Articles
ഡിജിറ്റല്‍ വായനയുടെ ലോകങ്ങള്‍
ന്യൂയോര്‍ക് ടൈംസില്‍ എല്ലാ ആഴ്ചകളിലും ഒരു കോളം പ്രസിദ്ധീകരിക്കാറുണ്ട്, ബൈ ദി ബുക് എന്ന പേരില്‍. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന പ്രധാന എഴുത്തുകാരുമായുള്ള ലഘുസംഭാഷണങ്ങളാണ് ഓരോ ലക്കങ്ങളിലും ഉണ്ടാകാറുള്ളത്. അവരുടെ വായനാ രീതികളെയും എഴുത്തുവഴികളെയും കുറിച്ചൊക്കെയുള്ള ചോദ്യങ്ങള്‍. പുതിയ പല എഴുത്തുകാരും വായന വലിയൊരു അളവോളം ഓണ്‍ലൈനിലേക്ക് മാറ്റിയെന്ന് കാണാം. അതിനായി വിവിധ ആപ്പുകളും ഉപകരണങ്ങളും കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഉണ്ടാകുകയും ജനകീയമാകുകയും ചെയ്തിട്ടുണ്ടല്ലോ. അതോടൊപ്പം ഓഡിയോ പുസ്തകങ്ങള്‍ കേള്‍ക്കുന്നവരും ഇന്നേറെയാണ്. ഇംഗ്ലീഷില്‍ പുതുതായി വരുന്ന പുസ്തകങ്ങളുടെയെല്ലാം ഓഡിയോ വേര്‍ഷനും ലഭ്യമാണ്.
ഡിജിറ്റല്‍ വായന തുറന്നിട്ടിരിക്കുന്നത് വലിയ അവസരങ്ങളാണ്. നേരത്തേ പത്ത് ദിവസത്തെ ഒരു യാത്രപോകുകയാണ് എങ്കില്‍ വായിക്കാനായി പുസ്തകങ്ങളെല്ലാം കൂടെ കരുതേണ്ട അവസ്ഥയായിരുന്നു. കൂടുതല്‍ പുസ്തകങ്ങള്‍ വഹിച്ചുള്ള യാത്രകള്‍ ആയാസകരമാകുമല്ലോ. എന്നാല്‍ ഇന്ന് കൈയിലുള്ള മൊബൈല്‍ തന്നെ അനേകം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. കിന്‍ഡില്‍ പോലുള്ള റീഡിംഗ് ഉപകരണമാണെങ്കില്‍ വായനക്ക് വേണ്ടി മാത്രം സജ്ജീകരിച്ചതാണ്. ടാബുകളോ ലാപ്‌ടോപ്പോ ആണെങ്കില്‍ വളരെ സുഗമമായി വായിക്കാന്‍ കഴിയും.
ഐപാഡും ആമസോണ്‍ കിന്‍ഡിലുമാണ് ഡിജിറ്റല്‍ പുസ്തക വായനക്കായി ലോകത്തേറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത്. കിന്‍ഡിലിന്റെ സവിശേഷത, ഒരു പേപ്പര്‍ വായിക്കുന്ന പോലെ വായിക്കാനാകുന്ന പ്രതലമാണ്. പകലാണ് എങ്കില്‍, സൂര്യപ്രകാശം മാത്രം മതി. അക്ഷരങ്ങള്‍ ഇഷ്ടമുള്ള പോലെ വലിപ്പം കൂട്ടാം, കുറക്കാം. ഇംഗ്ലീഷ് നിഘണ്ടു അതില്‍ സജ്ജമാണ്. ഇംഗ്ലീഷാണ് വായിക്കുന്നതെങ്കില്‍ അറിയാത്ത പദം വന്നാല്‍ അതിലൊന്ന് അമര്‍ത്തിയാല്‍ അര്‍ഥവും വിശദീകരണങ്ങളും വരും. നോക്കുന്ന ഓരോ പദവും സേവ് ചെയ്യപ്പെട്ടു കിടക്കും. പിന്നെ, സമയം പോലെ അവയിലൂടെ കണ്ണോടിച്ചാല്‍ മറക്കാനാകാത്ത വിധം പദങ്ങള്‍ ഹൃദയത്തില്‍ സേവ് ചെയ്യപ്പെടും. രാത്രി വായനകളിലും ലഘുവായ പ്രകാശമാണ് കിന്‍ഡിലില്‍. സാമാന്യം നന്നായി ചാര്‍ജ് നില്‍ക്കും എന്നതിനാല്‍ യാത്രകളില്‍ വളരെ പ്രയോജനകരമാണ്.
