Articles
സ്ഥലനാമ വിവാദത്തിലെ സംഘ്പരിവാര്‍ ഗൂഢതാത്പര്യങ്ങള്‍

കന്നഡ ഭാഷയുടെ പേരില്‍ കേരളത്തില്‍ സ്പര്‍ധയുണ്ടാക്കി വ്യത്യസ്ത ജനവിഭാഗങ്ങളെ ശത്രുക്കളാക്കി മാറ്റാന്‍ ബി ജെ പിയും സംഘ്പരിവാര്‍ ശക്തികളും നാളിതുവരെ നടത്തിക്കൊണ്ടിരുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ട ചരിത്രമാണുള്ളത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മാത്രമല്ല ഭാഷയുടെ പേരില്‍ പോലും വിദ്വേഷവും വേര്‍തിരിവും സൃഷ്ടിച്ച് കുഴപ്പങ്ങളുണ്ടാക്കാന്‍ അവര്‍ നടത്തിയ പദ്ധതികളെല്ലാം പൊതുസമൂഹത്തിന്റെ ഇച്ഛാശക്തിക്കും പ്രതിരോധത്തിനും മുന്നില്‍ പാളിപ്പോകുകയായിരുന്നു.
സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോട് ജില്ലയില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയിലും മലയാളികള്‍ക്കിടയിലുമുള്ള ഐക്യം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സംഘ്പരിവാര്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍ ഇപ്പോള്‍ മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ പേരുകള്‍ മാറ്റി കന്നഡ ഭാഷയുടെ സംസ്‌കാരത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പ്രചാരണം പൊടുന്നനെ പൊട്ടിമുളച്ചിരിക്കുന്നു. കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ കന്നഡ ഭാഷ കലര്‍ന്ന സ്ഥലപ്പേരുകള്‍ കേരളം തിരുത്തുകയാണെന്ന പരാതിയുമായാണ് ബി ജെ പി നിയന്ത്രണത്തിലുള്ള കര്‍ണാടക ഭരണകൂടത്തിന്റെ വക്താക്കളും വിവിധ കന്നഡ സംഘടനകളും രംഗത്തുവന്നിരിക്കുന്നത്. കേരളത്തിന്റെ അധീനതയിലുള്ള അതിര്‍ത്തിയിലെ റോഡ്, ടൂറിസ്റ്റ് സൂചനാ ബോര്‍ഡുകളില്‍ മലയാള ഭാഷയിലുള്ള സ്ഥലപ്പേരുകള്‍ ചേര്‍ത്തതാണ് കര്‍ണാടക വിവാദ വിഷയമായി ഉയര്‍ത്തുന്നത്. കന്നഡ ശൈലിയിലുള്ള എല്ലാ സ്ഥലനാമങ്ങളും ഈ രീതിയില്‍ മാറ്റാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും കര്‍ണാടക ആരോപിക്കുന്നു. സ്ഥലപ്പേര് തിരുത്തുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കര്‍ണാടക അതിര്‍ത്തി വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ. സി സോമശേഖര കേരള പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്തയച്ചതോടെ വിഷയം കൂടുതല്‍ ഗൗരവ സ്വഭാവത്തിലെത്തിയിരിക്കുന്നു. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും മറ്റ് ബി ജെ പി മന്ത്രിമാരും മാത്രമല്ല കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അടക്കമുള്ളവര്‍ പോലും സ്ഥലനാമത്തിന്റെ പേരില്‍ കേരളത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. കേരളത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് കന്നഡ വികസന സമിതി ചെയര്‍മാന്‍ ടി എസ് നാഗാഭരണയും മൈസൂരു എം പി പ്രതാപ് സിംഹയും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കേരളത്തിലെ ബി ജെ പിയും കന്നഡപ്പേരുള്ള സ്ഥലങ്ങള്‍ക്ക് മലയാളത്തില്‍ പേരിടുന്നുവെന്ന വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
കാസര്‍കോട് നഗരത്തിലെ പുലിക്കുന്നിന്റെ പേര് യഥാര്‍ഥത്തില്‍ കന്നഡ ഭാഷയിലുള്ള പിലികുഞ്ചെ എന്നാണെന്നും ഈ പേര് ഉപയോഗിക്കാത്തത് കന്നഡ സംസ്‌കാരത്തിനെതിരായ വെല്ലുവിളിയാണെന്നും സോമശേഖര മന്ത്രി റിയാസിനയച്ച കത്തില്‍ പറയുന്നുണ്ട്. മധൂരുവിനെ മധൂര്‍ എന്നാക്കിയതും മല്ലയെ മല്ലം എന്നാക്കിയതും കര്‍ണാടക ചോദ്യം ചെയ്യുന്നു. മഞ്ചേശ്വരയെ മഞ്ചേശ്വരം, ബേഡഡുക്കയെ ബേഡകം, കാറഡുക്കയെ കാടകം, ആനേബാഗിലുവിനെ ആനബാഗില്‍, ഹൊസദുര്‍ഗയെ പുതിയകോട്ട, കുബളെയെ കുമ്പള എന്നിങ്ങനെ മാറ്റിയെന്നും കര്‍ണാടകയുടെ കത്തില്‍ കുറ്റപ്പെടുത്തുന്നു. കാസര്‍കോട് ജില്ലയിലെ ഭാഷാപരമായ ഐക്യം സംരക്ഷിക്കണമെന്നും അതിര്‍ത്തിയിലെ കന്നഡ ഭാഷക്കാരുടെ വികാരം മാനിക്കണമെന്നും സ്ഥലപ്പേരുകള്‍ മലയാളത്തിലേക്ക് മാറ്റിയാലും അവയുടെ അര്‍ഥം മനസ്സിലാക്കി കന്നഡ പേരുകള്‍ അതേപടി നിലനിര്‍ത്തണമെന്നും എച്ച് ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തതോടെ ഈ വിഷയത്തില്‍ ബി ജെ പിക്ക് മാത്രമല്ല എതിര്‍പ്പുള്ളതെന്നും കര്‍ണാടകയിലെ പൊതുസമൂഹം സ്ഥലനാമം മാറ്റുന്നതിന് എതിരാണെന്നും വരുത്താനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കപ്പെട്ടതെന്ന് വ്യക്തമാകുകയാണ്.
