Articles
വിടപറഞ്ഞത് വിശ്രുത പണ്ഡിത പ്രതിഭ
വിശ്രുത പണ്ഡിതന്‍, ആത്മീയ ആചാര്യന്‍, അക്കാദമിക് വിദഗ്ധന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇന്നലെ വിടപറഞ്ഞ ഡോ. തൈകാ ശുഐബ് ആലിം സാഹിബ്. ജോര്‍ദാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദി റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സെന്റര്‍ പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും സ്വാധീനമുള്ള അഞ്ഞൂറ് മുസ്‌ലിംകളില്‍ ഇടംപിടിച്ച ഇന്ത്യക്കാരിലൊരാളായിരുന്നു അദ്ദേഹം. 1994ല്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. ശങ്കര്‍ദയാല്‍ ശര്‍മയില്‍ നിന്ന് മികച്ച അറബിക് പണ്ഡിതനുള്ള അവാര്‍ഡിന് അര്‍ഹനായ തൈകാ ശുഐബ് 2016ല്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രപാല സിരിസേനയില്‍ നിന്ന് മതസൗഹാര്‍ദ രംഗത്ത് അര്‍പ്പിച്ച സംഭാവനകള്‍ക്കുള്ള അംഗീകാരവും ഏറ്റുവാങ്ങിയിട്ടുണ്ട്.
850 പേജുകളുള്ള അറബിക്, അര്‍വി ആന്‍ഡ് പേര്‍ഷ്യന്‍ ഇന്‍ സറന്ദീബ് ആന്‍ഡ് തമിള്‍നാടു, തൈകാ ശുഐബിന്റെ മാസ്റ്റര്‍പീസ് രചനയാണ്. തമിഴ് മുസ്‌ലിം സര്‍ഗാത്മക വ്യവഹാരങ്ങളെ ഗവേഷണ സ്വഭാവത്തോടെ വിശകലന വിധേയമാക്കുന്ന സമഗ്ര ഗ്രന്ഥമാണത്.
ദേശീയ അന്തര്‍ദേശീയ സര്‍വകലാശാലകളില്‍ റഫറന്‍സായി പരിഗണിക്കപ്പെടുന്ന ഈ ഗ്രന്ഥം തമിഴ് മുസ്‌ലിംകളുടെ കോസ്‌മോപോളിറ്റന്‍ സവിശേഷതകള്‍ പിന്തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടുകാലം നടത്തിയ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും ആകത്തുകയാണ്. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്ക് അംഗങ്ങളായ ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ് പ്രസിഡന്റുമാര്‍ കൂടിച്ചേര്‍ന്നായിരുന്നു ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചത്. പാരമ്പര്യ മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കുകയും പൈതൃക മാഹാത്മ്യത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഇത്തരമൊരു അക്കാദമിക് സ്വഭാവമുള്ള രചന അറബി മലയാളത്തെ കുറിച്ച് ഇനിയും ഉണ്ടായിട്ടില്ല എന്നത് മാത്രം മതി ഡോ. ശുഐബ് ആലിം എന്ന പണ്ഡിതന്റെ നിലപാടുകളുടെ പ്രസക്തി മനസ്സിലാക്കാന്‍.
