Articles
എക്സ് പ്രവാസികളേ, കേരളം തൊഴിലിടമാണ്
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന രണ്ട് മതബിരുദധാരികളായ സുഹൃത്തുക്കള്‍ ഇപ്പോള്‍ നാട്ടില്‍ കിണര്‍ കുഴിക്കുന്ന ജോലിക്ക് പോകുകയാണ്. കെട്ടിട നിര്‍മാണ ജോലിയില്‍ ഹെല്‍പ്പര്‍മാരായും ഡ്രൈവറായും ജോലി ചെയ്യുന്നവരും പരിചയത്തിലുണ്ട്. ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ എക്സിക്യൂട്ടീവ് തസ്തികയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ രാവിലെ സ്‌കൂട്ടറില്‍ മീന്‍കച്ചവടം ആരംഭിച്ചു. എക്സ് പ്രവാസികളുടെ ഇത്തരം തൊഴില്‍ അവസ്ഥകള്‍ ഓരോ ഗ്രാമങ്ങളിലെയും യാഥാര്‍ഥ്യങ്ങളായിട്ടുണ്ട്. റസ്റ്റോറന്റ്, ഫാന്‍സി-ഫുട‌്വെയര്‍ ഷോപ്പുകള്‍, ഗ്രോസറി, നിര്‍മാണ യൂനിറ്റുകള്‍ തുടങ്ങി ചെറുകിട, ഇടത്തരം സംരംഭങ്ങളായിരുന്നു മടങ്ങിവന്ന പ്രവാസികളുടെ കൊവിഡ്പൂര്‍വ കാലത്തെ സാധാരണ സങ്കേതങ്ങള്‍. എന്നാല്‍ കൊവിഡ് നിയന്ത്രിത കാലത്തെ എക്സ് ഗള്‍ഫ് ജീവിതം സംരംഭങ്ങളേക്കാള്‍ നിത്യവേതനത്തൊഴിലിലേക്കും സ്വയം തൊഴിലുകളിലേക്കും മാറിയിരിക്കുന്നു. വളരെ പോസിറ്റീവായ സ്വയം പുനരധിവാസ പാക്കേജുകളോ ആശ്വാസങ്ങളോ ആണിത്. പരാജയപ്പെടാനുള്ളതല്ല, അതിജയിക്കാനുള്ളതാണ് ജീവിതം എന്ന യാഥാര്‍ഥ്യം ഓരോ പ്രവാസികളും തിരിച്ചറിഞ്ഞിരിക്കുന്നു.
മടങ്ങിവരുന്ന പ്രവാസികളുടെ കണക്കുകള്‍ നിരത്തി പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. പതിനഞ്ച് ലക്ഷം മലയാളികള്‍ തിരിച്ചു നാട്ടിലെത്തിയെന്ന സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം തിരിച്ചുപോക്ക് പ്രതിസന്ധിയിലായ സ്റ്റോറികളും മാധ്യമങ്ങളില്‍ നിറയെ ഉണ്ട്. പുനരധിവാസം എന്ന രാഷ്ട്രീയ സത്യമില്ലാത്ത വാക്ക് ഇപ്പോഴും വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. വിരമിച്ചോ തൊഴില്‍ നഷ്ടപ്പെട്ടോ നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് ക്രിയാത്മകമായ അതിജീവന സാഹചര്യം സൃഷ്ടിക്കാന്‍ നമ്മുടെ രാഷ്ട്രീയ ഘടനക്ക് നേരത്തേ തന്നെ സാധിച്ചിട്ടില്ല. പക്ഷേ, ഗള്‍ഫ് പണത്തിന്റെ മാത്തമാറ്റിക്സ് പുനരധിവാസം പോലെ ഒരു സംജ്ഞയെ നിരന്തരം പ്രയോഗിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഏതാനും വായ്പാ പദ്ധതികള്‍ക്കും ആശ്വാസ ധന പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ഫലപ്രദമായ പദ്ധതി ആവിഷ്‌കാരങ്ങളുണ്ടായില്ല. ഗള്‍ഫ് നാടുകളില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്ത് പരിചയം നേടിയ മാനവവിഭവങ്ങളെ പ്രയോജനപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ പരിശ്രമങ്ങളോ ഉത്തേജനങ്ങളോ ഉണ്ടായില്ല. സംരംഭങ്ങളിലും സ്വയംതൊഴിലുകളിലും സ്വന്തമായി പുനരധിവാസം കണ്ടെത്തുകയായിരുന്നു ഭൂരിഭാഗം പ്രവാസികളും. അതുകൊണ്ടാണ് പുനരധിവാസം കൊവിഡിനു മുമ്പുതന്നെ സത്യസന്ധതയില്ലാത്ത ഒരു ആശയമായിത്തീര്‍ന്നത്.
