Connect with us

Kerala

യുഡിഎഫ് കണ്‍വീനറെ മാറ്റുമെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി; പാര്‍ട്ടിയില്‍ ചര്‍ച്ചയില്ല: എം എം ഹസ്സന്‍

Published

|

Last Updated

കോഴിക്കോട് | യു ഡി എഫ് കണ്‍വീനറെ മാറ്റുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ്സില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് കണ്‍വീനര്‍ എം എം ഹസ്സന്‍. കെ പി സി സി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും മാറ്റിയതുപോലെ മുന്നണി കണ്‍വീനറേയും മാറ്റും എന്ന ചര്‍ച്ച നടത്തുന്നത് മാധ്യമങ്ങളാണ്. കോണ്‍ഗ്രസ് അങ്ങിനെയൊരു ചര്‍ച്ചയും നടത്തുന്നില്ല. ഹൈക്കമാന്റ് പ്രതിനിധികളാരും ഇത്തരമൊരു ആവശ്യവുമായി തന്നെ സമീപിച്ചിട്ടുമില്ലെന്നും അദ്ദേഹം സിറാജ് ലൈവിനോട് പറഞ്ഞു.

പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും മാറ്റിയത് അപ്രതീക്ഷിതമായിരുന്നില്ല. ഹൈക്കമാന്റ് പ്രതിനിധികള്‍ കേരളത്തില്‍ വന്ന് ഇതുസംബന്ധിച്ച് വിശദമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചായിരുന്നു നിയമനങ്ങള്‍ നടന്നത്. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ കണ്‍വീനറെ മാറ്റുന്നതു സംബന്ധിച്ച് ഒരു ചര്‍ച്ചയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കെ പി സി സിക്ക് പുതിയ പ്രസിഡന്റും പുതിയ പ്രതിപക്ഷ നേതാവും വന്ന സാഹചര്യത്തില്‍ മുന്നണിക്കും ഊര്‍ജസ്വലനായ കണ്‍വീനര്‍ വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ തന്നെ ചില കേന്ദ്രങ്ങല്‍ ശക്തമാക്കിയിട്ടുണ്ട്. ഒരു പദവയിലേക്കും തന്നെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍ രംഗത്തുവന്നതോടെയാണ് ഇതു സംബന്ധിച്ച പ്രചാരണം ശക്തമായത്. വര്‍ക്കിങ്ങ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയ പ്രഫ. കെ വി തോമസ്സ് മുന്നണി കണ്‍വീനര്‍ സ്ഥാനത്തിനുവേണ്ടി ഡല്‍ഹിയില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.

കെ സുധാകരനെ പോലെ അണികളെ ആവേശംകൊള്ളിക്കാനും സി പി എമ്മിനെ നേരിടാനും ശക്തമായ നേതാവ് എന്ന നിലയില്‍ ഒരു വിഭാഗം കെ മുരളീധരന്റെ പേര് ഉയര്‍ത്തുന്നത്. കണ്‍വീനര്‍ സ്ഥാനത്തു തുടരാന്‍ എം എം ഹസ്സന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും രാഹുല്‍ ഗാന്ധി ഇടപെട്ടു പാര്‍ട്ടിയില്‍ നടപ്പാക്കുന്ന നേതൃമാറ്റം അദ്ദേഹത്തേയും ആശങ്കപ്പെടുത്തുന്നുണ്ട്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരും കണ്‍വീനര്‍ സ്ഥാനത്തേക്കു ചിലര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും കെ വി തോമസിനെ ഒതുക്കുന്നതിന് എന്തു വഴി എന്നതാണ് ഹൈക്കമാന്റിനു മുമ്പിലുള്ള വെല്ലുവിളി. നേരത്തെ പലവട്ടം പാര്‍ട്ടിയോട് ഉടക്കി മറുകണ്ടം ചാടാന്‍ ശ്രമം നടത്തിയ കെ വി തോമസ് സാമുദായിക സമവാക്യത്തിന്റെ കാര്‍ഡ് ഉപയോഗിച്ചാണ് സമ്മര്‍ദ്ദം ശക്തമാക്കുന്നത്.