Articles
നീതിപീഠം ഈ ദ്വീപിന് കാവലാകണം
കുറച്ച് മാസങ്ങളായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ ദ്വീപ് ജനതയുടെ സ്വാസ്ഥ്യം കെടുത്തുന്ന വിധം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഗുണ്ടാ ആക്ട്, ബീഫ് നിരോധനം, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രണ്ടിലേറെ കുട്ടികള്‍ പാടില്ലെന്ന നിയമം, വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്ന കുടിയൊഴിപ്പിക്കലുകള്‍ തുടങ്ങിയ ഡ്രാകോണിയന്‍ ആക്ടുകള്‍ ദ്വീപ് ജനതയെ തരിമ്പും വിശ്വാസത്തിലെടുക്കാത്തതാണെന്ന് വ്യക്തം. വിവാദ നടപടികളില്‍ പ്രതിഷേധിക്കുന്നവരെ ഭരണകൂടം അറസ്റ്റ് ചെയ്ത് വേട്ടയാടുന്നു. ലക്ഷദ്വീപില്‍ ജൂറിസ്ഡിക്ഷനുള്ള കേരള ഹൈക്കോടതിയുടെ ഇടപെടലില്‍ പലരെയും പോലീസ് വിട്ടയക്കുന്നുമുണ്ട്. ദ്വീപ് സമൂഹത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള നീക്കങ്ങള്‍ക്കൊപ്പം കേരളവുമായുള്ള ലക്ഷദ്വീപിന്റെ ആത്മബന്ധത്തെ നെടുകെ പിളര്‍ത്താനുള്ള ശ്രമങ്ങളും അഡ്മിനിസ്‌ട്രേറ്റര്‍ ആരംഭിച്ചിട്ടുണ്ട്. അത്തരമൊരു ഘട്ടത്തില്‍ കൂടിയാണ് ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏകകണ്ഠമായി പ്രമേയം പാസ്സാക്കാന്‍ കേരള നിയമസഭ മുന്നോട്ടുവന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ തിരിച്ചു വിളിക്കാനും വിവാദ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കാനും ആവശ്യപ്പെടുന്നതായിരുന്നു കേരള നിയമസഭ പാസ്സാക്കിയ പ്രമേയം. ഒടുവില്‍ ലക്ഷദ്വീപ് സാമൂഹിക പ്രവര്‍ത്തക ആഇശ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ ദ്വീപ് ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ് കേരള ഹൈക്കോടതി.
കൊളോണിയല്‍ വാഴ്ചയുടെ ബാക്കിപത്രമായ ഗുണ്ടാ ആക്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭാവിയില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗപ്പെടുത്തിയേക്കാമെന്നുമുള്ള ആശങ്കകള്‍ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ നിര്‍മാണ സഭയുടെ ചര്‍ച്ചയില്‍ ഉയര്‍ന്നിരുന്നു. പക്ഷേ അതിന് ജനാധിപത്യപരമായ വിജയം കാണുന്ന പര്യവസാനമുണ്ടായില്ല. പൗരാവകാശ നിഷേധിയായ അത്തരം ഗുണ്ടാ ആക്ടുകളുടെ നീണ്ട പരമ്പരക്കൊടുവില്‍ ലക്ഷദ്വീപും ഇരയായിരിക്കുകയാണ്. പക്ഷേ അപൂര്‍വമായി മാത്രം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു ജനതക്ക് മേലാണ് പിറവിയില്‍ തന്നെ ജനാധിപത്യവിരുദ്ധതയുടെ പാടുകള്‍ അവശേഷിപ്പിക്കുന്ന കിരാത നിയമം അടിച്ചേല്‍പ്പിക്കുന്നതെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. ദ്വീപ് ജനതയുടെ മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെ ഉയരുമെന്നുറപ്പുള്ള ജനാധിപത്യ പ്രക്ഷോഭങ്ങളെ ആദ്യമേ ഭയപ്പെടുത്തുകയാണ്, ലക്ഷദ്വീപ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലൂടെ ഭരണകൂടം.
