Connect with us

Ongoing News

യൂറോ കപ്പില്‍ ഇറ്റലിക്ക് ഹാട്രിക് ജയം; തുര്‍ക്കിക്ക് ഹാട്രിക് തോല്‍വി

Published

|

Last Updated

ബാകു/ റോമ | യൂറോ കപ്പില്‍ ഹാട്രിക് ജയം നേടി ഇറ്റലി അപരാജിത മുന്നേറ്റം നടത്തുമ്പോള്‍ കളിച്ച മൂന്ന് മത്സരത്തിലും തോറ്റ് തുര്‍ക്കി. ഏകപക്ഷീയമായ ഒരു ഗോളിന് വെയ്ല്‍സിനെയാണ് ഇറ്റലി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വിറ്റ്‌സര്‍ലാന്‍ഡ് തുര്‍ക്കിയെ തകര്‍ത്തു.

ഒരു ഗോള്‍ പോലും വഴങ്ങാതെ ആയിരം മിനുട്ട് തികച്ചുവെന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് അന്താരാഷ്ട്ര മത്സരത്തില്‍ ഇറ്റലി. 39ാം മിനുട്ടില്‍ മറ്റിയോ പെസ്സിനയാണ് ഇറ്റലിയുടെ ഗോള്‍ നേടിയത്. 55ാം മിനുട്ടില്‍ ഫൗളിന് ഏഥന്‍ അംപാഡു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്ത് പേരിലേക്ക് വെയ്ല്‍സ് ചുരുങ്ങിയിരുന്നു.

മത്സരത്തില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്താന്‍ ഇറ്റലിക്ക് സാധിച്ചു. അധികസമയവും പന്ത് കൈവശം വെച്ചത് ഇറ്റലിയായിരുന്നു. പല അവസരങ്ങളും മുതലാക്കാന്‍ ഇറ്റലിക്ക് സാധിച്ചില്ല. വെയ്ല്‍സിന്റെ സൂപ്പര്‍താരം ഗാരിത് ബെയ്‌ലിനും ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല.

ഷെര്‍ഡന്‍ ഷാഖിരിയുടെ ഇരട്ട ഗോളിലാണ് തുര്‍ക്കിക്കെതിരെ തകര്‍പ്പന്‍ ജയം നേടാന്‍ സ്വിസ് ടീമിന് സാധിച്ചത്. 26, 68 മിനുട്ടുകളിലാണ് ഷാഖിരി ഗോള്‍ നേടിയത്. ഇതിലൊന്ന് ഗംഭീര സിസര്‍കട്ടായിരുന്നു. ആറാം മിനുട്ടില്‍ ഹാരിസ് സെഫറോവിച്ചിലൂടെ ആദ്യ ഗോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് നേടിയിരുന്നു. 62ാം മിനുട്ടില്‍ ഇര്‍ഫാന്‍ കാന്‍ കഹ്വേഷിയാണ് തുര്‍ക്കിയുടെ ആശ്വാസ ഗോള്‍ നേടിയത്. ഈ ടൂര്‍ണമെന്റിലെ തുര്‍ക്കിയുടെ ആദ്യ ഗോള്‍ കൂടിയാണിത്. ഇതോടെ തുര്‍ക്കിക്ക് പുറത്തേക്കുള്ള വഴി ഉറപ്പായി.

Latest