National
രാമക്ഷേത്ര ട്രസ്റ്റ് അംഗത്തിനെതിരെ ഭൂമി കൈയേറ്റം ആരോപിച്ച മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്ത് യു പി പോലീസ്
ലക്‌നോ | അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റ് അംഗത്തിനെതിരെ പരാതിപ്പെട്ട മാധ്യമപ്രവര്‍ത്തകനെതിരെ ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുത്തു. ട്രസ്റ്റ് അംഗവും വി എച്ച് പി നേതാവുമായ ചംപാത് റായിക്കെതിരെ ഭൂമി കൈയേറ്റ ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനായ വിനീത് നരെയ്ന്‍, അല്‍കാ ലഹോതി, രജ്‌നീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. റായിയുടെ സഹോദരന്റെ പരാതി പ്രകാരം ബിജ്‌നൂര്‍ പോലീസാണ് കേസെടുത്തത്.
ഐ പി സി 15ാം വകുപ്പ്, ഐ ടി നിയമത്തിന്റെ വിവിധ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസെടുത്തത്. ചംപാത് റായിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ ഗൂഢാലോചന നടത്തുകയും രാജ്യത്തെ ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. റായിയുടെ സഹോദരന്‍ സഞ്ജയ് ബന്‍സാല്‍ ആണ് കേസെടുത്തത്.
ബിജ്‌നൂര്‍ ജില്ലയിലെ തന്റെ സഹോദരന്മാരുടെ ഭൂമി കൈയേറ്റത്തിന് ചംപാത് റായ് എല്ലാ ഒത്താശകളും ചെയ്യുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മാധ്യമപ്രവര്‍ത്തകന്‍ നരെയ്ന്‍ ആരോപിച്ചത്. പ്രവാസിയായ അല്‍കാ ലഹോതിയുടെ ഉടമസ്ഥതയിലുള്ള 20,000 ചതുരശ്ര മീറ്റര്‍ ഭൂമി ചംപാതിന്റെ സഹോദരന്മാര്‍ തട്ടിയെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ട്രസ്റ്റിനെതിരെ ഉയര്‍ന്ന ഭൂമി തട്ടിപ്പ് ആരോപണങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട് ചംപാത് റായ്.