ആപ്പിളിന്റെ പുസ്തക വായനക്കുള്ള സംവിധാനമാണ് “ബുക്‌സ്”. ആപ്പിള്‍ ലാപ്‌ടോപ്പുകളിലും ടാബുകളിലും മൊബൈലുകളിലും എല്ലാം അവ ഉണ്ടാകും. ഏറ്റവും പ്രിയപ്പെട്ടതായി തോന്നിയ ആപ്പാണ് ഇത്. Epub ഫോര്‍മാറ്റില്‍ വരുന്ന ഫയലുകളാണ് ഇവയില്‍ തുറക്കുക. എത്ര പുസ്തകങ്ങള്‍ വേണമെങ്കിലും സ്റ്റോര്‍ ചെയ്തുവെക്കാം. ടെസ്റ്റ് നമുക്കിഷ്ടമുള്ള ഇംഗ്ലീഷ് ഉച്ചാരണത്തില്‍ കേള്‍ക്കാനും സൗകര്യമുണ്ട്. പുസ്തകങ്ങള്‍ ഏത് പേജിലാണോ വായന നിറുത്തിയത്, സിസ്റ്റം ഓഫാക്കിയ ശേഷം തുറന്നാലും, അവസാനിപ്പിച്ച സ്ഥലത്തുനിന്ന് തന്നെയാണ് പേജുകള്‍ തുടങ്ങുക. പശ്ചാത്തല കളര്‍ മാറ്റാനും എട്ട് തരം ഫോണ്ടുകളിലേക്ക് ടെക്സ്റ്റുകള്‍ മാറ്റാനും വലിപ്പം കൂട്ടാനും കുറക്കാനും എല്ലാം സംവിധാനങ്ങളുണ്ട്. ആപ്പിളിന്റെ മാക് ബുക് എയര്‍ ലാപ്‌ടോപ്പ് ഈ വായനക്ക് ഏറ്റവും സുഖമുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്.
ലോകത്തെ എല്ലാ പത്രങ്ങള്‍ക്കും മികച്ച വെബ്സൈറ്റുകളുണ്ട്, ആപ്പുകളുണ്ട്. ന്യൂയോര്‍ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ലോസ് ആഞ്ചലസ് ടൈംസ് എന്നിവയെല്ലാം സബ്‌സ്‌ക്രൈബ് ചെയ്യാനാകും വിധമാണ് ആപ്പും വെബ്സൈറ്റും ക്രമീകരിച്ചിരിക്കുന്നത്. ദി ഗാര്‍ഡിയന്‍ വായനക്കാരോട് സംഭാവന അഭ്യര്‍ഥിക്കാറുണ്ട്. പുതിയ കാലത്ത് ഓണ്‍ലൈനില്‍ നിന്നുള്ള വരുമാനമാണ് തങ്ങളുടെ ഭാവിയെ സുരക്ഷിതമാക്കുക എന്ന് ലോകത്തെ എല്ലാ പ്രധാന മാധ്യമങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.
ന്യൂയോര്‍ക്കര്‍ മാഗസിന്‍, ന്യൂയോര്‍ക് ടൈംസ് എന്നിവ അതിന്റെ ഇന്നുവരെയുള്ള മുഴുവന്‍ ലക്കങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. വായന തേടുന്നവര്‍ക്ക് വലിയ വിഭവമാണ് അത്. ഇംഗ്ലീഷ് വായനയുടെ തനത് സ്വഭാവം കൈവരിക്കാന്‍ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ നിരന്തരം വായിക്കുന്നത് ഗുണം ചെയ്യും.
