Connect with us

Socialist

'വിമർശനങ്ങളെ ഉൾകൊള്ളാനുള്ള സന്നദ്ധതയാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് വേണ്ട പ്രഥമ യോഗ്യത'

Published

|

Last Updated

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ എനിക്കെതിരെ വിമർശനമുണ്ടായി എന്ന വാർത്ത കേട്ട് പ്രതികരണം അറിയാനായി മീഡിയാ പ്രവർത്തകരും സംഘടനാ സുഹൃത്തുക്കളും വിളിക്കുന്നുണ്ട്. സത്യത്തിൽ ഈ വിവരം ഒരേ സമയം വ്യക്തിപരമായി സന്തോഷവും അത് പോലെ ആശങ്കയുമാണ് ഉണ്ടാക്കിയത്.

വളർന്നു വരുന്ന തലമുറ വിമർശനങ്ങൾ ഉന്നയിക്കാൻ സന്നദ്ധരാവുകയും പ്രാപ്തി നേടുകയും ചെയ്യുന്നുണ്ട് എന്നത്‌ വലിയ സന്തോഷം തന്നെയാണ്. ഞാനടക്കമുള്ള നേതൃത്വം വിമർശനത്തിനതീതരല്ലല്ലോ!! വസ്തുതാപരവും ക്രിയാത്മകവുമായ വിമർശനങ്ങളെ ഉൾകൊള്ളാനുള്ള സന്നദ്ധതയാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് വേണ്ട പ്രഥമ യോഗ്യത. എം എസ്‌ എഫിലും യൂത്ത് ലീഗിലും നേതൃപദവിയിലിരിക്കാൻ അവസരം ലഭിച്ചപ്പോൾ ഈ കാര്യത്തിൽ നീതി പുലർത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

വിമർശനങ്ങളെ ഭയപ്പെടരുത്; അത് നമ്മളെ നവീകരിക്കും എന്ന അഭിപ്രായമാണുള്ളത്. രണ്ട് ദിവസം മുമ്പ് ക്ലബ്ബ് ഹൗസിൽ വ്യത്യസ്ത വീക്ഷണങ്ങളുള്ള നിരവധി വ്യക്തിത്വങ്ങൾ ഉൾപ്പെട്ട ചർച്ചയുടെ ഭാഗമായി വിചാരണക്കൂട്ടിൽ ഇരുന്നു കൊടുത്തതും ആ വിശ്വാസത്തിലാണ്‌. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ നടന്ന ചർച്ചയെക്കുറിച്ചും ആധികാരികമായ വിവരങ്ങൾ ശേഖരിക്കും. വിമർശനങ്ങൾ ഉന്നയിച്ച വ്യക്തികളെക്കുറിച്ചേ അല്ല വിവരശേഖരണം; മറിച്ച് അവർ ഉന്നയിച്ച വിഷയങ്ങൾ സംബന്ധിച്ചാണ്!! ആ കാര്യങ്ങൾ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി പങ്ക് വെക്കും.

തങ്ങളുടെ ഉപദേശ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോവും. തിരുത്തപ്പെടേണ്ടതുണ്ടെങ്കിൽ ഉൾകൊള്ളാൻ സന്നദ്ധനാണ്. ഞാൻ കാരണം സംഘടനക്കോ പ്രർത്തകർക്കോ തല കുനിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ക്ഷമ പറയും. ഏതെങ്കിലും സ്ഥാനത്ത് ഞാനിരിക്കുന്നതിനാൽ പാർട്ടിയുടെ വളർച്ചക്ക് തടസ്സമാവുന്നുണ്ടെങ്കിൽ ഒഴിഞ്ഞു കൊടുക്കും. ഞാൻ കുത്തിയാലേ അരി വെളുക്കൂ എന്ന വാശിയേ ഇല്ല!!

ആശങ്ക എന്തെന്നാൽ,
ഉത്തരവാദപ്പെട്ട ഭാരവാഹികളും പ്രവർത്തകരും ഗുണകാംക്ഷയോടെ വിമർശിക്കുമ്പോൾ അവർക്ക് ചില പ്രതീക്ഷകളും ഉണ്ടാവും. ആ പ്രതീക്ഷകൾക്കൊത്ത് വളരാൻ സാധിക്കുമോ എന്നതാണ് എന്റെ ആശങ്ക. അങ്ങനെ സംഘടനക്ക് ഗുണകരമായ പ്രതീക്ഷകൾ അവരിൽ ഉണ്ടെങ്കിൽ അവയ്ക്കൊപ്പം ഉയരാൻ കഴിയണമേ എന്നതാണ് പ്രാർത്ഥനയും!! ഇനിയും വിമർശനങ്ങൾക്ക് സ്വാഗതം.

(മുൻ എം എൽ എ)

---- facebook comment plugin here -----

Latest