Connect with us

Articles

ജനാധിപത്യം തോല്‍ക്കാതിരിക്കാന്‍

Published

|

Last Updated

ജനഹിതം പ്രതികൂലമാകുന്ന സാഹചര്യങ്ങളില്‍ പോലും നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ ദുര്‍വ്യാഖ്യാനിച്ചും പഴുതുകളിലൂടെയും നിക്ഷിപ്ത താത്പര്യങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങളെ പ്രതിഷേധിച്ചും പ്രതിരോധിച്ചും പരാജയപ്പെടുത്തേണ്ടത് ഇന്ത്യയിലെ ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. അധികാരമേറ്റ നാള്‍ മുതല്‍ ആരംഭിച്ച ന്യൂനപക്ഷവിരുദ്ധവും വര്‍ഗീയാഭിമുഖ്യമുള്ളതുമായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളെ ദീര്‍ഘ വീക്ഷണത്തോടെ വിലയിരുത്തുകയും വിശാലമായ ജനാധിപത്യ, മതേതരത്വ ബോധ്യത്തോടെ പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. നിയമലംഘനങ്ങളെയും ഭരണഘടനാവിരുദ്ധ തീരുമാനങ്ങളെയും വിശാലമായ ജനാധിപത്യ ബോധ്യത്തോടെ ചെറുത്തു തോല്‍പ്പിക്കണം. ലക്ഷദ്വീപിനെ കോര്‍പറേറ്റുകള്‍ക്ക് പങ്കുവെച്ച് സമ്പന്നമായ ഒരു സാംസ്‌കാരിക പാരമ്പര്യത്തെ നാമാവശേഷമാക്കാനുള്ള കേന്ദ്ര നീക്കത്തെ എന്തുവിലകൊടുത്തും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ സ്റ്റേറ്റുകളും കൈകോര്‍ക്കേണ്ട സമയമാണിപ്പോള്‍. ലക്ഷദ്വീപ് എന്ന ഒരു തുരുത്തിനെ മാത്രം ബാധിക്കുന്ന കേവല നിയമ നിര്‍മാണമായി ഇതിനെ ലഘൂകരിക്കുന്നത് അത്യന്തം അപകടകരമാണ്. കാരണം ഇന്ന് ലക്ഷദ്വീപ്, നാളെ എന്റെ ജന്മദേശവും എന്ന തിരിച്ചറിവാണ് ജനാധിപത്യത്തിന്റെ കാവലും കരുതലും.

ലോകത്ത് സമാനതകളില്ലാത്ത കൂട്ടക്കുരുതികള്‍ക്ക് നേതൃത്വം നല്‍കിയ ജര്‍മന്‍ നാസിസത്തിന്റെ വക്താവായ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഹിംസാത്മക രാഷ്ട്ര നിര്‍മാണത്തിനെതിരെ നിരന്തരം ശബ്ദിച്ച മാര്‍ട്ടിന്‍ നൈമോളറിന്റെ പ്രശസ്തമായൊരു വാചകമുണ്ട്. “ആദ്യം സോഷ്യലിസ്റ്റുകളെ തേടിയാണ് അവരെത്തിയത്. പക്ഷേ, ഞാന്‍ പ്രതികരിച്ചില്ല. കാരണം ഞാന്‍ സോഷ്യലിസ്റ്റ് ആയിരുന്നില്ല. പിന്നീട് തൊഴിലാളികളെയും ജൂതന്മാരെയും തേടി അവരെത്തി. പക്ഷേ, ഞാന്‍ പ്രതികരിച്ചില്ല. കാരണം ഞാന്‍ തൊഴിലാളിയോ ജൂതനോ ആയിരുന്നില്ല. അവസാനം അവര്‍ എന്നെ തേടി വന്നു. അപ്പോള്‍ എനിക്കു വേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചതുമില്ല”. ക്രിയാത്മക പ്രതിഷേധങ്ങള്‍ക്ക് ബഹുമുഖവും വിശാലവുമായ പിന്തുണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരേണ്ടതുണ്ട്.

