത്കരിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലാണ് രാമക്ഷേത്രം നിര്‍മിക്കാന്‍ ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര എന്ന ട്രസ്റ്റ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രൂപവത്കരിച്ചത്. 15 അംഗങ്ങളില്‍ 12 പേരെയും കേന്ദ്ര സര്‍ക്കാറാണ് നാമനിര്‍ദേശം ചെയ്തത്. ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി.
ക്ഷേത്രനിര്‍മാണത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രസ്റ്റിലേക്ക് സഹസ്ര കോടികള്‍ ഒഴുകി. ഈ കോടികളിലൊരു കൈയിട്ട് വാരല്‍ നടന്നിരിക്കുകയാണ് ഇപ്പോള്‍. പ്രത്യക്ഷത്തില്‍ തന്നെ വന്‍ അഴിമതി നടന്നതായി ബോധ്യപ്പെടുന്നതാണ് പുറത്തുവരുന്ന കാര്യങ്ങള്‍.
ക്ഷേത്രത്തിന് സമീപത്തെ ഭൂമി റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ ആദ്യം രണ്ട് കോടി രൂപക്ക് വാങ്ങി. തുടര്‍ന്ന്, ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഈ ഇടപാടുകാരില്‍ നിന്ന് ട്രസ്റ്റ് അതേ ഭൂമി 18.5 കോടി രൂപക്ക് വാങ്ങി. ഇതാണ് അന്തരീക്ഷത്തിലുള്ള അഴിമതി ആരോപണം. ഉത്തര്‍ പ്രദേശിലെ സമാജ് വാദി പാര്‍ട്ടി (എസ് പി)യും ആം ആദ്മി പാര്‍ട്ടി (എ എ പി)യുമാണ് അഴിമതി പുറംലോകത്തെത്തിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഈ ഇടപാട് നടന്നത്. ക്ഷേത്രം നിര്‍മിക്കാന്‍ ട്രസ്റ്റിന് 70 ഏക്കര്‍ ഭൂമി നേരത്തേ അനുവദിച്ചിരുന്നു. പ്രാദേശിക ബി ജെ പി നേതാക്കളുടെയും ചില ട്രസ്റ്റ് അംഗങ്ങളുടെയും അറിവോടെയാണ് തട്ടിപ്പ് ഇടപാട് നടന്നത്. രണ്ട് ഇടപാടുകളുടെയും രജിസ്ട്രേഷന്‍ പ്രക്രിയയില്‍ സാക്ഷികളായത് ഒരേ ആളുകളാണ്. അയോധ്യ മേയറും ട്രസ്റ്റിലെ ഒരംഗവുമായിരുന്നു സാക്ഷികള്‍. മിനുട്ടുകള്‍ക്കകമായിരുന്നു രണ്ട് ഇടപാടുകളും.
നോക്കൂ, രാമന്‍ പിറന്നുവെന്ന് വിശ്വസിക്കപ്പെടുന്ന അയോധ്യയില്‍ രാമന വേണ്ടി ക്ഷേത്രം നിര്‍മിക്കാന്‍ ബി ജെ പി വേണ്ടിവന്നു എന്ന പ്രചാരണമാണ് ഇക്കാലമത്രയും ആ പാര്‍ട്ടി നടത്തിയത്. സകലമാന അധികാര ദുര്‍വിനിയോഗങ്ങളും പേശീബലവും ഉപയോഗിച്ച് അക്കാര്യത്തില്‍ ഒരുവിധം ഒത്തുതീര്‍പ്പ് ഫോര്‍മുലയിലെത്താന്‍ ബി ജെ പിക്ക് സാധിച്ചു.
