Connect with us

Socialist

'വിവാഹ ജീവിതം വിലപേശലായി, വ്യാപാരക്കരാറായി തരംതാഴ്ത്തുന്നവരെ വീട്ടിലേക്ക് കയറ്റരുത്'

Published

|

Last Updated

വളരെ ചെറിയ പ്രായത്തിൽ, ജീവിച്ചു മതിയാകാതെ കടന്നുപോയ ചില പെൺകുട്ടികൾ…. വിസ്മയ, അർച്ചന, പ്രിയങ്ക, ഉത്ര…….. പേരുകൾ ഇനിയും നീളും. സ്ത്രീധന നിരോധന നിയമം വന്നിട്ട് ആറ് പതിറ്റാണ്ടുകൾ പിന്നിട്ടു. ഇപ്പോഴും നമ്മൾ സ്ത്രീധന മരണങ്ങളെ പറ്റി കേട്ടുകൊണ്ടേയിരിക്കുന്നു. നിയമത്തിലൂടെ സ്ത്രീധന നിരോധനം നടപ്പാക്കിയിട്ടും ഗാർഹിക ചൂഷണങ്ങൾക്കും മരണങ്ങൾക്കും അറുതിയില്ല. 2001 ജനുവരി മുതൽ 2012 ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ 91,202 സ്ത്രീധനമരണങ്ങൾ ആണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്….. സംസ്കാര സമ്പന്നരായ മലയാളികൾക്കിടയിൽ അഞ്ച് വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് 66 സ്ത്രീധന മരണക്കേസുകൾ. റിപ്പോർട്ട് ചെയ്യപ്പെടാതെ അറിയാതെ പോയ കണക്കുകൾ വേറെയുണ്ടാകും; നിയമം നൽകുന്ന പരിരക്ഷക്കൊപ്പം നമ്മുടെ ചിന്താഗതികൾ കൂടി മാറ്റേണ്ടതല്ലേ ?

പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അടിത്തറയിൽ പടുത്തുയർത്തേണ്ട വിവാഹജീവിതം വിലപേശലായി, വ്യാപാരക്കരാറായി തരംതാഴ്ത്തുന്നവരെ വീടിനുള്ളിലേക്ക് കടത്താതിരിക്കാൻ സമൂഹം തയ്യാറാകണം. ഭർത്താവിന്റെ വീട്ടിൽ ശാരീരികവും മാനസികവുമായ പീഡനം സഹിച്ചു കഴിയേണ്ടവളാണ് ഭാര്യ എന്ന ചിന്ത പകർന്നു നൽകാതെ കുട്ടികളെ – ആൺകുട്ടികളെയും പെൺകുട്ടികളെയും – വളർത്താനാവണം. പഠിക്കണം, സ്വയം പര്യാപ്തരാകണം, കൂട്ടു വേണമെന്ന് തോന്നുമ്പോൾ വിവാഹം കഴിക്കണം, പൊരുത്തപ്പെടാനായില്ലെങ്കിൽ പിരിയാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകണം.

തൊഴിൽ ചെയ്യുന്ന എത്ര സ്ത്രീകൾക്ക് സ്വന്തം ഇഷ്ടപ്രകാരം കാശ് ചെലവഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്? സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും വളരെ പ്രധാനപ്പെട്ടതാണ്. നല്ല വേതനത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾ പോലും ഭർത്താക്കന്മാർക്ക് മുൻപിൽ കൈ നീട്ടേണ്ട അവസ്ഥ കേരളത്തിലെ പല വീടുകളിലുമുണ്ട്. അത് മാറണം. ആധിപത്യമല്ല സഹവർത്തിത്വമാണ് കുടുംബമെന്ന് മനസ്സിലാക്കി വേണം കുടുംബ ജീവിതം മുൻപോട്ടു കൊണ്ടുപോകേണ്ടത്. സ്ത്രീ-പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകൾ നമ്മുടെ സമൂഹത്തിന് ആവശ്യമായ കാലമാണിത്. അതിനുതകുന്ന പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കും എന്നറിയിച്ചിട്ടുണ്ട്. പുതിയ സാമ്പിൾ റിപ്പോർട്ട് പ്രകാരം തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യം കേരളത്തിൽ കുറഞ്ഞുവരികയാണ്. അഭ്യസ്തവിദ്യരായ സ്ത്രീകളാണ് തൊഴിലിടങ്ങളിൽ നിന്നും മാറി നിൽക്കുന്നത്. ഇതും ആശങ്കാജനകമാണ്.

വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്ത്രീ പുരുഷ സമത്വത്തിന്റെയും ബാലപാഠങ്ങൾ കുടുംബത്തിൽ നിന്നു തന്നെ ആരംഭിക്കട്ടെ. വിട്ടുവീഴ്ചകൾ ഇനിയില്ല എന്ന് സ്ത്രീകൾ തീരുമാനിക്കട്ടെ. സ്ത്രീധന വിഷയത്തിൽ മാത്രമല്ല പൊതുവിടങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീ പുരുഷ സമത്വത്തിന്റെ ചിന്തകൾ വളരണം. യുവതലമുറയോടാണ്, കുഞ്ഞുങ്ങളോടാണ്…

(നിയുക്ത രാജ്യസഭാ എം പി)

---- facebook comment plugin here -----

Latest