വിവാദ ഗുണ്ടാ നിയമം ശക്തമായ ചില അധികാരങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കുന്നുണ്ട്. ക്രമസമാധാനം സംരക്ഷിക്കാനെന്ന പേരില്‍ പൗരന്മാരെ ഒരു വര്‍ഷം വരെ കരുതല്‍ തടവില്‍ വെക്കാനുള്ള അധികാരം നിയമം ഭരണകൂടത്തിന് നല്‍കുന്നു. നിയമത്തിലെ ആറാം വകുപ്പ് പ്രകാരം കരുതല്‍ തടവ് ഉത്തരവില്‍ നടപടിക്ക് ആധാരമായി ചൂണ്ടിക്കാണിച്ച ഒന്നോ അതിലധികമോ കാരണങ്ങള്‍ അവ്യക്തവും നിലനില്‍ക്കാത്തതും അപ്രസക്തവും കുറ്റാരോപിതനുമായി ബന്ധമില്ലാത്തതും മറ്റേതെങ്കിലും കാരണത്താല്‍ അസാധുവായതായാല്‍ പോലും കരുതല്‍ തടവ് ഉത്തരവ് അസാധുവായി കണക്കാക്കില്ല എന്നാണ് തീര്‍പ്പ്. സ്വാഭാവിക നീതിയടക്കം ലംഘിക്കുന്ന എത്രമേല്‍ ജനാധിപത്യ വിരുദ്ധമായ നിയമമാണിത്. പ്രഫുല്‍ പട്ടേലെന്ന ഗുജറാത്ത് ബി ജെ പി നേതാവിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് സംഘ് പരിവാറിന്റെ മുസ്‌ലിം വിരുദ്ധ അജന്‍ഡകള്‍ തന്നെയാണെന്നതിന് ഇതിനപ്പുറം തെളിവുകള്‍ വേണ്ടിവരില്ല. ഒപ്പം മണ്ണും വിണ്ണും കടലുമെല്ലാം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്ന കങ്കാണിപ്പണിയും.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് വിശ്വസിക്കാന്‍ കാരണമാകുന്ന തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അഡ്മിനിസ്‌ട്രേറ്ററോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ നിര്‍ദേശിക്കുന്നത് പ്രകാരം പോലീസ് ഓഫീസര്‍ക്ക് ഒരാളുടെ താമസ സ്ഥലത്തോ വാഹനത്തിലോ യാനങ്ങളിലോ എവിടെ വേണമെങ്കിലും റെയ്ഡ് നടത്താനും റെയ്ഡില്‍ പിടിച്ചെടുത്തവ കണ്ടുകെട്ടാനുമുള്ള അധികാരം നല്‍കുന്നുണ്ട് മറ്റൊരു വകുപ്പിലൂടെ വിവാദ നിയമം. ഇതുവഴി ലക്ഷദ്വീപ് ജനതയുടെ സ്വൈര ജീവിതത്തിലേക്ക് എപ്പോഴും ഭരണകൂടം നീരാളിക്കൈയോടെ കടന്നുവരുന്ന സാഹചര്യമുണ്ടാകും. ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരുടെ വീടുകള്‍ക്ക് മുകളില്‍ പോലീസും അന്വേഷണ ഏജന്‍സികളും വട്ടമിട്ടുപറക്കും. അങ്ങനെ രാജ്യത്തെ തന്നെ ഏറ്റവും സമാധാന പ്രിയരായ ജനതയില്‍ ഭീകരവാദത്തിന്റെ തണ്ടപ്പേര് ചാര്‍ത്തി വേട്ടയാടാനുള്ള വാര്‍ത്തകള്‍ക്കുള്ള കളമൊരുക്കമാണ് ദ്വീപില്‍ അരങ്ങേറുന്നത് എന്ന് കരുതാതിരിക്കാന്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഗതകാല ചെയ്തികള്‍ നമ്മെ അനുവദിക്കുന്നില്ല.
ഗോവധ നിരോധനമാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ മറ്റൊരു അജന്‍ഡ. ലക്ഷദ്വീപ് ജനതയുടെ തൊണ്ണൂറ് ശതമാനത്തിലധികം മുസ്‌ലിംകളാണ്. മാത്രമല്ല ദ്വീപ് സമൂഹത്തിലെ തൊണ്ണൂറ്റഞ്ച് ശതമാനവും ഗോത്ര വിഭാഗങ്ങളാണ്. രാജ്യത്തെ മറ്റേത് ഗോത്ര വിഭാഗങ്ങളെപ്പോലെയും തങ്ങളുടെ ഗോത്ര വംശ പരിധിക്കപ്പുറത്ത് നിന്നുള്ള വിവാഹ ബന്ധങ്ങള്‍ പോലും വിരളമായി മാത്രം സ്വീകരിക്കുന്നവര്‍. അവരുടെ ഭക്ഷണക്രമത്തില്‍ ബീഫിന് ഇടമുണ്ട്. കൂടാതെ ഭൂരിഭാഗം ജനങ്ങളും മലയാളം സംസാരിക്കുന്നവരും കേരളത്തോട് വംശപരവും സാംസ്‌കാരികവുമായ അറുത്തു മാറ്റാനാകാത്ത ബന്ധമുള്ളവരുമാണ്. അതിനാല്‍ കേരളീയന്റെ തീന്‍മേശയിലെ ബീഫ് രുചി അതുപോലെത്തന്നെ ദ്വീപ് നിവാസിയുടെ നാവിലുമുണ്ട്. ഈ ബന്ധമൊക്കെയാണ് ബീഫും ലക്ഷദ്വീപും തമ്മിലുള്ളതെങ്കിലും മതപരമായ താത്പര്യമാണവിടെ മുഴച്ചുനില്‍ക്കുന്നത് എന്നാണ് പ്രചാരണം. മതപരവും വാണിജ്യപരവുമായ ആവശ്യങ്ങളുടെ പേരില്‍ ബീഫ് ഉപയോഗിക്കുന്നതില്‍ ഭരണഘടനാപരമായോ നിയമപരമായോ പ്രശ്‌നങ്ങളില്ലെന്നത് രാജ്യത്തെ നീതിപീഠങ്ങള്‍ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