അറബി കിതാബുകള്‍, ക്ലാസിക്കലും ആധുനികവുമായവ ഏറെയും ഓണ്‍ലൈനില്‍ ലഭ്യമാണ്. അനേകായിരം കിതാബുകള്‍ ഉള്‍ക്കൊള്ളുന്ന മക്തബതുശ്ശാമില, പണ്ഡിതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരമാണ്. വിവിധ മേഖലകളില്‍, ആവശ്യമുള്ള വിഷയം ടൈപ്പ് ചെയ്തു നല്‍കി പരതിയാല്‍ അതുമായി ബന്ധപ്പെട്ട പല ഗ്രന്ഥങ്ങളിലെ വിവരണങ്ങള്‍ തെളിഞ്ഞുവരും.
ഓഡിയോ ബുക്‌സിന്റെയും കാലമാണ് ഇത്. അന്താരാഷ്ട്ര രംഗത്തിറങ്ങുന്ന പുതിയ മിക്ക പുസ്തകങ്ങളുടെയും ഓഡിയോ രൂപം കൂടി ലഭ്യമാണ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ജീവചരിത്രം, ഒബാമയുടെയും മിഷേലിന്റെയും ഈയിടെവന്ന പുസ്തകങ്ങള്‍എന്നിവക്കൊക്കെയും ഓഡിയോ വേര്‍ഷന്‍ ലഭ്യമാണ്. എഴുത്തുകാരുടെ തന്നെ ശബ്ദത്തിലുള്ളവയാണ് മിക്കവയും.
അഞ്ച് വര്‍ഷമായി ന്യൂയോര്‍ക്കറില്‍ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന കഥകള്‍ക്കൊപ്പം, എഴുത്തുകാരന്റെ ശബ്ദത്തിലുള്ള ഓഡിയോ വേര്‍ഷന്‍ ഉണ്ടാകാറുണ്ട്. ഒരു പുസ്തകം/കഥ എഴുത്തുകാരന്റെ തന്നെ ശബ്ദത്തില്‍ കേള്‍ക്കാന്‍ സവിശേഷ രസമാണ്. ഓരോ വാക്കും പ്രതിഫലിപ്പിക്കുന്ന അര്‍ഥത്തെയും സന്ദര്‍ഭത്തെയും കൃത്യമായി എഴുത്തുകാരന്‍ ഉദ്ദേശിച്ചത്ര ആര്‍ക്കും അറിയില്ലല്ലോ. ശബ്ദത്തില്‍ നിന്ന് നമുക്കത് തിരിച്ചറിയാം. ന്യൂയോർക് ടൈംസ് മാഗസിന്റെയും ദി അറ്റ്‌ലാന്റിക്കിന്റെയും ഓണ്‍ലൈന്‍ വേര്‍ഷനുകളില്‍, ദീര്‍ഘ പ്രബന്ധങ്ങള്‍ക്കൊപ്പം മിക്കതിലും ഓഡിയോ വേര്‍ഷന്‍ കൂടി ലഭ്യമാണ്. യു എ ഇയില്‍ നിന്നിറങ്ങുന്ന ചില അറബ് പത്രങ്ങളിലും എല്ലാ സ്റ്റോറികളും ശബ്ദം കൂടി കേള്‍ക്കാന്‍ സൗകര്യപ്പെടുത്തിയത് കണ്ടിട്ടുണ്ട്.
www.audiobooks.com, www.audible.in തുടങ്ങിയ വെബ്‌സൈറ്റുകള്‍ ഓഡിയോ പുസ്തകങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളവയാണ്. അതിനാല്‍ നിന്നും ഇരുന്നും നടന്നും ഓടിയും ജിംനേഷ്യത്തില്‍ പോയും എല്ലാം അക്ഷരങ്ങളെ വിടാതെ ചേര്‍ത്തുപിടിക്കാനുള്ള സൗകര്യങ്ങളുണ്ട് ഇപ്പോള്‍. നമ്മള്‍ അവയെ ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യേണ്ടത്.
