Connect with us

Socialist

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് നിഷേധിച്ചത് വിദ്യാർഥികളോടുള്ള കൊടിയ വഞ്ചന

Published

|

Last Updated

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം വിദ്യാർത്ഥികളോടുള്ള കൊടിയ വഞ്ചനയാണ്. സ്കൂൾ തലത്തിൽ സന്നദ്ധ സേവനത്തിനിറങ്ങിയ വിദ്യാർത്ഥികളെയും, കലാ കായിക മത്സരങ്ങളിലടക്കം പാഠ്യേതര രംഗങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളെയുമാണ് പരീക്ഷ കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം സർക്കാർ വഞ്ചിച്ചിരിക്കുന്നത്.

വിദ്യാർത്ഥികളിൽ സേവന / സാമൂഹിക ബോധമുണർത്താനും, കലാകായിക പാഠ്യേതര രംഗങ്ങളിൽ കൂടി അവരെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് പാഠ്യേതര രംഗത്തെ പ്രതിഭകൾക്കും, SPC, NSS, NCC, സ്കൗട്ട് & ഗൈഡ്സ് തുടങ്ങിയ
സന്നദ്ധ സേനാ അംഗങ്ങൾക്കും ഗ്രേസ് മാർക്കുകൾ നൽകുന്നത്. സംസ്ഥാന തലത്തിൽ കലാ, കായിക, ശാസ്ത്ര പ്രവൃത്തി പരിചയ മത്സരങ്ങൾ
നടക്കാത്തതിനാൽ ഒട്ടേറെ പ്രതിഭകൾക്ക് കോവിഡ് മൂലം ഇത്തവണ അവസരം നഷ്ടപ്പെട്ടെന്നും, അവർക്ക് ഗ്രേസ് മാർക്ക് നഷ്ടപ്പെടുന്നതും നമുക്ക് മനസ്സിലാക്കാം. പക്ഷെ സ്കൂൾ അവധി ദിവസങ്ങളിലടക്കം മണിക്കൂറുകൾ ചെലവഴിച്ച് SPC, NSS, NCC, സ്കൗട്ട് & ഗൈഡ്സ് തുടങ്ങിയ സന്നദ്ധ സാമൂഹ്യ പ്രവർത്തനങ്ങൾക്കിറങ്ങിയവർ

അവരോടെന്തിനാണ് സർക്കാറിൻ്റെ വഞ്ചന. അവരുടെ അധ്വാനത്തെയും സേവനത്തെയും കണ്ടറിയാതെ ഒരൊറ്റ സുപ്രഭാതത്തിലാണ് സർക്കാർ ഗ്രേസ് മാർക്ക് ഒഴിവാക്കിയിരിക്കുന്നത്.

ഗ്രേസ് മാർക്കിൽ പ്രതീക്ഷയർപ്പിച്ച്, അത്തരം കാര്യങ്ങൾക്കു കൂടി സമയവും ധനവും, ചെലവഴിച്ച് പരീക്ഷയെഴുതിക്കഴിഞ്ഞ ശേഷം ഗ്രേസ് മാർക്കില്ലെന്ന് പറയുന്നത്, ഇലയിട്ട ശേഷം ഊണില്ലെന്നു പറയുന്നത്ര നീതികേടാണ്. രണ്ടു ലക്ഷത്തോളം വരുന്ന ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്ന സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് യാതൊരു ബോധവുമില്ലാത്ത സർക്കാറാണിത്. ചോദ്യാവലികൾ പ്രയാസപ്പെട്ടതാണെങ്കിൽ കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ വകുപ്പ് തല ചർച്ചകൾ നടത്തി മോഡറേഷൻ മാർക്കുകൾ നൽകാറുണ്ട്. മോഡറേഷൻ സർക്കാറിൻ്റെ റേഷനാണ്, ഔദാര്യമാണ്

എന്നൊക്കെ കരുതാം, പക്ഷെ, ഗ്രേസ് മാർക്ക്; അതു വിദ്യാർത്ഥികളുടെ മികവിനുള്ള അംഗീകാരമാണ്, അവകാശമാണ്. പരീക്ഷകളിൽ ഉദാരമായ ചോദ്യാവലിയായിരുന്നെന്ന കാരണം പറഞ്ഞ് പരീക്ഷയെഴുതിയ ശേഷം ഗ്രേസ് മാർക്ക് നിഷേധിക്കുന്നത് അവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്നതാണ്.

