Business
ജെറ്റ് എയര്‍വേയ്‌സ് വീണ്ടും ചിറകുവിരിക്കുന്നു; കമ്പനി നിയമ ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചു
ന്യൂഡല്‍ഹി | രണ്ട് വര്‍ഷത്തിലേറെയായി സര്‍വീസുകള്‍ നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേയ്‌സിന് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണല്‍ (എന്‍ സി എല്‍ ടി) അനുമതി നല്‍കി. ഒരിക്കല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായിരുന്ന ജെറ്റ്, 2019 ഏപ്രിലിലാണ് സര്‍വീസ് നിര്‍ത്തിയത്. വായ്പാ തിരിച്ചടവ് മുടങ്ങിയത് കാരണം പാപ്പരത്ത നടപടികളിലേക്ക് കമ്പനി നീങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്.
എല്ലാം ശരിയാകുകയാണെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പാപ്പരത്ത നടപടികള്‍ക്ക് വേണ്ടി കോടതി നിയമിച്ച ഉദ്യോഗസ്ഥന്‍ ആശിഷ് ഛോഛാരിയ പറഞ്ഞു. ചരക്ക് വിമാനങ്ങള്‍, ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങള്‍ക്കപ്പുറം ഹബുകള്‍ എന്നിവയെല്ലാം ജെറ്റ് പുനരുജ്ജീവന പദ്ധതികളിലുണ്ട്. എസ് ബി ഐയുടെ നേതൃത്വത്തില്‍ യു കെയിലെ കല്‍റോക് ക്യാപിറ്റലും യു എ ഇയിലെ സംരംഭകന്‍ മുരാരി ലാല്‍ ജലാനുമടങ്ങിയ കണ്‍സോര്‍ഷ്യമാണ് ജെറ്റിനെതിരെ പാപ്പരത്ത ഹരജി നല്‍കിയത്.
2019 ജൂണ്‍ ട്രൈബ്യൂണല്‍ ഹരജി സ്വീകരിച്ചു. കണ്‍സോര്‍ഷ്യത്തിന്റെ പരിഹാര പദ്ധതി 2020 ഒക്ടോബറില്‍ ക്രെഡിറ്റേഴ്‌സ് കമ്മിറ്റി അംഗീകരിച്ചു. പദ്ധതി ട്രൈബ്യൂണലും അംഗീകരിച്ചതോടെ ജെറ്റിന്റെ ഓഹരികള്‍ അഞ്ച് ശതമാനം വര്‍ധിച്ചു.