Connect with us

Cover Story

ഭാഷാന്വേഷിയുടെ സർഗജീവിതം

Published

|

Last Updated

ഡോ. തൈക്കാ ശുഐബ് ആലിമിന്റെ “അറബിക്, അർവി ആൻഡ് പേർഷ്യൻ ഇൻ സറന്ദീപ് ആൻഡ് തമിൾനാട്” ഗ്രന്ഥത്തിന്റെ ആദ്യ കോപ്പി മുൻ രഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമ ഏറ്റുവാങ്ങുന്നു.

പിറന്നുവീണ മണ്ണിന്റെയും വളർന്നുവന്ന സംസ്കൃതിയുടെയും വേരുകൾ തേടിയുള്ള ദീർഘയാത്രകൾ, വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകൾ, കൈയെഴുത്തു പ്രതികളുടെയും പുരാതന ഗ്രന്ഥങ്ങളുടെയും ശേഖരണവും അപഗ്രഥനവും തുടങ്ങി ഗവേഷണ നിരതമായ മുപ്പത് വർഷങ്ങൾ. രാജ്യാതിർത്തികൾ ഭേദിച്ച് തമിഴ് മുസ്‌ലിംകൾ അധിവസിക്കുന്ന എല്ലാ പ്രദേശങ്ങളും അങ്ങനെ ചുറ്റിസഞ്ചരിച്ചു. അവർക്കിടയിൽ നിലനിൽക്കുന്ന ഒരു ശൈലികളും ആചാരങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചു. മാല മൗലിദുകൾ, ദിക്റ് ഹൽഖകൾ, റാതീബുകൾ, മഖ്ബറകൾ, ഉറൂസുകൾ എന്നിങ്ങനെ ആധുനികതയുടെ അതിപ്രസരത്തിലും പ്രഭാവം മങ്ങാത്ത പാരമ്പര്യമൂല്യങ്ങളുടെയും ആധാരശിലകൾ മനസ്സിലാക്കി, അവ ജീവിതത്തിലേക്ക് പകർത്തി. സംഭവബഹുലമായ ആ മൂന്ന് പതിറ്റാണ്ടിനൊടുവിലാണ് പല പുരോഗമന വാദികളും നിസ്സാരവത്കരിച്ചിരുന്ന സാമൂഹിക ജീവിതത്തിലെ നാഡീസ്പന്ദനങ്ങൾ കോർത്തിണക്കി ആ ഗ്രന്ഥം വെളിച്ചം കാണുന്നത്.

ഡോ. തൈക്കാ ശുഐബ് ആലിമിന്റെ അറബിക്, അർവി ആൻഡ് പേർഷ്യൻ ഇൻ സറന്ദീപ് ആൻഡ് തമിൽനാട്, അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് മദ്രാസ് യൂനിവേഴ്‌സിറ്റി ലൈബ്രററിയിൽ നിന്ന് ഈ ഗ്രന്ഥം കാണുന്നത്. കേവലം ഒരു ചരിത്ര പുസ്തകത്തിന് ലഭിച്ച സൗഭാഗ്യവും ഖ്യാതിയുമല്ല അതുല്യമായ മുപ്പത് വർഷത്തെ പരിശ്രമങ്ങൾക്കൊടുവിൽ എഴുതിത്തയ്യാറാക്കിയ ഈ ഗവേഷണ പഠനത്തിന് ലഭിച്ചത്.

മികച്ച അറബി പണ്ഡിതനുള്ള ദേശീയ പുരസ്കാരം മുൻ രഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമയിൽ നിന്ന് ഡോ. തൈക്കാ ശുഐബ് ആലിം ഏറ്റുവാങ്ങുന്നു.

