Covid19
മുംബൈയിലെ പകുതിയലധികം കുട്ടികളിലും കൊവിഡ് ആന്റിബോഡിയുണ്ടെന്ന് സെറോ സര്‍വേ
മുംബൈ | മുംബൈയിലെ 51.18 ശതമാനം കുട്ടികളുടെ ശരീരത്തിലും കൊവിഡ് ആന്റിബോഡികളുണ്ടെന്ന് സെറോ സര്‍വേ ഫലം. അതായത് ഇത്രയധികം കുട്ടികൾക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിനും ജൂണ്‍ 15നും ഇടയില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. മുംബൈയിലെ പാത്ത് ലാബുകളില്‍ നിന്ന് ശേഖരിച്ച 2,176 രക്ത സാമ്പിളുകളാണ് പരിശോധിച്ചത്.
പത്ത് വയസ്സിനും പതിനാലിനും ഇടയില്‍ പ്രായമുള്ളവരില്‍ 53.43 ശതമാനവും 15- 18 പ്രായക്കാരില്‍ 51.39 ശതമാനവും ഒന്നിനും നാലിനും ഇടയില്‍ പ്രായമുള്ളവരില്‍ 51.04 ശതമാനവുമാണ് സെറോ പോസിറ്റിവിറ്റി. മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെറോ സര്‍വേയെ അപേക്ഷിച്ച് ഈ പഠനത്തില്‍ കുട്ടികളില്‍ സെറോ പോസിറ്റിവിറ്റി കൂടുതലാണ്.
മാര്‍ച്ചിലെ സര്‍വേയില്‍ 39.4 ശതമാനമായിരുന്നു സെറോ പോസിറ്റിവിറ്റി. രണ്ടാം തരംഗത്തില്‍ കൂടുതല്‍ കുട്ടികള്‍ രോഗബാധിതരായി ആരോഗ്യ സംവിധാനങ്ങളെ സമീപിച്ചതിനാലാണിത്. കഴിഞ്ഞ മാസം കര്‍ണാടകയില്‍ നടത്തിയ സര്‍വേയില്‍ മാര്‍ച്ച് അവസാനത്തിനും മെയ് ആദ്യത്തിനും ഇടയില്‍ 1.4 ലക്ഷം കുട്ടികള്‍ കൊവിഡ് ബാധിതരായതായി കണ്ടെത്തിയിരുന്നു. ഇവരില്‍ 40,000ഓളം പേര്‍ പത്ത് വയസ്സിന് താഴെയുള്ളവരായിരുന്നു.