ഒത്തുതീര്‍പ്പ് വിധി പുറത്തുവിട്ട അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ പിന്നാമ്പുറ കഥകളൊന്നും അധികം പറയേണ്ടതില്ല. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് വിവാദ ഇടപെടലുകളെ സംബന്ധിച്ച് രാജ്യത്തോട് വിളിച്ചുപറഞ്ഞ നാല് ജസ്റ്റിസുമാരിലൊരാളായി വീരപരിവേഷമുണ്ടായിരുന്ന ഗോഗോയ് തന്നെ ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പ് വിധി പുറപ്പെടുവിച്ചതും അതിലേക്ക് നയിച്ച പീഡനാരോപണവും മറ്റുമെല്ലാം ഏവര്‍ക്കും അറിയുന്നതാണ്. ചീഫ് ജസ്റ്റിസ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാന വിധി കൂടിയായിരുന്നു ബാബരി ഭൂമി ഉടമസ്ഥതാവകാശ കേസിലേത്. വൈകാതെ സുപ്രീം കോടതിയുടെ പടിയിറങ്ങിയ അദ്ദേഹം രാജ്യസഭയിലേക്കുള്ള ചവിട്ടുപടികള്‍ കയറി. അഥവാ അരങ്ങിലെ വേഷം ഗംഭീരമാക്കാന്‍ അണിയറയില്‍ ആരാണ് കളിച്ചതെന്ന് അറിയാന്‍ അധികം ബുദ്ധിമുട്ടില്ല.
രാമക്ഷേത്ര ട്രസ്റ്റിലെ ഭൂമി തട്ടിപ്പിനെ സംബന്ധിച്ച് വി എച്ച് പി നേതാവും ട്രസ്റ്റ് സെക്രട്ടറിയുമായ ഛംപാത് റായ് പറഞ്ഞതിലുണ്ട് കള്ളക്കളികളുടെ ആഴം. “ഒരു നൂറ്റാണ്ടിലേറെയായി എല്ലാ തരത്തിലുള്ള ആരോപണങ്ങളും ഉപയോഗിക്കുന്നു. മഹാത്മാ ഗാന്ധി വധത്തില്‍ ചിലര്‍ ഞങ്ങളെ കുറ്റപ്പെടുത്തി. അത്തരം ആരോപണങ്ങളില്‍ ബേജാറില്ല. നിങ്ങള്‍ക്കൊന്നും ചെയ്യാനാകില്ല.” തട്ടിപ്പ് ഒരു കൂട്ടുകച്ചവടമാണെന്ന് മനസ്സിലാക്കാന്‍ ഈ പ്രസ്താവന തന്നെ ധാരാളം. സ്വയം ഒരു ഇരയായി പ്രതിഷ്ഠിക്കപ്പെടുകയെന്നതാണല്ലോ ഉയരുന്ന ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപായം. പ്രതിസന്ധി ഘട്ടങ്ങളില്‍ മോദിയും അമിത് ഷായും യോഗിയും സകലമാന സംഘ്പരിവാര്‍ നേതാക്കളും പുറത്തെടുക്കുന്ന സൂത്രം.
വിശ്വാസികളുടെ വികാരം പരമാവധി ചൂഷണം ചെയ്ത് രാഷ്ട്രീയ ലാഭം നേടുകയെന്ന പതിവ് തന്നെയാണ് രാമക്ഷേത്രത്തിലും ബി ജെ പി പയറ്റിയതെന്ന് തെളിയാന്‍ ഇപ്പോഴത്തെ ഭൂമിതട്ടിപ്പിന്റെ ആവശ്യമൊന്നുമില്ല. അത് കാലങ്ങളായി ഇവിടുത്തെ മതേതര ചേരി പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. അതേസമയം, വര്‍ഗീയ ആന്ധ്യം ബാധിച്ചവര്‍ക്ക് കണ്ണ് തുറക്കാനുള്ള ഒരവസരം കൂടി ഈ തട്ടിപ്പ് തുറക്കുന്നുവെന്ന് മാത്രം. ബി ജെ പിയെയും വി എച്ച് പിയെയും മറ്റ് പരിവാര്‍ സംഘടനകളെയും വിശ്വസിക്കുന്ന പാളയത്തില്‍ തന്നെയുള്ളവര്‍ക്ക് ഒരു പാഠമാകേണ്ടതാണ് ഇത്തരം തട്ടിപ്പുകള്‍. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് തങ്ങളെന്ന് സംഘ്പരിവാറുകാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഇത്തരം തട്ടിപ്പുകളും മലക്കംമറിച്ചിലുകളും കേരളത്തില്‍ വരെ നാം കണ്ടതാണ്. വിശ്വാസികളുടെയും ഭക്തരുടെയും സ്വന്തം ആളുകളാണ് തങ്ങളെന്ന് അവകാശപ്പെട്ട് യാതൊരു ജാള്യവുമില്ലാതെ മുന്‍ നിലപാടുകളില്‍ നിന്നൊക്കെ ഊരുന്നത് എത്രയധികം നാം കണ്ടു. എന്തെല്ലാം നാടകങ്ങള്‍ക്ക് കേരളം പോലും വേദിയായി. ഏറ്റവുമൊടുവില്‍ കൊടകര കള്ളപ്പണക്കേസ് വരെയെത്തി നില്‍ക്കുന്നു കാര്യങ്ങള്‍.