“അറബിക്, അർവി ആൻഡ് പേർഷ്യൻ ഇൻ സറന്ദീപ് ആൻഡ് തമിൽനാട്” സമാനതകളില്ലാത്തതും എന്റെ അറിവിൽ മറ്റാരും നിർവഹിച്ചിട്ടില്ലാത്തതുമായ ഗ്രന്ഥമാണ്. അക്കാദമിക സാഹിത്യ രംഗങ്ങളിൽ വലിയ പരിവർത്തനങ്ങൾക്ക് ഇത് കാരണമാകും”- ശ്രീലങ്കൻ മന്ത്രിയായിരുന്ന എച്ച് എം അസ്്വറിന്റെ അഭിപ്രായമാണിത്.
അസ്്വറിന്റെ അഭിപ്രായങ്ങളെ ശരിവെക്കുന്ന മധുരസ്മരണകളാണ് പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് ഡോ. തൈക്കാ ശുഐബിന്റെ ജീവിതയാത്രയിൽ സംഭവിച്ചതും.
1993 ജൂൺ 18ന് ശ്രീലങ്കൻ അമ്പാസഡറുടെയും മറ്റു വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢമായ ചടങ്ങിൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ. ശങ്കർദയാൽ ശർമയാണ് പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങിയത്. തുടർന്ന് ശ്രീലങ്കൻ പ്രസിഡന്റ്ഡി ബി വിജെതുംഗെയുടെയും മാലിദ്വീപ് പ്രസിഡൻറ് ഡോ. അബ്ദുൽ ഖയ്യൂം മഅമൂന്റെയും ഷാർജാ ഭരണാധികാരി സുൽത്വാൻ ഖാസിമിയുടെയും നേതൃത്വത്തിൽ രാജ്യാന്തര പ്രകാശന ചടങ്ങുകളും സംഘടിപ്പിക്കപ്പെട്ടു.

മുറ്റത്തെ മുല്ലക്ക് മണമില്ലെന്നാണല്ലോ പഴമൊഴി. എന്നാൽ, ജന്മനാട് പൂന്തോട്ടമാക്കി അതിലെ പുഷ്പങ്ങളുടെ സുഗന്ധം ആസ്വദിച്ചാണ് തൈക്കാ ശുഐബ് വളർച്ചയുടെ ഗോവണിപ്പടികൾ കയറിയത്. A D 845ൽ മദീനയിൽ നിന്ന് ഈജിപ്ത് വഴി കായൽ പട്ടണത്തെത്തിയ ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ്(റ)ന്റെ പൗത്രൻ മുഹമ്മദ് ഖിൽജിയുടെ സന്താന പരമ്പരയിലെ കണ്ണിയായി 1930ൽ കീളക്കരയിലാണ് അദ്ദേഹം ജനിക്കുന്നത്. പിതാവ് ശൈഖ് നായകം അഹ്്മദ് അബ്ദുൽ ഖാദിർ ആലിം.
തമിഴ്, മലയാളി മുസ്‌ലിംകൾക്കിടയിൽ നിർണായക സ്വാധീനം ചെലുത്തിയ സൂഫീവര്യന്മാരായിരുന്നു പിതൃപമ്പരയിലുള്ളവർ. സ്വാഹിബുൽ ജൽവ ശൈഖ് ശാഹുൽ ഹമീദാണ് പിതാവിന്റെ പിതാവ്. ഇമാമുൽ അറൂസ് മാപ്പിള ലബ്ബൈ ആലിമാണ് പ്രപിതാമഹൻ. കൂടാതെ ഖുത്ബിയ്യത്തിന്റെ രചയിതാവ് ശൈഖ് സ്വദഖതുല്ലാഹിൽ ഖാഹിരി ഉൾപ്പെടെ ശ്രീലങ്ക, മലാക്ക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ പ്രധാന മഖ്ബറകളിൽ അന്ത്യവിശ്രമം കൊള്ളുന്ന പല മഹാന്മാരും തൈക്കാ ശുഐബിന്റെ പിതൃപരമ്പരയെ സമ്പന്നമാക്കുന്നു. ഈ അനുഗൃഹീത പാരമ്പര്യത്തിന്റെ ഒരറ്റത്ത് നിന്ന് ചരിത്രത്തിലെ നാഴികക്കല്ലുകൾക്ക് നിറംപകരാൻ സാധിച്ചതാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയതും.
മദ്റസതുൽ അറൂസിയ്യ കീളക്കര, ബാഖിയാതു സ്വാലിഹാത് വെല്ലൂർ, ജമാലിയ്യ അറബിക് കോളജ് മദ്രാസ്, ദാറുൽ ഉലൂം ദയൂബന്ദ്, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, മദീന യൂനിവേഴ്സിറ്റി, അൽ അസ്ഹർ ഈജിപ്ത് എന്നിവിടങ്ങളിലായിരുന്നു തൈക്കാ ശുഐബ് എന്നവരുടെ വിദ്യാഭ്യാസം. അമേരിക്കയിലെ കൊളംബിയ പെസഫിക് യൂനിവേഴ്സിറ്റിക്ക് കീഴിൽ ഡോക്ടറ്റേറ്റും കരഗതമാക്കി. കൊളംബിയ യൂനിവേഴ്സിറ്റിയിൽ സമർപ്പിച്ച ഗവേഷണ പ്രബന്ധങ്ങൾ സംയോജിപ്പിച്ചതാണ് “അറബിക്, അര്‍വി ആൻഡ് പേര്‍ഷ്യന്‍ ഇന്‍ സറന്ദീബ് ആൻഡ് തമിഴ്്നാട്” എന്ന ഗ്രന്ഥം. കൂടാതെ എട്ട് ഗ്രന്ഥങ്ങൾ രചിക്കുകയും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, തായ്്ലാൻഡ്, തായ്്വാന്‍, ചൈന, ജപ്പാന്‍, യു കെ, യു എസ് എ, ബെല്‍ജിയം, ഫ്രാന്‍സ്, ഇറാഖ്, ജോര്‍ദാന്‍, യു എ ഇ എന്നീ രാജ്യങ്ങളിൽ നടന്ന ഇന്റർനാഷനൽ സെമിനാറുകളിലും കോൺഫറൻസുകളിലും പങ്കെടുക്കുകയും റിസർച്ച് പേപ്പറുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഡി ബി വിജെതുംഗെയോടൊപ്പം

ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാർ, ഖുതുബുൽ ആലം സി എം അബൂബക്കർ മുസ്‌ലിയാർ, താജുൽ ഉലമ സയ്യിദ് അബ്ദുർറഹ്മാൻ ബുഖാരി ഉള്ളാൾ, നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ തുടങ്ങിയ അഗ്രേസരരായ പണ്ഡിതപ്രതിഭകൾ തങ്ങളുടെ മാർഗദർശിയായി വിശേഷിപ്പിച്ചിട്ടുണ്ട് ആലിം സാഹിബിനെ. ഇ കെ ഉസ്താദിന്റെ ക്ഷണപ്രകാരം പട്ടിക്കാട് ജാമിഅ നൂരിയ്യ വാർഷിക സമ്മേളനത്തിന്റെ മുഖ്യാതിഥിയായാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തുന്നത്. യാത്രാമധ്യേ അതിഥിക്ക് ഖിദ്മത്(സേവനം) നടത്താൻ ആതിഥേയൻ ഒരുങ്ങിയപ്പോൾ അദ്ദേഹം വിലക്കി. തദവസരത്തിൽ ശംസുൽ ഉലമ പറഞ്ഞൊരു വാക്കുണ്ട്. “അൻത ഇബ്നുൽ വലിയ്യി ഇബ്നുൽ വലിയ്യി ഇബ്നുൽ വലിയ്യി ഇബ്നുൽ വലിയ്യ്”. അഥവാ നിങ്ങൾ മഹാരഥന്മാരായ സൂഫികളുടെ താവഴിയിൽ പെട്ടവരാണെന്ന്.

മലബാറിന്റെ ആത്മീയ പരിസരം സമ്പുഷ്ടമാക്കുന്നതിൽ തൈക്കാ ശുഐബ് ആലിമിന്റെ ഇടപെടലുകൾ കാരണമായിട്ടുണ്ട്. തന്റെ പൂർവികർ മുഖേന വിരചിതമായ ജലാലിയ്യ റാതീബിന്റെ സദസ്സുകൾക്ക് നേതൃത്വം വഹിക്കുന്നതിലും അതിന്റെ സമ്മതപത്രം നൽകുന്നതിലും തസ്വവ്വുഫിന്റെ മാധുര്യം കൈമാറ്റം നടത്തുന്നതിലും അദ്ദേഹം സദാ വ്യാപൃതനായി. ദിനേന ധാരാളം സ്നേഹജനങ്ങൾ ത്വരീഖതുകളും ഉപദേശനിർദേശങ്ങളും സ്വീകരിക്കാൻ ഒഴുകിയെത്തുന്ന ആത്മജ്ഞാനത്തിന്റെ തീരമായിരുന്നു കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുള്ള തൈക്കാ മൻസിൽ. അവിടെയായിരുന്നു അദ്ദേഹം വിശ്രമജീവിതം നയിച്ചിരുന്നതും. ദീർഘകാലത്തെ ഗവേഷണത്തിനിടയിൽ ശേഖരിച്ച അത്യപൂർവമായ നൂറുകണക്കിന് മാനുസ്ക്രിപ്റ്റുകളും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

