Business
മഹാമാരി കാലത്തും വന്‍ ലാഭം നേടി മുകേഷ് അംബാനിയുടെ റിലയന്‍സ്
മുംബൈ | കൊവിഡ് മഹാമാരിയുടെ ദുരിതകാലത്തും എല്ലാ പാദവര്‍ഷങ്ങളിലും ലാഭം നേടി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കടം ഇല്ലാത്ത ബാലന്‍സ് ഷീറ്റ് എന്ന നേട്ടം ഈ വര്‍ഷം മാര്‍ച്ചിന് മുമ്പ് തന്നെ നേടാന്‍ കഴിഞ്ഞതായി 44ാം വാര്‍ഷിക പൊതുയോഗത്തില്‍ അംബാനി പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ഇത്തരമൊരു ലക്ഷ്യം പ്രഖ്യാപിച്ചിരുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സഞ്ചിത വരുമാനം 5.4 ലക്ഷം കോടി രൂപയാണ്. പലിശ, നികുതി, വിലയിടിവ്, തവണകളായി വായ്പ അടക്കല്‍ അഥവ എബിറ്റ്ഡക്ക് മുമ്പുള്ള സഞ്ചിത വരുമാനം 98,000 കോടി രൂപയാണ്. എബിറ്റ്ഡയിലെ 50 ശതമാനം സംഭാവനയും ഉപഭോക്തൃ ബിസിനസ്സില്‍ നിന്നാണ്.
രാജ്യത്തെ മെര്‍ച്ചന്‍ഡൈസ് കയറ്റുമതിയില്‍ 6.8 ശതമാനവും കൈയാളുന്നത് റിലയന്‍സാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകത്തെ മറ്റേതൊരു കമ്പനിക്കും സാധിക്കാത്ത രീതിയില്‍ 44.4 ബില്യന്‍ ഡോളര്‍ മൂലധനം സമാഹരിക്കാനും കമ്പനിക്ക് സാധിച്ചതായി അംബാനി അറിയിച്ചു. അതിനിടെ, ഗൂഗിളുമായി ചേര്‍ന്ന് ജിയോഫോണ്‍ നെക്‌സ്റ്റ് എന്ന വിലകുറഞ്ഞ 4ജി ഫോണുകള്‍ ഉടനെ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.