കന്നഡച്ചുവയുള്ള പേരുകള്‍ മലയാളത്തിലേക്ക് മാറ്റുന്നുവെന്ന പരാതിയില്‍ യാതൊരു കഴമ്പുമില്ല. കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പെടുന്ന അതിര്‍ത്തി ഗ്രാമങ്ങളിലെ സൂചനാ ബോര്‍ഡുകളില്‍ മലയാളത്തിലും കന്നഡയിലുമാണ് സ്ഥലപ്പേരുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഉദാഹരണത്തിന് മലയാളത്തില്‍ മഞ്ചേശ്വരം എന്നാണെങ്കില്‍ കന്നഡയില്‍ മഞ്ചേശ്വര എന്നാണ്. മറ്റു സ്ഥലപ്പേരുകളും പലകയില്‍ ഈ രീതിയിലാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. മലയാളികള്‍ക്കും കന്നഡക്കാര്‍ക്കും ഇത് വളരെ സൗകര്യപ്രദവുമാണ്. എന്നാല്‍ കേരളത്തില്‍ കന്നഡ ഭാഷാശൈലിയില്‍ തന്നെ മലയാളത്തിലും സ്ഥലപ്പേര് വേണമെന്ന് പറയുന്നത് മലയാളികളെ സംബന്ധിച്ച് അംഗീകരിക്കാനാകില്ല. മലയാള ശൈലിയില്‍ കന്നഡയില്‍ സ്ഥലപ്പേര് നല്‍കുന്നതും അനുചിതമാണ്. ഇക്കാര്യത്തിലുള്ള തര്‍ക്കം ഒഴിവാക്കാനും ഭാഷാപരമായ സഹവര്‍ത്തിത്വം നിലനിര്‍ത്താനുമാണ് ഒരേ ബോര്‍ഡില്‍ ചെറിയ വ്യത്യാസത്തില്‍ മാത്രം കന്നഡയിലും മലയാളത്തിലും സ്ഥലനാമം രേഖപ്പെടുത്തുന്നത്. കന്നഡ ഭാഷ സംസാരിക്കുന്നവരും തുളുഭാഷ സംസാരിക്കുന്നവരും അടക്കമുള്ള ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലപ്പേര് മാറ്റരുതെന്ന് 2016ല്‍ കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. റവന്യൂ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുമ്പോള്‍ സ്ഥലപ്പേര് സൂക്ഷിച്ച് അടിച്ചുചേര്‍ക്കണമെന്ന് 2008ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും നിലനില്‍ക്കുന്നു. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കാസര്‍കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നതിനിടെ കന്നഡ സ്വാധീനമുള്ള പേരുകള്‍ അടിച്ചുചേര്‍ക്കുമ്പോള്‍ സാങ്കേതികമായ ചില പിഴവുകള്‍ സംഭവിക്കുന്നുണ്ട്. ഇത് ബോധപൂര്‍വം സംഭവിക്കുന്ന കാര്യമല്ല. സ്ഥലത്തിന്റെ പേര് മാറ്റുന്നുവെന്നത് ശുദ്ധ അസംബന്ധമാണെന്നും ഇത്തരത്തിലുള്ള ചര്‍ച്ച എവിടെയും നടന്നിട്ടില്ലെന്നുമാണ് കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. സ്ഥലനാമം മാറ്റുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ കലക്ടറേറ്റിന്റെയോ സെക്രട്ടേറിയറ്റിന്റെയോ പരിഗണനക്ക് വന്നിട്ടുമില്ല. കന്നഡയിലെയും മലയാളത്തിലെയും പേരുകള്‍ക്ക് 99 ശതമാനവും സാമ്യവുമുണ്ട്. ഈ സാഹചര്യത്തില്‍ പൊടുന്നനെ ഇതേ ചൊല്ലി വിവാദം ഉടലെടുത്തതിന് പിന്നില്‍ ബി ജെ പിയുടെ ഗൂഢ താത്പര്യങ്ങളാണെന്ന് പകല്‍ പോലെ വ്യക്തമാണ്.
