Covid19
കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്‍: പ്രതീക്ഷ നല്‍കി ആദ്യഘട്ട പരീക്ഷണങ്ങള്‍
വാഷിംഗ്ടണ്‍ | കുട്ടികള്‍ക്കുള്ള കൊവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ പ്രതീക്ഷ നല്‍കി ആദ്യഘട്ട പരീക്ഷണങ്ങള്‍. മോഡേണ കമ്പനിയുടെ വാക്‌സിന്‍ കുഞ്ഞന്‍കുരങ്ങുകളില്‍ നടത്തിയ പരീക്ഷണമാണ് അനുകൂല ഫലം നല്‍കിയത്. പ്രോട്ടീന്‍ അടിസ്ഥാനത്തിലുള്ള പ്രതിരോധ പരീക്ഷണം കൊവിഡിന് കാരണമായ സാര്‍സ് കൊവ്-2 വൈറസിനെതിരെ നല്ല ആന്റിബോഡി പ്രതികരണം നല്‍കുന്നതായി തെളിഞ്ഞു.
16 കുഞ്ഞന്‍കുരങ്ങുകളില്‍ 22 ആഴ്ചകളോളം വൈറസിനെതിരായ ആന്റിബോഡി പ്രതികരണമുണ്ടായിരുന്നു. മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന 100 മൈക്രോഗ്രാം ഡോസിന് പകരം 30 മൈക്രോഗ്രാം ഡോസാണ് നല്‍കിയത്. കൊവിഡ് തീവ്രത പരിമിതപ്പെടുത്തുന്നതിന് പ്രധാനപ്പെട്ട ടി സെല്ലുകളുടെ ശക്തമായ പ്രതികരണമാണ് കണ്ടെത്തിയത്.
അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷസ് ഡിസീസ് (എന്‍ ഐ എ ഐ ഡി) വികസിപ്പിച്ച വാക്‌സിനും കുഞ്ഞന്‍ കുരങ്ങുകളില്‍ നല്‍കിയിരുന്നു. ഇതും മികച്ച പ്രതികരണമാണ് നല്‍കിയത്. സയന്‍സ് ഇമ്മ്യൂണോളജി ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.