ആഗതരുടെ മനോഭാവമറിഞ്ഞ പെരുമാറ്റമായിരുന്നു ആലിം സാഹിബിന്റെ പ്രത്യേകത. ആരെയും മടുപ്പിക്കാത്ത രൂപത്തിൽ സരളമായ ഉപദേശങ്ങൾ നൽകി അവരെ വിരുന്നൂട്ടി. സമ്പത്തും സ്വാധീനവും വേണ്ടുവോളം ലഭിച്ചിട്ടും തലമുറകൾ കൈമാറിവന്ന പാരമ്പര്യമൂല്യങ്ങളോട് രാജിയാകാൻ അദ്ദേഹം തയ്യാറായില്ല. മതത്തെ ജനകീയമാക്കുന്നതും സഹിഷ്ണുതയുള്ളതാക്കുന്നതും അനുഗുണമായ അത്തരം നാട്ടുനടപ്പുകളാണെന്ന് സാഹിബ് ഗുണദോഷിച്ചു. തമിഴ് മുസ്്ലിം സമൂഹത്തെ അഭിസംബോധന ചെയ്ത് ആലിം സാഹിബ് പറഞ്ഞ വാക്കുകൾ അതിന് തെളിവാണ്. “ദിക്റ് റാതീബ് സ്വലാത് പാരായണവും സദസ്സുകളുമാണ് നമ്മുടെ ഊർജം. കാലക്രമേണ അവയുടെ സ്വാധീനം കുറഞ്ഞപ്പോൾ നമ്മുടെ വൈയക്തികവും സാമൂഹികവുമായ ജീവിതക്രമത്തിൽ താളപ്പിഴവുകൾ വർധിച്ചു. ശരീഅത് നിയമങ്ങളെയും സച്ചരിതരായ നമ്മുടെ മുൻഗാമികൾ അനുവർത്തിച്ചിരുന്ന സത്കർമങ്ങളെയും നാം മാറ്റിനിർത്തി. വ്യതിയാനചിന്തകളാണ് നമുക്ക് ആകർഷണീയമായി തോന്നിയത്. ദുഃഖകരമായിരുന്നു അതിന്റെ പര്യവസാനം”.

2013ലാണ് ജോർജ് ടൗണ്‍ യൂനിവേഴ്സിറ്റിയുടെ പ്രിന്‍സ് അല്‍ വലീദ് ബിന്‍ തലാല്‍ സെന്റര്‍ ഫോര്‍ മുസ്‌ലിം- ക്രിസ്ത്യന്‍ അണ്ടര്‍സ്റ്റാന്‍റിംഗും ജോര്‍ദാനിലെ റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസും സംയുക്തമായി ഓരോ വർഷവും തയ്യാറാക്കുന്ന ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള 500 മുസ്‌ലിംകളുടെ പട്ടികയിൽ ഡോ. തൈക്കാ ശുഐബ് ആലിം ഇടം പിടിക്കുന്നത്. 2016ൽ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രപാല സിരിസേനയിൽ നിന്ന് മതസൗഹാർദ രംഗത്ത് അർപ്പിച്ച സംഭാവനകൾക്കുള്ള അംഗീകാരവും ഏറ്റുവാങ്ങിയിട്ടുണ്ട്.
വിവിധ പ്രദേശങ്ങളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന നിരവധി ശിഷ്യഗണങ്ങളുണ്ട് അദ്ദേഹത്തിന്. തമിഴ്നാട് ചീഫ് ഖാസി ഡോ. സ്വലാഹുദ്ദീൻ അയ്യൂബ്, ശ്രീലങ്കയിലെ വെസ്റ്റേൺ പ്രൊവിൻസിന്റെ ഗവർണർ സയ്യിദ് അലവി മൗലാന, യു എ ഇ ഔഖാഫ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ശൈഖ് ഇദ്്രീസ് അൽ ഇദ്്രീസി തുടങ്ങിയവർ അവരിൽ പ്രധാനികളാണ്.
.

Latest