പ്രവാസ സമ്പന്നമായ കേരളത്തില്‍ ഒഴിവുവന്ന തൊഴിലിടങ്ങളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെത്തി. അങ്ങനെ മലയാളികള്‍ തൊഴില്‍ തേടി ഗള്‍ഫിലേക്കു കുടിയേറിയതിനു സമാനമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ കേരളത്തിലേക്കും കുടിയേറി. ഗള്‍ഫില്‍ പോയി നിര്‍മാണ സൈറ്റുകളിലും വെയര്‍ഹൗസുകളിലും കഫ്റ്റീരിയകളിലും ജോലി ചെയ്യാന്‍ മലയാളി മടികാട്ടിയില്ല. ക്ലീനിംഗ്, സെക്യൂരിറ്റി, ഹൗസ് ഡ്രൈവര്‍, ഓഫീസ് ബോയ് തസ്തികകളിലും അവര്‍ അഭിമാനംപൂണ്ടു. ഒഴിഞ്ഞുകിടന്ന നാട്ടിലെ കൂലിവേലകള്‍ മലയാളിയുടെ സോഷ്യല്‍ സ്റ്റാറ്റസിനു പറ്റാതായി. ഈ ചിത്രത്തെയാണ് കൊവിഡ് കാലം ശുദ്ധമായി തിരുത്തുന്നത്. അപ്രകാരമാണ് കിണര്‍ ജോലികള്‍ക്കും മീന്‍കച്ചവടത്തിനും എക്സിക്യൂട്ടീവുകളായ എക്സ് ഗള്‍ഫുകാര്‍ സന്നദ്ധമാകുന്നത്. വലിയ മാനസിക പീഡകളിലൂടെ കടന്നുപോയിട്ടുണ്ടാകണം പലരും. എങ്കിലും ഗള്‍ഫ് തൊഴിലവസ്ഥകളുടെ ഉച്ചച്ചൂടിലൂടെ കടന്നുപോയ പ്രവാസികള്‍ക്ക് യാഥാര്‍ഥ്യങ്ങളിലേക്കു വരുന്നതിന് സ്റ്റാറ്റസ് കോംപ്ലക്സുകള്‍ തടസ്സമാകുന്നില്ല. അത് മികച്ച ഗ്രീന്‍ സിഗ്‌നലാണ്. കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയില്‍ ആത്മഹത്യയുടെ വാര്‍ത്തകളും വന്നുതുടങ്ങിയിട്ടുണ്ട്. അതില്‍ ഒരു പ്രവാസിയും ഇടംപിടിക്കരുത്. മരുഭൂമിയിലെ പൊള്ളുന്ന മണല്‍പ്പരപ്പും അന്തരീക്ഷ വിയര്‍പ്പിന്റെ അസ്വസ്ഥതയും ബാച്ചിലര്‍ മുറികളിലെ മൂട്ടകള്‍ക്കൊപ്പം ഉറങ്ങി, സ്വന്തമായി വെച്ചും ഉണ്ടും അലക്കിത്തേച്ചും ജീവിച്ച ജീവിതവുമൊക്കെ ആലോചിച്ചെടുത്ത് കുടുംബത്തോടൊപ്പം ആശ്വാസത്തോടെ ജോലി ചെയ്തു ജീവിക്കണം. ഈ സന്ദേശമാണ് ഓരോ പ്രവാസിയും കേരളത്തിനു നല്‍കേണ്ടത്. ഓരോരുത്തരും സ്വയം പുനരധിവസിക്കാന്‍ സന്നദ്ധമാകുകയല്ലാതെ ഒരു സര്‍ക്കാറിനും മാജിക്കുകള്‍ കൊണ്ട് രക്ഷാമാര്‍ഗം തീര്‍ക്കാന്‍ സാധിക്കുമെന്ന് കരുതി കാത്തിരിക്കരുത്.