കാസര്‍കോട്ടെ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള സ്വാധീനം ബി ജെ പിക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കും നാള്‍ക്കുനാള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു. അതിര്‍ത്തിയില്‍ കന്നഡ ഭാഷക്ക് ആധിപത്യമുള്ള പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന അയിത്തവും അവഗണനയും അവര്‍ണരായ ഭാഷാ ന്യൂനപക്ഷങ്ങളെ ബി ജെ പിയില്‍ നിന്ന് അകറ്റുന്നു. സവര്‍ണ താത്പര്യങ്ങളാണ് ബി ജെ പി സംരക്ഷിക്കുന്നത്. ബി ജെ പി നേതാക്കളുടെ അഴിമതിയും സ്വജനപക്ഷപാതവും മാത്രമല്ല കേരളത്തിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളോട് കാസര്‍കോട്ടെ ബി ജെ പി നേതൃത്വം പുലര്‍ത്തുന്ന നിസ്സംഗതയും ഇവിടുത്തെ ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ ഉപരോധവും നിയന്ത്രണവും മൂലം മംഗളൂരു ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്ക് പോകാനാകാതെ മരിച്ചവരില്‍ ഭൂരിഭാഗവും അതിര്‍ത്തിയിലെ കന്നഡ ഭാഷക്കാരാണ്. അപ്പോഴും കര്‍ണാടകയുടെ നടപടിയെ ന്യായീകരിക്കാനാണ് കാസര്‍കോട്ടെ ബി ജെ പി നേതൃത്വം തയ്യാറായത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിച്ച ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പരാജയപ്പെടാന്‍ ഒരു പ്രധാന കാരണം പാര്‍ട്ടി അനുഭാവികളായ ഭാഷാ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ പലതും വിനിയോഗിക്കപ്പെടാതെ പോയതുകൊണ്ടായിരുന്നു. കാസര്‍കോട് മണ്ഡലത്തിലും ഈ വിഭാഗത്തില്‍ നിന്ന് പ്രതീക്ഷിച്ച വോട്ടുകള്‍ ബി ജെ പിക്ക് കിട്ടിയിരുന്നില്ല. ഇതൊക്ക കാസര്‍കോട്ടെ കന്നഡിഗരുടെ പരമ്പരാഗത വോട്ടു ബേങ്കുകള്‍ ഇപ്പോള്‍ ബി ജെ പിക്ക് അനുകൂലമല്ലെന്നതിന്റെ തെളിവാണ്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി ജെ പി ഒഴുക്കിയ കള്ളപ്പണം സംബന്ധിച്ച് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നു. കെ സുരേന്ദ്രന്‍ മാത്രമല്ല കാസര്‍കോട്ടെയും കര്‍ണാടകയിലെയും പ്രമുഖ ബി ജെ പി നേതാക്കളും അന്വേഷണം നേരിടുകയാണ്. ബി ജെ പിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഭാഷാ ന്യൂനപക്ഷക്കാരായ പല കുടുംബങ്ങളും അടച്ചുറപ്പുള്ള വീടോ തൊഴിലോ ഇല്ലാതെയും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടും ദുരിതജീവിതം നയിക്കുമ്പോഴാണ് ഇവര്‍ക്ക് വേണ്ടി യാതൊന്നും ചെയ്യാതെ കെ സുരേന്ദ്രന്റെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കുവേണ്ടി കള്ളപ്പണം ധൂര്‍ത്തടിച്ചത്. ബി ജെ പി ഭരിക്കുന്ന അതിര്‍ത്തിയിലെ പഞ്ചായത്തുകളിലും ഭാഷാ ന്യൂനപക്ഷക്കാരിലേക്ക് ഭവനപദ്ധതി അടക്കം ഒരു സഹായവും എത്തുന്നില്ല. കള്ളപ്പണ വിവാദം അടക്കം ബി ജെ പിയെ പ്രതിക്കൂട്ടിലാക്കുന്ന വിവാദങ്ങളില്‍ നിന്നും മറ്റു പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നഷ്ടമായ സ്വാധീനം വീണ്ടെടുക്കാനുമാണ് സ്ഥലനാമം അനവസരത്തില്‍ ചര്‍ച്ചയാക്കുന്നതെന്ന് വേണം കരുതാന്‍.
ടി കെ പ്രഭാകരകുമാര്‍