Connect with us

Health

കൊവിഡ് കാലത്തെ മാനസികാരോഗ്യം

Published

|

Last Updated

കൊവിഡ് മഹാമാരിയുടെ തീവ്ര വ്യാപനത്തോടെ തീർത്തും അപരിചിതമായ ഒരു ജീവിത സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പുതിയൊരു സാഹചര്യത്തിലേക്ക് പെട്ടെന്ന് മാറേണ്ടിവന്നപ്പോൾ പല തരത്തിലുള്ള മാനസിക പ്രയാസങ്ങളും നമ്മൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊവിഡ് ക്വാറന്റൈൻ കാലം പിന്നിട്ടാലും ചിലരിൽ അത് ദീർഘനാളത്തേക്ക് നിലനിൽക്കുകയും ചെയ്യാം. പകർച്ചവ്യാധികളെ നേരിടുന്നതുപോലെതന്നെ ജാഗ്രതയും കരുതലും മാനസികാരോഗ്യം നിലനിർത്തുന്നതിലും അത്യാവശ്യമാണ്.

സമ്മർദം കുറക്കാൻ
സ്വയം തീരുമാനിക്കാം

കൊവിഡ് ബാധിച്ചവർക്കും അല്ലാത്തവർക്കും ചില മാനസിക പ്രയാസങ്ങളൊക്കെ ഉണ്ടാകാം. ഐസൊലേഷനിൽ ഒറ്റപ്പെട്ട് താമസിക്കുമ്പോഴാണ് മിക്കപ്പോഴും മാനസിക സമ്മർദം വരിക. നമ്മൾ ജീവിച്ചിരുന്ന ചുറ്റുപാടിൽ നിന്ന് പെട്ടെന്ന് നമുക്കു പൊരുത്തപ്പെടാൻ പറ്റാത്ത, അപരിചിതമായ ചുറ്റുപാടിലേക്ക് മാറ്റപ്പെടുമ്പോൾ പലതരത്തിലുള്ള മാനസിക – ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാകാം.
പ്രധാനമായും ടെൻഷൻ, ക്ഷീണം, മറ്റുള്ളവരിൽനിന്ന് ഞാൻ വ്യത്യസ്തനായിപ്പോയോ, എനിക്ക് എന്തുപറ്റി തുടങ്ങിയ ചിന്തയൊക്കെ ഉണ്ടാകാം. ശരീരത്തിൽ ചെറിയ പ്രയാസങ്ങൾ വരുമ്പോഴും അതിരുകടന്ന ഉത്കണ്ഠ വരാം. വെറുപ്പ്, ശ്രദ്ധക്കുറവ്, തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരിക, ഉറക്കം കിട്ടാതെ വരിക, രാത്രിയിൽ പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കാണുക, ജോലിയിൽ താത്പര്യം കുറയുക, വിഷാദം എന്നിവയും ഉണ്ടാകാം. ഇപ്രകാരം പെട്ടെന്ന് സംഘർഷം വരുമ്പോൾ അത് നേരിടേണ്ടിവരുന്നവർക്ക് ഉണ്ടാകുന്ന മാനസികാവസ്ഥയാണ് അക്യൂട്ട് സ്ട്രസ്സ് ഡിസോർഡർ.

