Connect with us

Articles

ഉത്തരവാദിത്വ ബോധത്തെ ഉണര്‍ത്തിയെടുക്കാന്‍

Published

|

Last Updated

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ മൂകമായിരിക്കുകയാണ് ജനാധിപത്യ ഇന്ത്യ. ജീവിച്ചിരിക്കണമെങ്കില്‍ നിശ്ശബ്ദരാകുക എന്നാണ് ഫാസിസം അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ഓര്‍മപ്പെടുത്തുന്നത്. അനീതിക്കെതിരെ ഒച്ചവെക്കുന്നവരുടെ അന്ത്യം ഇങ്ങനെയായിരിക്കുമെന്ന മുന്നറിയിപ്പ് സ്റ്റാന്‍ സ്വാമിയിലൂടെ ഭരണകൂടം നല്‍കുന്നു. ജയിലില്‍ നിന്ന് ഒരു ജെസ്യൂട്ട് വൈദികന് എഴുതിയ കത്ത് സ്റ്റാന്‍ സ്വാമി അവസാനിപ്പിച്ചത് ഇങ്ങനെയാണ്, “കൂട്ടിലടക്കപ്പെട്ട പക്ഷിക്കും പാടാനാകും.” അവസാനം വരെ സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയായിരുന്നു.

തടവിലാക്കപ്പെട്ടിട്ടും പോരാട്ടവീര്യം ചോരാതെയുള്ള ചെറുത്തുനില്‍പ്പ്. ഇരുണ്ട കാലത്തും ഇങ്ങനെ പാട്ടുപാടുന്ന, പ്രതികരിക്കുന്ന, അനീതിക്കെതിരെ പ്രക്ഷുബ്ധമാകുന്ന വിദ്യാര്‍ഥി യൗവനങ്ങളെ കാലം ആവശ്യപ്പെടുന്നുണ്ട്.
പഠനമുറിയിലെ അക്ഷരക്കൂട്ടുകളില്‍ മാത്രം തളച്ചിടപ്പെടുന്ന വിദ്യാര്‍ഥിത്വത്തിന് പ്രതിരോധത്തിന്റെ അഗ്‌നിയായി ജ്വലിക്കാനുള്ള ശേഷി ഉണ്ടാകില്ല. അരാഷ്ട്രീയ, അക്രമ, അരാജകത്വ, അധാര്‍മിക ധാരകളെ മനസ്സിലാക്കാനും അനീതിക്കെതിരെ പ്രതിരോധം സൃഷ്ടിക്കാനും ആശയ ബലം ആവശ്യമാണ്. അതുണ്ടാക്കി കൊടുക്കുകയാണ് എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റിലൂടെ.

2007 മുതല്‍ എല്ലാ വര്‍ഷവും പ്രൊഫഷനല്‍ വിദ്യാര്‍ഥികളെ മാത്രം ഒരുമിച്ചുകൂട്ടി എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് സംഘടിപ്പിച്ചു വരുന്നു. രാജ്യത്തെ നൂറുകണക്കിന് പ്രൊഫഷനല്‍ ക്യാമ്പസുകളില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സംഗമങ്ങളാണ് ഓരോ വര്‍ഷത്തെയും പ്രൊഫ്‌സമ്മിറ്റുകള്‍. മതം, രാഷ്ട്രീയം, സാമൂഹികം, സാംസ്‌കാരികം, അക്കാദമികം, തൊഴില്‍, കല തുടങ്ങി ഓരോ മേഖലയും പഠനവിധേയമാക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്ന ഇടമാണത്. ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രഗത്ഭരും പ്രശസ്തരുമായ അതിഥികളുമായി സംവദിക്കാനും സംഭാഷണം നടത്താനുമുള്ള അവസരം പ്രൊഫ്‌സമ്മിറ്റിന്റെ പ്രത്യേകതയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനിലാണ് പ്രൊഫ്‌സമ്മിറ്റ് നടക്കുന്നത്.

ജീവിതം ഒരു ലഹരി മാത്രമാക്കി മാറ്റിയ ഒരു തലമുറയെ ഉത്തരവാദിത്വങ്ങളെ കുറിച്ചും അവകാശങ്ങളെ സംബന്ധിച്ചും ബോധവത്കരിക്കേണ്ടതുണ്ട്. നന്മയുടെ മൂല്യങ്ങള്‍ അവരില്‍ നിര്‍മിച്ചെടുക്കേണ്ടതുണ്ട്. പ്രലോഭനങ്ങളോട് വിസമ്മതിക്കാനും തിന്മക്കെതിരെ സര്‍ഗാത്മക പ്രതിരോധം തീര്‍ക്കാനും പരിശീലിപ്പിക്കേണ്ടതുമുണ്ട്. രാജ്യത്തിന്റെ ഭാവിയുറങ്ങുന്ന വിദ്യാര്‍ഥികളെ ഉണര്‍ത്തിയെടുക്കുക എന്നതാണ് എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റിലൂടെ സാധിച്ചെടുക്കുന്ന വിപ്ലവം. പുതിയ തലമുറയിലെ അതിരുകടന്ന സ്വാതന്ത്ര്യ ബോധവും അരാജകമാകുന്ന ജീവിതങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങള്‍ ചെറുതല്ല. മതത്തെയും മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന മറ്റു സ്രോതസ്സുകളെയും പരിഹാസ്യമായി നിരീക്ഷിക്കുകയും അപരനെക്കുറിച്ചുള്ള ആലോചനകള്‍ അസ്തമിക്കുകയും ചെയ്യുന്നിടത്താണ് ഇത്തരം സാമൂഹികാന്തരീക്ഷം രൂപപ്പെട്ടുവരുന്നത്.

