Ongoing News
സോളാര്‍ കൊറോണയെ സംബന്ധിച്ച് വിലപ്പെട്ട ശാസ്ത്രഫലങ്ങള്‍ പങ്കുവെച്ച് ചന്ദ്രയാന്‍
ബെംഗളൂരു | ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്‌റോയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍- 2 സുപ്രധാന ശാസ്ത്ര ഫലം പങ്കുവെച്ചു. സോളാര്‍ കൊറോണ, ഹീലിയോഫിസിക്‌സ് എന്നിവ സംബന്ധിച്ച ഫലങ്ങളാണ് ചന്ദ്രയാന്‍- 2ലെ പ്രത്യേക ഉപകരണം പങ്കുവെച്ചത്. സൂര്യനില്‍ ഇപ്പോഴും ദുരൂഹമായി നിലകൊള്ളുന്ന ജീവനെ തന്നെ മാറ്റിമറിക്കുന്ന പ്രതിഭാസങ്ങളുണ്ട്.
സൂര്യന്റെ കൊടുംചൂടുള്ള പുറം അന്തരീക്ഷം അഥവാ കൊറോണ ആണ് ഈ ദുരൂഹതകളില്‍ പ്രധാനം. വിദ്യുത്കാന്തിക മണ്ഡലത്തിലെ അള്‍ട്രാ വയലറ്റ്, എക്‌സ് റേ തരംഗങ്ങള്‍ അതീവ ശക്തമായി ഈ അന്തരീക്ഷം പുറത്തുവിടുന്നുണ്ട്. ഇരുമ്പ് അടങ്ങിയ വാതകം കൊറോണയിലുണ്ട്. ഇതിന്റെ താപനില പത്ത് ലക്ഷം കെല്‍വിന്‍ വരും. സൂര്യന്റെ കാണാവുന്ന ഉപരിതലമായ സാധാരണ പ്രഭാമണ്ഡലത്തിലെ താപനില 6,000 കെല്‍വിന്‍ മാത്രമാണ്.
ചന്ദ്രയാന്‍- രണ്ടിലെ സോളാര്‍ എക്‌സ് റേ മോണിറ്റര്‍ (എക്‌സ് എസ് എം) ആണ് നിരീക്ഷണങ്ങള്‍ നടത്തിയത്. പൊതുവെ ശാന്തമെന്ന് കരുതപ്പെടുന്ന കൊറോണയില്‍ വളരെ ശക്തമായ സൂക്ഷ്മനാളങ്ങളുണ്ടെന്നാണ് കണ്ടെത്തലിന്റെ കാതല്‍. വിവിധ ഇസ്‌റോ കേന്ദ്രങ്ങളില്‍ നിന്നുള്ള പിന്തുണയോടെ പി ആര്‍ എല്‍ വികസിപ്പിച്ചതാണ് എക്‌സ് എസ് എം.