രാജ്യത്തെ കര, നാവിക, വ്യോമ സേനയുടെ നേതൃസ്ഥാനങ്ങളില്‍ മൂന്ന് മേധാവികളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പേരില്‍ മൂന്ന് മേധാവികള്‍ക്കും മീതെ ഭാരതീയ ജനതാ പാര്‍ട്ടിയോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്ന ബിപിന്‍ റാവത്തെന്ന ഒരു സൈനിക ഉദ്യോഗസ്ഥനെ നിയമിച്ചത് രാജ്യ സുരക്ഷയുടെ പേരില്‍ മാത്രമാണെന്ന് വിശ്വസിക്കാന്‍ ചരിത്രം നമ്മെ അനുവദിക്കുന്നില്ല.

ഇന്ത്യയില്‍ പൂര്‍ണമായും സംസ്ഥാന പദവിയും പ്രത്യേക അധികാരങ്ങളുമുള്ള ജമ്മു കശ്മീര്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങളുടെ അകമ്പടിയോടെ ഒരു സുപ്രഭാതത്തില്‍ പ്രത്യേക പദവി പോയിട്ട് സംസ്ഥാന പദവി പോലും ഇല്ലാത്ത ഒരു കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിക്കപ്പെടുന്നു. ശേഷം ജനസംഖ്യയുടെ 96 ശതമാനവും മുസ്‌ലിംകള്‍ അധിവസിക്കുന്ന ലക്ഷദ്വീപില്‍, അമിത് ഷാക്ക് ശേഷം ഗുജറാത്തില്‍ ആഭ്യന്തര മന്ത്രിയായ പ്രഫുല്‍ പട്ടേലിനെ മുന്‍ നിര്‍ത്തി അവിടുത്തെ സാംസ്‌കാരികമായ പൈതൃകത്തെയും ജനവാസത്തെയും ശ്വാസംമുട്ടിക്കുന്ന നിയമ നടപടിക്രമങ്ങളിലേക്ക് നീങ്ങുന്നു. അതിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ജയില്‍വാസം വെച്ചുനീട്ടുന്നു. ദ്വീപിലേക്കുള്ള വഴികള്‍ അടക്കുന്നു. ഇന്റര്‍നെറ്റ് വേഗത കുറയുന്നു. കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ നിന്ന് കര്‍ണാടക ഹൈക്കോടതിയുടെ അധികാര പരിധിയിലേക്ക് ലക്ഷദ്വീപിനെ മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതക്ക് മക്കളുടെ എണ്ണം മാനദണ്ഡമാകുന്നു. എന്തൊക്കെയാണ് രാജ്യത്ത് നടക്കുന്നത്? ഒരുതരം ഹിംസാത്മക രാജവാഴ്ചയുടെ കൊറിയന്‍ വകഭേദം എന്നല്ലാതെ മറ്റെന്താണ് ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയുക?
മുസ്‌ലിം ജനസംഖ്യയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള രണ്ട് ജില്ലകളെ ഏത് നിയമ നിര്‍മാണത്തിലൂടെയാണ് കേന്ദ്രം വരിഞ്ഞുമുറുക്കാന്‍ പോകുന്നത് എന്ന് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ സസൂക്ഷ്മം നിരീക്ഷിക്കേണ്ടതാണ്. മുസ്‌ലിം ജനസംഖ്യയില്‍ രണ്ടാമത് നിലനില്‍ക്കുന്ന ജില്ലയെ കുരുക്കാനുള്ള കാവ്യബോധം എത്ര ആഴത്തിലുള്ളതാണെന്ന് “ആന വിവാദം” നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടല്ലോ. ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനായി കക്ഷിഭേദമന്യേ, ഏകമനസ്സോടെ സി എ എ വിരുദ്ധസമരം പോലെ രൂക്ഷവും ക്രിയാത്മകവുമായ പ്രതികരണങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ട്.

