Connect with us

Kerala

പ്രണയക്കൊല മനോരോഗത്തിന്റെ പട്ടികയില്‍ പെടുത്തേണ്ട; കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുക

Published

|

Last Updated

പ്രണയം നിരസിച്ചതിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ മാനസിക രോഗത്തിന്റെ പട്ടികയില്‍ പെടുത്തേണ്ടതില്ല. പെരിന്തല്‍മണ്ണയില്‍ 21 കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ അതിദാരുണമായ സംഭവത്തിനു പിന്നിലും മാനസിക രോഗമല്ല. ഇത്തരം കൊടും കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന മാതൃകാപരമായ ശിക്ഷ നല്‍കുകയാണ് വേണ്ടത്. മനോരോഗമാണെന്നുള്ള വിലയിരുത്തലുകള്‍ ഇത്തരം കുറ്റവാളികളെ നിയമത്തിനു മുന്നില്‍ നിന്നു രക്ഷിച്ചെടുക്കാനുള്ള തന്ത്രങ്ങളായി മാറാനാണ് സാധ്യത.

യഥാര്‍ഥത്തില്‍ ഇത് പുതിയ തലമുറയില്‍ വളര്‍ന്നുവന്ന ഉപഭോഗ തൃഷ്ണയുടെ ഭാഗമാണ്. എല്ലാം നമ്മുടെ ആഹ്ലാദത്തിനായി ഉപയോഗിക്കാനുള്ളതാണെന്നും ഉപഭോഗം കഴിഞ്ഞാല്‍ വലിച്ചെറിയാമെന്നുമുള്ള ബോധം വളര്‍ന്നു കഴിഞ്ഞു. സൗഹാര്‍ദങ്ങളും മനുഷ്യ ബന്ധങ്ങളുമെല്ലാം ഇത്തരത്തില്‍ ഉപഭോഗ വസ്തുവാണെന്നു കരുതുന്ന ഒരാള്‍ക്ക് മറ്റുള്ളവരുടെ താത്പര്യങ്ങളോ അഭിപ്രായങ്ങളോ തിരിച്ചറിയാനുള്ള ശേഷിയില്ല. പ്രണയാഭ്യര്‍ഥന നടത്തുമ്പോള്‍ പെണ്‍കുട്ടി ഒരു വ്യക്തിയാണെന്ന് അംഗീകരിക്കാനുള്ള മാനസിക നില പോലുമില്ലാത്ത ഇവര്‍ ആഗ്രഹിച്ചതു നേടാതിരിക്കുമ്പോള്‍ പ്രതികാര ദാഹികളാവുന്നത് സ്വാഭാവികമാണ്.

ഒന്നിനോടും സഹിഷ്ണുതയില്ലാതെ വളരുന്ന ഇത്തരക്കാര്‍ പലപ്പോഴും മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ അടിമകളായിരിക്കും. ലഹരിയായിരിക്കും ഇവരെ നയിക്കുന്നത്. ഇത്തരത്തില്‍ പെരുമാറുന്നവരെ വാഴ്ത്തുന്ന സുഹൃദ് സംഘങ്ങളാണ് മറ്റൊരു പ്രത്യേകത. കൂട്ടുകാരുടെ മുന്നില്‍ ധൈര്യം കാണിക്കാനോ അല്ലെങ്കില്‍ അവരുടെ മുന്നില്‍ നാണം കെടാനുള്ള വൈമനസ്യമോ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു കാരണമാവുന്നു. വരും വരായ്കകളെ കുറിച്ച് ചിന്തിക്കാതെയാണ് ഇത്തരക്കാര്‍ എന്തും ചെയ്യുന്നത്. രണ്ടു പേര്‍ പരസ്പരം വ്യക്തിത്വത്തെ തിരിച്ചറിയാനുള്ള സമയം പോലും എടുക്കാതെയാണ് മിക്ക പ്രണയ ബന്ധങ്ങളും തുടങ്ങുന്നത്. ശാരീരികമായ ആകര്‍ഷണത്തിനപ്പുറം അനുരാഗത്തിന്റെ ഒരു തലവും ഇതില്‍ ഇല്ല. അതിനാല്‍ തന്നെ പ്രണയം തുടങ്ങുന്ന ലാഘവത്തോടെ അതു നിരസിക്കാനും കഴിയുന്നു. എന്നാല്‍ പഴയ കാലത്തേതുപോലെ പ്രണയം നിരസിക്കപ്പെടുമ്പോള്‍ കേവലമായ നൈരാശ്യത്തിനപ്പുറം വലിയ പ്രതികാര ദാഹമായി അതു മാറുന്നു.

നേരത്തെ പാശ്ചാത്യ സിനിമകളിലാണ് ഇത്തരം പ്രതികാരങ്ങള്‍ ധാരാളമായി കണ്ടിരുന്നത്. അനുദിനം പാശ്ചാത്യ വത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹമായി മലയാളി മാറുമ്പോള്‍ ഇത്തരം കുറ്റകൃത്യങ്ങളും സ്വാഭാവികമായിത്തീരുന്നു എന്നതാണ് യാഥാര്‍ഥ്യം. നിലവറയില്‍ കാമുകിയെ ഒളിപ്പിക്കുന്നതു മുതല്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുന്നതു വരെയുള്ള വൈകല്യങ്ങള്‍ക്കു പിന്നില്‍ ഇത്തരം കുറ്റകൃത്യമാണ് പ്രവര്‍ത്തിക്കുന്നതെന്നു കാണാന്‍ കഴിയും. ആദര്‍ശ പ്രണയം എന്നതു നഷ്ടപ്പെടുകയും പകരം പ്രണയം ഉത്പന്നമായിത്തീരുകയും ചെയ്തിരിക്കുന്നു. ആര്‍ക്കും എന്തും വിപണിയില്‍ നിന്നു വാങ്ങാമെന്നതു പോലെ പ്രണയവും വാങ്ങാമെന്ന അവസ്ഥയാണുള്ളത്.

വിഷാദ രോഗം പോലുള്ള അവസ്ഥ പിടികൂടിയവരും മയക്കുമരുന്നിന് അടിമകളായവരുമെല്ലാം ഇത്തരത്തില്‍ ഒരു ഉത്പന്നം വില കൊടുത്തു വാങ്ങുന്നതുപോലെ പ്രണയവും വാങ്ങുന്നു. തീര്‍ച്ചയായും അതു നഷ്ടപ്പെടുമ്പോള്‍ അവര്‍ കുറ്റവാളികളായിത്തീരുമെന്നതില്‍ സംശയമില്ല.
കുടുംബത്തിനകത്ത് സ്നേഹവും കരുണയും ക്ഷമാശീലവും ഒന്നും പരിശീലിക്കാതെ വളരുന്നവരാണ് ഇത്തരത്തില്‍ കുറ്റകൃത്യങ്ങളിലേക്ക് തിരിയുന്നവര്‍ ഏറെയും. സമൂഹം ഇത്തരം കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശക്തമായി നേരിടാന്‍ തയാറാവുകയാണ് വേണ്ടത്.

– തയാറാക്കിയത്: എം ബിജുശങ്കര്‍

Latest