സാധാരണ നിലക്ക് സമ്മർദമുണ്ടാക്കിയിരുന്ന അവസ്ഥ മറികടന്നാൽ മൂന്നോ നാലോ മാസം കഴിയുമ്പോഴേക്കും അക്യൂട്ട് സ്ട്രസ്സ് ഡിസോർഡർ മാറും. പക്ഷേ, ചുരുക്കം ചിലരിൽ ഈ അവസ്ഥ നീണ്ടുനിൽക്കാം. അങ്ങനെ നീണ്ടുനിൽക്കുന്ന അവസ്ഥയെ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ്സ് ഡിസോർഡർ എന്നു പറയും. ഇങ്ങനെയുള്ളവർ സാധാരണ നിലയിലേക്ക് തിരിച്ചുവന്നാൽ പോലും പലപ്പോഴും ഉറക്കത്തിൽ ഭീകര സ്വപ്നം കാണാം. ഉണർന്നിരിക്കുമ്പോഴും അതേ അവസ്ഥ പിന്തുടരാം. തനിക്ക് എന്തെങ്കിലും സംഭവിച്ചുപോകുമെന്ന തോന്നൽ, കഠിനമായ പേടി, ഹൃദയമിടിപ്പ് കൂടുക, ശ്വാസംമുട്ടൽ എന്നിവയൊക്കെ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഇത്തരം മാനസികപ്രയാസങ്ങളിൽ നിന്ന് കരകയറിയാൽ പോലും ചിലർ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി ഉപയോഗങ്ങളിലേക്ക് വഴുതിവീഴാനുള്ള സാധ്യതയുണ്ട്. ശരിയായ രീതിയിലുള്ള കൗൺസലിംഗാണ് ഇതിനുള്ള പരിഹാരം.
ചിലരിൽ കൊവിഡ് ബാധിച്ചതിന് ശേഷം പോസ്റ്റ് വൈറൽ ഫറ്റിംഗ് സിൻഡ്രോം എന്ന അവസ്ഥയും കണ്ടേക്കാം. എപ്പോഴും ക്ഷീണം, ഉദാസീനത, ദുഃഖഭാവം, ഒന്നും ചെയ്യാൻ താത്്പര്യമില്ലാത്ത അവസ്ഥ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

അസുഖം ഉണ്ടാകുമോ

എന്ന ഭയംകൊവിഡിന്റെ വരവോടെ ചിലർക്ക് പെരുമാറ്റത്തിൽ പ്രശ്‌നങ്ങൾ വരാം. മറ്റുള്ളവരിൽനിന്ന് അകന്നിരിക്കാൻ ശ്രമിക്കുക, ആളുകളുടെ അടുത്തേക്ക് പോകാൻ ഭയം, മറ്റുള്ളവർ ചുമക്കുമ്പോഴേക്കും ആശങ്ക, പൊതുസ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കുക, എപ്പോഴും കൈ കഴുകിക്കൊണ്ടിയിരിക്കുക എന്നിങ്ങനെ നിരവധി പെരുമാറ്റ പ്രശ്‌നങ്ങൾ ഉണ്ടാകാം. കൊവിഡ് കാരണം എന്തെങ്കിലും അസുഖം ഉണ്ടാകുമോ എന്ന് പേടിച്ചു നടക്കുന്ന ആളുകളും ഉണ്ട്. കൈയിൽ രോഗാണുക്കളുണ്ടാകുമോ എന്ന് പേടിച്ച് 24 മണിക്കൂറും കൈ കഴുകുകയും സാനിറ്റൈസ് ചെയ്യുന്നവരും ഉണ്ട്. ഹൈപ്പോ കോൺഡ്രിയാസിസ് എന്നാണ് ഇത്തരം അവസ്ഥ അറിയപ്പെടുന്നത്. ഇക്കൂട്ടർ ജീവിതകാലം മുഴുവൻ ഈ ചിന്തയുമായി ജീവിക്കാനും സാധ്യതയുണ്ട്. അമിതവൃത്തി പ്രധാന ലക്ഷണമായുള്ള ഒബ്‌സസീവ് കംപൽസീവ് ഡിസോർഡർ എന്ന അസുഖം ഉള്ളവർക്കും അത് കൂടുതലാകാൻ സാധ്യതയുണ്ട്. വിഷാദരോഗം, ഉത്കണ്ഠാരോഗം എന്നിവയുള്ളവരിൽ പെട്ടെന്ന് സംഘർഷം വരുമ്പോൾ ആ പ്രയാസങ്ങൾ കൂടിയേക്കും. ഇത്തരം ഘട്ടങ്ങളിൽ മനഃശാസ്ത്ര ചികിത്സയും പിന്തുണയും ആവശ്യമാണ്. വിഷാദവും ഉത്കണ്ഠയും കൂടി ആത്മഹത്യക്കും ആതമഹത്യാശ്രമങ്ങൾക്കും സാധ്യതയുണ്ട്.