രാജ്യത്ത് പ്രതിഷേധക്കടല്‍ തീര്‍ത്ത സി എ എ ആക്ടിനെതിരെ നടന്ന സമര പോരാട്ടങ്ങളുടെ കേന്ദ്രം കൂടിയായിരുന്നു ഡല്‍ഹി. ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഒരു സര്‍ക്കാര്‍ ഭരണം നടത്തുന്നതിനിടയില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരപരിധി വിശാലമാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തെ മുന്‍കാല നടപടി ക്രമങ്ങളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ നിരവധി സംശയങ്ങള്‍ ഉയരുന്നുണ്ട്. നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിന്റെയും ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള ഭാവിയിലെ മുഴുവന്‍ പോരാട്ടത്തിന്റെയും ഭൂമികയാണ് ഇന്ദ്രപ്രസ്ഥം. തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയേക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കി, സമര പോരാട്ടങ്ങളെ തല്ലിക്കെടുത്താന്‍ സാധ്യമായവരെയൊക്കെ താക്കോല്‍ സ്ഥാനങ്ങളില്‍ കുടിയിരുത്തി തന്നെയാണ് എന്‍ ഡി എ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
ഹിന്ദുത്വ, ഉപരിവര്‍ഗത്തിന്റെ താത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്ന ഈ കൂട്ടയാക്രമണത്തില്‍ ഇരകള്‍ കാലങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായിരിക്കും. ചിലപ്പോള്‍ ഒരു സംസ്ഥാനമാകാം. അല്ലെങ്കില്‍ കേന്ദ്രഭരണ പ്രദേശമാകാം. അതുമല്ലെങ്കില്‍ ഏതെങ്കിലും ന്യൂനപക്ഷ വിഭാഗമാകാം. പ്രൊഫഷനല്‍ രംഗത്തേക്ക് വന്നാല്‍ ഒരുപക്ഷേ ഇരകള്‍ മാധ്യമ പ്രവര്‍ത്തകരാകാം. നാല് നൂറ്റാണ്ടിലധികം കാലം മുസ്‌ലിംകള്‍ ആരാധന നിര്‍വഹിച്ച ബാബരി മസ്ജിദിന്റെ സ്ഥാനത്ത് നിര്‍മിക്കപ്പെടുന്ന രാമക്ഷേത്രത്തിന് നേതൃത്വം വഹിക്കുന്ന ട്രസ്റ്റ് അംഗത്തിനെതിരെ പരാതി ഉന്നയിച്ച വിനീത് നരൈന്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ ചുമത്തി കേസെടുത്തിരിക്കുകയാണിപ്പോള്‍. കൂട്ടമാനഭംഗങ്ങള്‍ക്കു കുപ്രസിദ്ധമായ യു പിയില്‍ നടന്ന ഒരു ദാരുണമായ സംഭവത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഹാഥ്‌റസിലേക്ക് പുറപ്പെട്ട സിദ്ദീഖ് കാപ്പന്‍ ഭീകര കുറ്റം ചുമത്തപ്പെട്ട് അഴിക്കുള്ളിലാണ്. മറ്റു ചില സമയത്ത് ഇരകളുടെ സ്ഥാനത്ത് മുഖ്യമന്ത്രിമാരാകാം. ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളാകാം. നിരപരാധികളായ തൊഴിലാളികളാകാം. രാജ്യത്തെ അസംഖ്യം വരുന്ന കര്‍ഷകരാകാം. എവിടെയാണെങ്കിലും ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍ നാളെ ഒലിച്ചിറങ്ങുന്നത് എന്റെയും മീതെയാണെന്ന ദീര്‍ഘ വീക്ഷണത്തോടെയുള്ള സംഘടിതമായ ഐക്യബോധമാണ് പ്രതിഷേധങ്ങളില്‍ ഉയര്‍ന്നുവരേണ്ടത്.