പ്രൊഫഷനലുകള്‍ക്ക് അവര്‍ സാധിച്ചെടുക്കേണ്ട വിപ്ലവത്തെ കുറിച്ചുള്ള അവബോധം നല്‍കലാണ് അങ്ങനെയൊരു സാമൂഹിക അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാനുള്ള പരിഹാരം.
ജീവിതത്തോട് ഉത്തരവാദിത്വം കാണിക്കുന്നവരാണ് ആക്ടിവിസ്റ്റുകള്‍. സാമൂഹിക, രാഷ്ട്രീയ ബോധ്യങ്ങളോടെ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെ തന്നെയും മാറ്റത്തിന് നിരന്തര ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും നടത്തുന്ന അടയാളപ്പെടുത്തലുകളാണ് ആക്ടിവിസം. അതൊരു തിരഞ്ഞെടുപ്പാണ്. അവനവനാത്മസുഖ രാഷ്ട്രീയത്തിനെതിരെയുള്ള സഞ്ചാരമാണ്. അതൊരു മിഷനായി, ജീവിത വീക്ഷണമായി സ്വീകരിച്ചവര്‍ സമൂഹത്തിലുണ്ടാകുമ്പോഴാണ് ലോകം നീതിയില്‍ പുലരുക. എന്തൊക്കെ പദവികള്‍ വഹിക്കുമ്പോഴും ആക്ടിവിസം കൂടി ഒപ്പമുണ്ടെങ്കില്‍ നീതിയില്‍ നിന്ന് വ്യതിചലിക്കില്ല.

ആക്ടിവിസം ഒരു ജീവിത മൂല്യമായി പ്രവര്‍ത്തിക്കുന്നുവെന്നതിനാല്‍ ചിന്തകളെയും പ്രവൃത്തികളെയും അത് വിമലീകരിക്കും.
ആക്ടിവിസത്തിന്റെ സ്ഥായിയായ, പൊതുവായ അഞ്ച് സ്വഭാവ വിശേഷങ്ങളുണ്ട്. ഒന്ന് ഉത്തരവാദിത്വബോധമുണ്ടാകുന്നുവെന്നതാണ്. രണ്ടാമത്തേത്, ജീവിതത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും ലോകത്തെ കുറിച്ചുമുള്ള ശരിയായ കാഴ്ചപ്പാടാണ്. ജീവിത മൂല്യവ്യവസ്ഥയോടുള്ള പ്രതിബദ്ധതയാണ് മൂന്നാമത്തേത്. നാലാമത്തേത്, സര്‍ഗാത്മകതയും ക്രിയാത്മകതയും ഒരുമിച്ച് കൂട്ടിയിണക്കാനുള്ള കഴിവ്. സത്യസന്ധതയും ആത്മാര്‍ഥതയും ജീവിതത്തിലുടനീളമുണ്ടാകലാണ് അഞ്ചാമത്തേത്.

ആക്ടിവിസം സംസ്‌കാരമായി സ്വീകരിച്ച വിദ്യാര്‍ഥിത്വത്തിന്റെ സൃഷ്ടിപ്പ് സമൂഹത്തിലുണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളെത്രയായിരിക്കും. പ്രത്യേകിച്ച് ഉത്തരവാദിത്വമോ അക്കൗണ്ടബിലിറ്റിയോ ഇല്ലാത്തവര്‍ക്ക് സമൂഹത്തിനായി യാതൊന്നും സംഭാവന ചെയ്യാന്‍ കഴിയില്ല.
ജര്‍മന്‍ കവി ബ്രെഹ്തിന്റെ വിഖ്യാത വരികള്‍ ഓര്‍ക്കാം. “ഇരുണ്ട കാലത്തും പാട്ടുകളുണ്ടാകുമോ? ഉണ്ടാകും. ഇരുണ്ട കാലത്തെ കുറിച്ചുള്ള പാട്ടുകള്‍.”
അങ്ങനെ ഇരുണ്ട കാലത്തും പാട്ടുമുഴക്കാന്‍ വിദ്യാര്‍ഥികളെ പ്രൊഫ്‌സമ്മിറ്റ് പ്രാപ്തമാക്കും. വിദ്യാര്‍ഥികളാണല്ലോ വിപ്ലവമായി മാറേണ്ടത്.

(ജന. സെക്രട്ടറി, എസ് എസ് എഫ് കേരള)

Latest