വേണ്ടത് ശാസ്ത്രീയ അറിവും നല്ല ലക്ഷ്യബോധവും

കൊവിഡ് പകർച്ചവ്യാധിയെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും ശാസ്ത്രീയമായ അറിവ് ലഭിക്കാത്തവർക്ക് മാനസികമായ ബ്രേക്ക്ഡൗൺ വരാനുള്ള സാധ്യത കൂടുതലാണ്. രോഗാവസ്ഥ എന്താണെന്നും തുടർന്നുള്ള സാഹചര്യങ്ങളെന്താണെന്നതും സംബന്ധിച്ച് കൃത്യമായ അറിവ് തന്നെ നൽകണം. സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതൊന്നും പ്രചരിപ്പിക്കരുത്. അശാസ്ത്രീയമായ ചികിത്സാരീതികളെക്കുറിച്ചുള്ള നിരവധി വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, കൊവിഡിനെക്കുറിച്ചുള്ള ഭീതിജനകമായ വാർത്തകളും ദൃശ്യങ്ങളും പത്രങ്ങളിലൂടെ വായിച്ചും ടി വിയിൽ കണ്ടും മനസ്സ് ബ്രേക്ക്ഡൗണായ നിരവധി ആളുകളെ നമുക്കു ചുറ്റും കാണാൻ കഴിയും. അത്തരം പ്രചാരണങ്ങൾ മാനസിക സംഘർഷം കൂട്ടാൻ ഇടയാക്കും. പകർച്ചവ്യാധികൾ നിലനിൽക്കുന്ന കാലത്ത് മാത്രമല്ല അതിന് ശേഷവും രോഗത്തെക്കുറിച്ച് ശാസ്ത്രീയമായ അറിവുകൾ സമൂഹത്തിന് നൽകിക്കൊണ്ടിരിക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

സാമ്പത്തിക പ്രശ്‌നങ്ങൾ മനസ്സിനെ തകർക്കരുത്

കൊവിഡിന്റെ വെല്ലുവിളി കഴിഞ്ഞാലും സാമ്പത്തിക ഞെരുക്കം കാരണം മാനസിക പ്രശ്‌നങ്ങൾ കൂടാനുള്ള സാധ്യതയുണ്ട്. പലർക്കും കടബാധ്യതകൾ ഉണ്ടാകാം. അതെല്ലാം എങ്ങനെ അടച്ചുതീർക്കും എന്ന ചിന്ത വല്ലാതെ സമ്മർദം ഉണ്ടാക്കാം. സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കുടുംബത്തെ സംരക്ഷിക്കുന്ന നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായാൽ മാത്രമേ ഇത്തരം മാനസിക പ്രതിസന്ധികളെ മറികടക്കാൻ സാധിക്കൂ. മാത്രമല്ല, കുടുംബങ്ങൾ പ്രയാസത്തിലല്ല എന്ന് തുടർന്നും ഉറപ്പുവരുത്താനാകണം. മാനസിക രോഗമുള്ളവർ ലോക്ക്ഡൗൺ സമയത്തും ഡോക്ടറെ കാണിക്കുന്നുണ്ടോ, മരുന്നുകൾ മുടക്കം കൂടാതെ കഴിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതും സർക്കാറിന്റെ ബാധ്യതയാണ്.

ഒറ്റപ്പെടുത്തരുത്, കുറ്റപ്പെടുത്തരുത്

രോഗം ഭേദമായി തിരിച്ചുവരുന്നവരേയും നിരീക്ഷണത്തിൽ കഴിയുന്നവരേയും ഒരു കാരണവശാലും ഒറ്റപ്പെടുത്തുന്ന അവസ്ഥ ഉണ്ടാകരുത്. അവരെ വേർതിരിച്ച് കാണരുത്. സംശയത്തോടെ നിരീക്ഷിക്കരുത്. രോഗം വന്നവർക്ക് മാത്രമല്ല രോഗികളെ പരിചരിച്ച ആരോഗ്യപ്രവർത്തകരെയും ഒരേ മനസ്സോടെ കാണുമെന്ന് ഉറപ്പ് വരുത്തണം. മാനസിക പ്രതിസന്ധികൾ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അങ്ങനെ സംഭവിക്കില്ലെന്ന തീരുമാനം ഓരോരുത്തരും കൈക്കൊള്ളേണ്ടത് അത്യാവശ്യമാണ്. മഹാമാരിയെ മറികടന്നപോലെ മാനസികമായ പ്രതിസന്ധികളെയും മറികടക്കാൻ ഇതെല്ലാം സഹായിക്കും.

• ഡോ. പി എൻ സുരേഷ്കുമാർ
 പ്രൊഫസർ, സൈക്യാട്രി വിഭാഗം,
 കെ എം സി ടി മെഡിക്കൽ കോളജ് കോഴിക്കോട്

---- facebook comment plugin here -----

Latest