രാമക്ഷേത്രം പോലെ സാധാരണ വിശ്വാസികള്‍ എളുപ്പം വീഴുന്ന വിഷയങ്ങള്‍ കത്തിച്ച് വോട്ടും അധികാരവും നേടുകയെന്നതാണ് ബി ജെ പിയുടെ കര്‍മരീതിയെന്നും വോട്ട് ബേങ്ക് ആയല്ലാതെ ഇത്തരം വിഷയങ്ങളെ ഇവര്‍ കാണുന്നില്ലെന്നും ഇനിയെങ്കിലും ഭൂരിപക്ഷ സമുദായാംഗങ്ങള്‍ മനസ്സിലാക്കണം. ബി ജെ പിക്കും സംഘ്പരിവാരത്തിനും മനസ്സ് കൊടുത്തവരും ആലോചിക്കണം. അതേസമയം, അപരസമുദായ വിദ്വേഷം മാത്രം ലാക്കാക്കി സംഘ്പരിവാരത്തെയും ബി ജെ പിയെയും അനുകൂലിക്കുന്നവര്‍ പോലും കൊവിഡ് കൈകാര്യത്തില്‍ ബി ജെ പി സര്‍ക്കാറുകള്‍ക്ക് സംഭവിച്ച വലിയ പരാജയത്തില്‍ അതൃപ്തരാണ്. പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലെ മധ്യവര്‍ഗങ്ങള്‍. പ്രാണവായുവിനായി കെഞ്ചിപ്പിടയുന്ന, ശവസംസ്‌കാരത്തിനായി ദിവസങ്ങളോളം മൃതദേഹവുമായി കാത്തുനില്‍ക്കേണ്ടി വന്ന ദുരിതാനുഭവം നേരിടേണ്ടി വന്നവരില്‍ ഇവരുമുണ്ടായിരുന്നു. വാചകമടികള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമപ്പുറം പച്ചയായ ജീവിതമുണ്ടെന്ന യാഥാര്‍ഥ്യത്തിലേക്ക് ഇവരും എത്തുന്നു എന്നുവേണം കരുതാന്‍. ആയതിനാല്‍, എത്രകാലം ഇങ്ങനെ കബളിപ്പിച്ചും മോഹന വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയും മുന്നോട്ടുപോകുമെന്ന് കണ്ടറിയണം. സാധാരണക്കാരുടെ ജീവിതം ദുരിതത്തില്‍ നിന്ന് ദുരിതത്തിലേക്ക് പതിക്കുന്ന അവസ്ഥ സംജാതമാകുന്നു. ഒരു പുനരാലോചനക്ക് ഇന്ത്യ ഒരുങ്ങുന്നു. അതിലൊരു വഴിത്തിരിവായി രാമക്ഷേത്ര ട്രസ്റ്റിന്റെ ബി ജെ പി പ്രാദേശിക നേതാക്കളുടെ അറിവോടെയുള്ള ഭൂമിതട്ടിപ്പ് മാറുമോ? കബളിപ്പിക്കപ്പെട്ടവര്‍ സത്യം മനസ്സിലാക്കുമോ?
പി എ കബീര്‍