ലക്ഷദ്വീപ് ജനതയെ തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് കുടിയിറക്കാനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുവന്നതാണ് ലക്ഷദ്വീപ് െഡവലപ്‌മെന്റ് അതോറിറ്റി ആക്ട്. സാധാരണക്കാരന്റെ ഉടമസ്ഥതയിലുള്ള ഏത് ഭൂമിയും കൈവശപ്പെടുത്താനോ അതില്‍ രൂപമാറ്റം വരുത്താനോ ഉള്ള അവസരം ഭരണകൂടത്തിന് നല്‍കുന്ന നിയമം ലക്ഷ്യമിടുന്നത് വികസനത്തിന്റെ പേരില്‍ തദ്ദേശീയരെ കുടിയിറക്കാനാണ്. കുടിയിറക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ കൈകാര്യം ചെയ്യുകയാണ് വിവാദ നിയമത്തിലെ 119ാം വകുപ്പ്. അതനുസരിച്ച് വികസന ഘോഷം മുഴക്കിയുള്ള ഭരണകൂടത്തിന്റെ നിയമവിരുദ്ധ നീക്കങ്ങളെ തടസ്സപ്പെടുത്തുന്നത് പതിനായിരം രൂപ പിഴയും രണ്ട് മാസം തടവ് ശിക്ഷയും ലഭിക്കുന്നതിന് കാരണമാകുന്ന കുറ്റമാകും. സ്വാഭാവിക നീതി ഉറപ്പുവരുത്തുന്ന വിധം നിയമപരമായ നടപടി ക്രമങ്ങളിലൂടെ മാത്രമേ പൗരന്റെ സ്വത്തവകാശത്തെ എടുത്തുകളയാന്‍ ഭരണകൂടത്തിന് സാധിക്കുകയുള്ളൂ. എന്നാല്‍ അമിതാധികാര പ്രയോഗത്തിലൂടെ സകല നീതിന്യായ സീമകളും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഇടപെടലുകളിലൂടെ ലംഘിക്കപ്പെടുകയാണ്.
ദ്വീപ് സമൂഹത്തിലെ ജനസാന്ദ്രത ഉയര്‍ന്നതാണ്. ജീവിത വിഭവങ്ങള്‍ ദുര്‍ലഭവും. ഭരണകൂട നടപടികളിലൂടെ തദ്ദേശീയര്‍ സ്വന്തം ഭൂമിയില്‍ നിന്ന് പുറന്തള്ളപ്പെട്ടാല്‍ പുനരധിവാസം സ്വപ്‌നങ്ങളില്‍ മാത്രമാകും. അങ്ങനെ വരുമ്പോള്‍ ലക്ഷദ്വീപ് ജനതയുടെ പുനരധിവാസം ഉത്തരം കിട്ടാത്ത ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്ന ദുരന്തം വരെ സംഭവിച്ചേക്കാം. അതുപോലും പൊള്ളയായ വര്‍ണ വംശീയാന്ധതയില്‍ പുളകം കൊള്ളുന്നവരുടെ അജന്‍ഡയില്‍ ഇല്ലെന്നാര് കണ്ടു. പക്ഷേ ഇതെല്ലാം രാജ്യത്തെ ഭരണഘടനാ കോടതികളില്‍ ചോദ്യം ചെയ്യപ്പെടുന്ന വഴിയില്‍ കാര്യങ്ങള്‍ ദ്വീപ് ജനതക്ക് അനുകൂലമാകുമെന്ന് തന്നെ വിചാരിക്കാം. ഇന്ത്യയില്‍ കഴിയുന്ന ഏതൊരാള്‍ക്കും ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശം ഉറപ്പുവരുത്തുന്ന ഉദാത്ത നടപടികള്‍ മാത്രമാണ് ആര്‍ട്ടിക്കിള്‍ 21ന്റെ ബലത്തില്‍ ഉന്നത നീതിപീഠങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ദ്വീപ് ജനത ഇന്ത്യന്‍ ഭരണഘടനക്ക് വിധേയപ്പെട്ട് ജീവിക്കുന്ന ഈ രാജ്യത്തിന്റെ സ്വന്തം പൗരന്മാരാണ്. അവരര്‍ഹിക്കുന്ന തുല്യനീതിക്കും ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിനും നമ്മുടെ നീതിപീഠം പ്രതിജ്ഞാബദ്ധമായിരിക്കും. അതില്‍ കേരള ഹൈക്കോടതിയുടെ പങ്ക് സവിശേഷമായി അടയാളപ്പെടുത്തപ്പെടുകയും ചെയ്യും. കോടതി മുറിക്ക് പുറത്ത് തെരുവില്‍ ലക്ഷദ്വീപിന്റെ ജനാധിപത്യ നിലനില്‍പ്പിനായി ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ കൈകോര്‍ക്കാനുമുണ്ടാകും.