Connect with us

Business

കുറഞ്ഞ വരുമാനമുള്ളവര്‍ക്കായി വി ഐ 75 രൂപ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | വോഡഫോണ്‍ ഐഡിയ (വി ഐ) കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കള്‍ക്കായി പുതിയ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. 75 രൂപ വിലയുള്ള പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പല സാധാരണക്കാരും ജോലിയില്ലാതെ പ്രയാസത്തിലാണ്. ഈ സാഹചര്യം മനസിലാക്കിയാണ് ഡാറ്റയും കോളിംഗ് ആനുകൂല്യവും നല്‍കുന്ന പുതിയ പ്ലാന്‍ വി ഐ അവതരിപ്പിച്ചത്. അണ്‍ലോക്ക് 2.0 എന്ന പേരിലാണ് വി ഐ ഈ പ്ലാന്‍ അവതരിപ്പിച്ചത്.

75 രൂപ പ്ലാനിൽ ഉപയോക്താക്കള്‍ക്ക് 50 മിനിറ്റ് കോളിംഗ് ആണ് നല്‍കുന്നത്. 50 എംബി ഡാറ്റയും ലഭിക്കും. 15 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് വി ഐ നല്‍കുന്നത്. നിലവിലുള്ള കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയാത്തവര്‍ക്കും ഈ സൗകര്യം ലഭ്യമാണ്. ഈ പ്ലാന്‍ നിങ്ങള്‍ക്കും ലഭ്യമാണോ എന്നറിയാന്‍ യുഎസ്എസ്ഡി കോഡ് 44475 #, ടോള്‍ ഫ്രീ ഐവിആര്‍ 121153 എന്നിവ ഡയല്‍ ചെയ്താല്‍ മതിയാകും.

ഈ നമ്പറുകള്‍ ഡയല്‍ ചെയ്താല്‍ നിങ്ങള്‍ക്ക് 75 രൂപ പ്രീപെയ്ഡ് പ്ലാന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് വ്യക്തമാകും. ഇതിനുശേഷം കമ്പനി നിങ്ങള്‍ക്ക് ഒരു മെസേജ് അയക്കും. ഇതിലൂടെ പുതുതായി ലോഞ്ച് ചെയ്ത 75 രൂപ പാക്കിന്റെ എല്ലാ ആനുകൂല്യങ്ങളും അണ്‍ലോക്ക് ചെയ്യും. ഓഫര്‍ ലഭിക്കാന്‍ നിങ്ങള്‍ യോഗ്യരാണോ എന്നറിയാന്‍ ഉപയോക്താക്കള്‍ക്ക് റീട്ടെയില്‍ സ്റ്റോറുകളും സന്ദര്‍ശിക്കാവുന്നതാണ്. റീട്ടെയിലര്‍മാര്‍ക്ക് ഓഫര്‍ ആക്ടിവേഷന്‍ പരിശോധിക്കാനും സാധിക്കും.

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍-ഐഡിയ 49 രൂപ പായ്ക്കിനൊപ്പം സൗജന്യ ഓഫറുകളും നല്‍കുന്നുണ്ട്. ഈ ആനുകൂല്യം ഉപയോക്താക്കള്‍ക്ക് ഒരു തവണ മാത്രമേ ലഭിക്കുകയുള്ളൂ. ഇത് കൂടാതെ കമ്പനി 38 രൂപയുടെ പ്ലാനിനും ഓഫര്‍ നല്‍കുന്നു. ഈ പ്ലാനിലൂടെ 38 രൂപ ടോക്ക് ടൈമും 300 എം ബി ഡാറ്റയും 28 ദിവസത്തേക്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഇത് കൂടാതെ ഉപയോക്താവ് വിഐ ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴി റീചാര്‍ജ് ചെയ്താല്‍ അവര്‍ക്ക് 200 എം ബി ഡാറ്റ അധികമായി ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

എല്ലാ സ്വകാര്യ കമ്പനികളും കുറഞ്ഞ വരുമാനമുള്ള വിഭാഗത്തിലേക്ക് കൂടുതല്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് സാഹചര്യം മെച്ചപ്പെട്ടു കഴിഞ്ഞാല്‍ കമ്പനികള്‍ പ്ലാനുകളുടെ വില വര്‍ധിപ്പിക്കുമെന്നാണ് സൂചനകള്‍. എല്ലാ ടെലികോം ഓപ്പറേറ്റര്‍മാരും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുള്ള പുതിയ പ്ലാനുകള്‍ ആരംഭിക്കുകയും നിലവിലുള്ളവയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാറുണ്ട്.