കൊവിഡ് തകിടംമറിച്ച ലോകം പ്രവാസി, തദ്ദേശവാസി വിഭജനം ഇല്ലാതാക്കിയിട്ടുണ്ട് എന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യക്കകത്ത് മുംബൈ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്ന പ്രവാസികളും മടങ്ങിയെത്തിയിരിക്കുന്നു. നാട്ടില്‍ തന്നെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് അത് നഷ്ടപ്പെട്ടിട്ടുമുണ്ട്. സ്ഥാപനങ്ങളും കച്ചവടങ്ങളും അടച്ചുപൂട്ടപ്പെട്ടു. ഒട്ടേറെ മേഖലകള്‍ നിശ്ചലമായിട്ട് മാസങ്ങളായി. ജോലിയും കച്ചവടവും ചെയ്തിരുന്ന നിരവധി പേര്‍ ഇന്ന് കൂലിപ്പണിക്കിറങ്ങിയിട്ടുണ്ട്. വഴിയോരക്കച്ചവടങ്ങളിലേക്കും ചെറുകിട സംരംഭങ്ങളിലേക്കും തിരിഞ്ഞു നിരവധി പേര്‍.
അഥവാ ഇപ്പോള്‍ പ്രവാസി-സ്വദേശി വ്യത്യാസമില്ലാതെ കേരളമാകെ പുനരധിവസിക്കപ്പെടേണ്ട സാഹചര്യമാണ്. അപ്പോള്‍ സ്വയം പുനരധിവാസം എന്ന ആശയം ഓരോ മനുഷ്യരുടെയും മുന്നിലേക്ക് അതിജീവന ആശയമായി തുറന്നുവരണം. നമ്മുടെ തൊഴിലിടങ്ങളും മുതല്‍ മുടക്കുകള്‍ അധികമില്ലാത്ത കച്ചവടങ്ങളും തന്നെയാണ് പ്രതിസന്ധിക്കാലത്ത് എളുപ്പം തിരഞ്ഞെടുക്കാനാകുന്ന മാര്‍ഗങ്ങള്‍. മടങ്ങിപ്പോയ ലക്ഷക്കണക്കിന് അതിഥിത്തൊഴിലാളികള്‍ ഇനിയും മടങ്ങിയെത്തിയിട്ടില്ല. ഈ ഒഴിവുകളിലേക്ക് നമ്മള്‍ പാകപ്പെടണം. നമ്മുടെ പാതയോരങ്ങള്‍ ചൂഷണരഹിതമായ കച്ചവട കേന്ദ്രങ്ങളായി മാറണം. ഹെല്‍പ്പര്‍ ജോലികള്‍ക്ക് 800 രൂപ മുതല്‍ പ്രതിദിന വേതനം കിട്ടുന്ന നാടാണ് കേരളം. തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുന്നതില്‍ ഇന്ത്യയില്‍ തന്നെ മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളം. പുനരധിവാസത്തിന്റെ ആധികളും മടക്ക പ്രവാസത്തിന്റെ പേടിക്കഥകളും പറഞ്ഞിരിക്കാതെ പണിയെടുത്ത് ജയിക്കാന്‍ സന്നദ്ധമാകാം. കൊവിഡൊഴിഞ്ഞ് മടങ്ങിവരുന്ന ലോകത്തെ ഗള്‍ഫില്‍ മലയാളിക്കു വേണ്ടി ജോലികള്‍ ബാക്കിയുണ്ടാകുമെന്നു തീര്‍ച്ച. അതുവരെ നമുക്ക് നാട്ടില്‍ ജീവിക്കാം.