മലയാളത്തില്‍ ഇത്തരം മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും, ഗതിവേഗം കുറവാണ്. കിന്‍ഡിലിലേക്കു വായിക്കാനാകും വിധം ആമസോണില്‍ മലയാള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന നിരവധി പേരുണ്ട്. വരുമാന മാര്‍ഗം കൂടിയാണത്. വോയ്‌സ് ടൈപ്പിംഗ് വഴി ഇംഗ്ലീഷില്‍ പുസ്തകം എഴുതുന്നവരുണ്ട്. വോയ്സ് ടൈപ്പിംഗ് തെറ്റില്ലാതെ മലയാളത്തില്‍ ചെയ്യാവുന്ന തരത്തിലേക്ക് മാറിയിട്ടില്ല. വായനയുടെ ദിശ തന്നെ ഡിജിറ്റലിലേക്ക് വേഗത്തില്‍ പോകുന്ന ഈ കാലത്ത്, മലയാളത്തിലും നല്ല മാറ്റങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം.
ഇപ്പോഴും പേപ്പര്‍ പുസ്തകങ്ങളില്‍ തന്നെ സംതൃപ്തി കണ്ടെത്തുന്നവരാണ് അധിക പേരും എന്നത് വാസ്തവമാണ്. പുസ്തകം വായിക്കുന്നതിന്റെ ചൂരും സ്വാദും ഡിജിറ്റലില്‍ കിട്ടില്ല എന്ന് പറയുന്നത് നേരാണ്. പുസ്തകങ്ങളെ വായന എന്നതിനപ്പുറം, ഒരു സുഹൃത്തിനെ പോലെ കൊണ്ടുനടക്കുന്നവര്‍ ഉണ്ടാകാം. ഇപ്പോഴും പല പുസ്തകങ്ങളും വാങ്ങാന്‍ കാരണം നോട്ട് ചെയ്യാനും അടയാളം വെക്കാനുമൊക്കെ അവയില്‍ സുഖം കൂടുതലാണ് എന്ന് അടുത്തിടെ എഴുത്തുകാരന്‍ മനോജ് കുറൂര്‍ പറഞ്ഞിരുന്നു.
നമ്മുടെ നാടുകളിലെ ലൈബ്രറികളില്‍ ആളുകള്‍ വരവ് കുറവാണ് ഇപ്പോള്‍. ഡിജിറ്റല്‍ വായനയിലേക്ക് മാറിയത് കൊണ്ടാണ് എന്ന നിഗമനം പൂര്‍ണമായും ശരിയാകണം എന്നില്ല. വായനയോടുള്ള പുതിയ തലമുറയുടെ സമീപനം മാറിയിരിക്കുന്നു. ഗൗരവ വായനയില്‍, പരന്ന വായനയില്‍ ഇഷ്ടം കണ്ടെത്തുന്നവര്‍ കുറവാണ്. പഠിക്കുന്ന വിഷയത്തിലുള്ള സാങ്കേതിക വായനകള്‍ മാത്രം മതി എന്ന് കരുതുന്നവരും ഏറെ. ഇത് നമ്മുടെ അനുഭവങ്ങള്‍ കുറക്കും. അറിവ് പരിമിതമാക്കും. കേരളത്തിന്റെ സാംസ്‌കാരികമായ വളര്‍ച്ചക്ക് വായനശാലകള്‍ വഹിച്ച പങ്ക് ചെറുതല്ല. സാമൂഹിക മാധ്യമങ്ങളിലെ വായനകള്‍ ഒന്നും ഒരു പുസ്തകം പകരുന്ന അറിവോ അനുഭവമോ നല്‍കില്ല. നൈമിഷികമായ എഴുത്തുകളാണ് സാമൂഹിക മാധ്യമങ്ങളിലേത്. അതിനാല്‍ ഡിജിറ്റല്‍ വായനക്കുള്ള അവസരങ്ങള്‍ ധാരാളം തുറന്നതോടെ നമ്മുടെ വായനാ ലോകം ആപേക്ഷികമായി വളരുകയാണ് വേണ്ടത്. വായന ഒരു വികാരമായി നമ്മില്‍ പടരട്ടെ.