Business
ചെറുകിട വ്യവസായങ്ങളുടെ രജിസ്‌ട്രേഷന് ഇനി പാനും ആധാറും മതി
ന്യൂഡല്‍ഹി | സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ രജിസ്‌ട്രേഷന് ഇനി മുതല്‍ പാന്‍, ആധാര്‍ കാര്‍ഡുകള്‍ മാത്രം മതിയാകും. രജിസ്‌ട്രേഷന്‍ പ്രക്രിയ ലഘൂകരിക്കുന്നതോടെ ഈ മേഖലയില്‍ വലിയ ഉണര്‍വുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രതീക്ഷ. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
രജിസ്‌ട്രേഷന് ശേഷം ഇത്തരം സംരംഭങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുകയും ധനസഹായം നല്‍കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംരംഭകത്വത്തില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് പരിശീലനം ആവശ്യമാണ്. സര്‍ക്കാര്‍ പൂര്‍ണ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബേങ്കുകളും ബേങ്കിതര ധനകാര്യ സ്ഥാപനങ്ങളും ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പകള്‍ നല്‍കും. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക വികസനത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാകും. മാത്രമല്ല, വന്‍തോതില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.