പരീക്ഷകൾ പലവട്ടം മാറ്റിവെച്ചു തന്നെ വിദ്യാർത്ഥികളെ മാനസിക സംഘർഷത്തിലാക്കിയ ഒരു സർക്കാരാണിത്. മാർച്ച് മാസത്തിൽ സുഗമമായി നടത്താമായിരുന്ന പരീക്ഷകൾ ഇടത് അധ്യാപക സമൂഹത്തെ തപാൽ വോട്ടടക്കമുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ പങ്കാളികളാക്കാൻ വേണ്ടിയാണ് ഏപ്രിലിലേക്ക് മാറ്റി വെച്ചത്. ഏപ്രിലിൽ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ പരീക്ഷകൾ നടക്കുമോ എന്നു തന്നെ സംശയത്തിലായിരുന്നു.
ചോദ്യാവലികൾ കൂടുതൽ ഉദാരമാക്കിയും ശക്തമായ കോവിഡ് പ്രോട്ടോകോളുകൾ

പാലിച്ചുമാണ് പിന്നീട് പരീക്ഷകൾ നടന്നത്. ഏപ്രിലിൽ നടന്ന ഹയർ സെക്കണ്ടറി പൊതു പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ പൂർത്തിയാവാത്തതിനാൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം വൈകുന്നത് മനസ്സിലാക്കാം. SSLC ക്കാരുടെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷകൾ നേരത്തെ തന്നെ വേണ്ടന്നു വെച്ചതാണ്., എന്നിട്ടും ജൂൺ മാസം അവസാനിച്ച ശേഷവും ഈ വർഷത്തെ SSLC പരീക്ഷാ ഫലം പ്രഖ്യാപിക്കാനാവാത്തത് വിദ്യാഭ്യാസ വകുപ്പിൻ്റെ അനാസ്ഥ തന്നെയാണ്.

പരീക്ഷാ നടത്തിപ്പിലെ കെടുകാര്യസ്ഥത, പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിലെ കാലതാമസം, വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കു മുമ്പ് ഒരറിയിപ്പും നൽകാതെ, ഗ്രേസ് മാർക്ക് കവർന്നെടുക്കൽ, വിദ്യാർത്ഥികളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും ഈ സർക്കാറിനും യാതൊരു ബോധവുമില്ലെന്നാണ് കാര്യങ്ങൾ

മനസ്സിലാക്കിത്തരുന്നത്. ഭരണനിർവ്വഹണം എളുപ്പമാക്കാൻ വിദ്യാഭ്യാസ വകുപ്പിനെ രണ്ടായി വിഭജിച്ചിട്ടും ബെല്ലും, ബ്രേക്കുമില്ലാതെ ഓടുന്ന പാട്ടവണ്ടിയാണിന്ന് വിദ്യാഭ്യാസ വകുപ്പ്.

രണ്ടു ചങ്കുട്ടായിട്ടും, രണ്ടു വകുപ്പുണ്ടായിട്ടും ഒരു കാര്യവുമില്ലെന്ന്
എല്ലാവർക്കും താമസിയാതെ ബോധ്യപ്പെടും.. അതു വരെ എം.സി.ജോസഫൈൻ പറഞ്ഞതു പോലെ എല്ലാവരും അനുഭവിക്കുക തന്നെ..!

(മുൻ വിദ്യാഭ്യാസ മന്ത്രി)

---- facebook comment plugin here -----

Latest