ശൈഖ് സ്വദഖതുല്ലാഹില്‍ ഖാഹിരി, തൈക്കാ സാഹിബ്, ഇമാമുല്‍ അറൂസ് മാപ്പിള ലബ്ബൈ ആലിം തുടങ്ങിയ പ്രശസ്തരായ ജ്ഞാനിവര്യന്മാരെ സമൂഹത്തിന് സമ്മാനിച്ച പണ്ഡിത തറവാട്ടിലെ അംഗമായി 1930ലാണ് ഡോ. ശുഐബ് ജനിക്കുന്നത്. മദ്‌റസതുല്‍ അറൂസിയ്യ കീളക്കര, ബാഖിയാതു സ്വാലിഹാത് വെല്ലൂര്‍, ജമാലിയ്യ അറബിക്കോളജ് മദ്രാസ്, ദാറുല്‍ ഉലൂം ദയൂബന്ദ്, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, മദീന യൂനിവേഴ്‌സിറ്റി, അല്‍ അസ്ഹര്‍ ഈജിപ്ത് എന്നിവിടങ്ങളിലാണ് അധ്യയനം നടത്തിയത്. അമേരിക്കയിലെ കൊളംബിയ പെസഫിക് യൂനിവേഴ്‌സിറ്റിക്ക് കീഴിലായിരുന്നു ഡോക്ടറേറ്റ് കരഗതമാക്കിയത്. കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങള്‍ സംയോജിപ്പിച്ചതാണ് അറബിക്, അര്‍വി ആന്‍ഡ് പേര്‍ഷ്യന്‍ ഇന്‍ സറന്ദീബ് ആന്‍ഡ് തമിള്‍നാടു എന്ന ഗ്രന്ഥം. കൂടാതെ, ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, തായ് വാന്‍, ചൈന, ജപ്പാന്‍, യു കെ, യു എസ് എ, ബെല്‍ജിയം, ഫ്രാന്‍സ്, ഇറാഖ്, ജോര്‍ദാന്‍, യു എ ഇ എന്നീ രാജ്യങ്ങളില്‍ നടന്ന ഇന്റര്‍നാഷനല്‍ സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കെടുക്കുകയും റിസര്‍ച്ച് പേപ്പറുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ജന്മദേശം തമിഴ്‌നാടായിരുന്നുവെങ്കിലും കര്‍മ മണ്ഡലം കേരളമായിരുന്നു എന്ന് പറയാം. മറ്റിടങ്ങളിലെന്ന പോലെ ഇവിടെയും ആത്മീയമായ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആലിം സാഹിബിന് പങ്കുണ്ട്. ഖാദിരിയ്യാ ത്വരീഖതിന്റെയും ജലാലിയ്യാ റാതീബിന്റെയും പ്രചാരകനായിരുന്നു അവിടുന്ന്. സി എം വലിയ്യുല്ലാഹി, താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി, നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കോട്ടിക്കുളം ഖാദിരി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ തുടങ്ങിയ പണ്ഡിതന്മാരുമായും മഹത്തുക്കളുമായും ആത്മബന്ധം പുലര്‍ത്തിയിരുന്നു. സമസ്തയുടെയും സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെയും പ്രവര്‍ത്തനം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രൂപവത്കൃതമായ കമ്മിറ്റിയില്‍ ഡോ. ശുഐബ് ആലിം സാഹിബും അംഗമായിരുന്നു. കാസര്‍കോട് ജാമിഅ സഅദിയ്യ അടക്കമുള്ള സുന്നി സ്ഥാപനങ്ങളിലെ ആത്മീയ സമ്മേളനങ്ങള്‍ക്ക് പലപ്പോഴും നേതൃത്വം നല്‍കിയിട്ടുണ്ട്.
മതവിജ്ഞാനീയത്തിലും അക്കാദമിക തലങ്ങളിലും ഇത്രയധികം ഉന്നത പദവികള്‍ ആര്‍ജിച്ച അപൂര്‍വം സമകാലിക പണ്ഡിതരില്‍ ഒരാളാണ് ഡോ. തൈക്കാ ശുഐബ് ആലിം സാഹിബ്. വിശിഷ്യാ ആത്മീയ സരണികളുടെ ഔന്നത്യത്തില്‍ വിരാജിക്കുന്നതോടൊപ്പം നൂറ്റാണ്ടുകളായി അവ കടന്നുവന്ന ചരിത്ര പഥങ്ങളെ ലോകത്തിന് പരിചയപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. അനുപമ വഴികളിലൂടെ സഞ്ചരിച്ച് ആധുനിക യുഗത്തില്‍ മുസ്‌ലിം പണ്ഡിതര്‍ക്ക് വഴികാട്ടിയായി മുന്നേ സഞ്ചരിക്കുകയായിരുന്നു 91 വര്‍ഷക്കാലത്തെ തന്റെ ജീവിതത്തിലൂടെ ആലിം സാഹിബെന്ന ആ മഹാമനീഷി.
ഉമൈര്‍ ബുഖാരി ചെറുമുറ്റം