ജനജീവിതം ദുസ്സഹമാകുമ്പോള്‍ തെരുവുകള്‍ കീഴടക്കാനുള്ള മതേതര വിശ്വാസികളുടെ സമരാവേശത്തെ കൊവിഡ് പോലൊരു മഹാമാരി തളര്‍ത്തുമ്പോള്‍ അതിനേയും ദുരുപയോഗം ചെയ്യുകയാണ് കേന്ദ്രം. ഒരു നിയമ നിര്‍മാണത്തിന് പാര്‍ലിമെന്റിലെ എന്‍ ഡി എ പ്രതിനിധികളുടെ കേവല ഒത്തുചേരല്‍ മാത്രം മതിയെന്ന് പോയകാല നിയമ നിര്‍മാണങ്ങളൊക്കെ വിളിച്ചു പറയുന്നുണ്ട്. ചര്‍ച്ചകളൊക്കെ അസ്ഥാനത്തും അപ്രായോഗികവുമാണ്. എന്നാല്‍ ഇത്തരം നിയമ നിര്‍മാണത്തിന്റെ പേരില്‍ കേന്ദ്രത്തെ പ്രതിസന്ധിയിലാക്കുക ഈ മഹാമാരി കാലത്ത് അത്ര എളുപ്പവുമല്ല. മഹാമാരിയും സംഘ്പരിവാറിന് വിളവെടുപ്പിന്റെ കാലമാണെന്ന് ചുരുക്കം.
കഴിഞ്ഞ ദിവസം മുസ്‌ലിം വ്യക്തിനിയമം ഉള്‍പ്പെടെ നിര്‍ണായകമായ 52 നിയമങ്ങള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രം ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വ്യക്തി നിയമങ്ങളിലെ മതാത്മക സമീപനത്തെ രൂപത്തിലും ഭാവത്തിലും ഇല്ലാതാക്കുന്ന ഏക സിവില്‍കോഡിനായി കിണഞ്ഞു പരിശ്രമിക്കുന്ന ഒരു ഭരണകൂടം പ്രസ്തുത വിഷയത്തിലെ പുനഃപരിശോധനക്കു ശേഷം എവ്വിധമുള്ള തീരുമാനങ്ങളാണ് കൈക്കൊള്ളാന്‍ പോകുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങളായിരുന്ന കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്യലും രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തലും കഴിഞ്ഞാല്‍ പിന്നെ മുഖ്യം ഏക സിവില്‍കോഡ് ആയിരുന്നല്ലോ. ഉറച്ച രാഷ്ട്രീയ ജാഗ്രതയും പ്രതികരണവും തീര്‍ത്തില്ലെങ്കില്‍ ചവിട്ടിമെതിക്കപ്പെടുന്നത് ഭരണഘടനയുടെ അന്തസ്സത്തയായിരിക്കും. യു എ പി എ എന്ന കരിനിയമം വ്യാപകമായി ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍, സോഷ്യല്‍ മീഡിയയിലെ സ്വകാര്യതയെ തകര്‍ത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുമ്പോള്‍, ലക്ഷദ്വീപിനെ കാവി പുതപ്പിക്കുമ്പോള്‍ താനെന്തിന് പ്രതിഷേധിക്കണം, പ്രതിരോധിക്കണം എന്നാണ് ഭാവമെങ്കില്‍ മാര്‍ട്ടിന്‍ നൈമോളര്‍ നിരീക്ഷിച്ചതു പോലെ നാളെ നമ്മെ തിരഞ്ഞ് ഭരണകൂടം വരുമ്പോള്‍ നമുക്ക് വേണ്ടി പ്രതിരോധിക്കാന്‍ ഇവിടെ ആരും അവശേഷിച്ചിരിക്കില്ല.

അനസ് കെ കൊളത്തൂര്‍

Latest