Kerala
ആയുർവേദ കുലപതി ഡോ. പി കെ വാര്യർ അന്തരിച്ചു
മലപ്പുറം | കേരളത്തിൻെറ ആയുർവേദ മഹാത്മ്യം വിശ്വത്തോളം ഉയർത്തിയ ഭിശഗ്വരനും കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. പി കെ വാര്യര്‍ അന്തരിച്ചു. നൂറ് വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലിരിക്കെ അദ്ദേഹത്തിന് കൊവിഡ് പിടിപെട്ടിരുന്നു. ജൂൺ പത്തിന് കൊവിഡ് നെഗറ്റീവായെങ്കിലും അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നു. ശനിയാഴ്ച ഉച്ചക്ക് 12.25ഓടെ കോട്ടക്കലിലെ വീട്ടിലായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ജൂൺ എട്ടനാണ് അദ്ദേഹം നൂറാം പിറന്നാൾ ആഘോഷിച്ചത്.
ആയുർവേദത്തിന് ശാസ്ത്രീയ മുഖം നൽകിയതിന് 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ധന്വന്തരി പുരസ്കാരം, ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്കാരം, സി.അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി കെ വാരിയരെ തേടിയെത്തിയിട്ടുണ്ട്. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം അദ്ദേഹത്തിനു സമർപ്പിച്ചിരുന്നു.
മലപ്പുറം ജില്ലയിലെ ഇടത്തരം കുടുംബത്തില്‍ കോടത്തലപ്പണ ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരിയുടെയും പന്നിയമ്പള്ളി വാരിയത്ത് കുഞ്ഞിവാരസ്യാരുടെയും മകനായി 1921 ജൂണ്‍ അഞ്ചിനാണ് ജനനം. കോട്ടക്കല്‍ ഗവ.രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വൈദ്യരത്‌നം പി എസ് വാര്യര്‍ ആയുര്‍വേദ കോളജില്‍നിന്നും വൈദ്യപഠനം നടത്തി. 1945ല്‍ ആര്യവൈദ്യശാലയുടെ ട്രസ്റ്റ് ബോര്‍ഡ് അംഗമായി. മൂത്ത സഹോദരന്റെ മരണത്തെ തുടര്‍ന്ന് 1954 ജനുവരി നാലിനാണ് ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയാകുന്നത്. 1992ല്‍ മുതല്‍ ചീഫ് ഫിസിഷ്യനാണ്.
വിദ്യാര്‍ഥിയായിരിക്കേ സ്വാതന്ത്ര സമരത്തില്‍ ആകൃഷ്ടനായി. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥി ജീവിതം അവസാനിപ്പിച്ച് പൊതുപ്രവര്‍ത്തന രംഗത്തിറങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സജീവമായിരുന്ന അക്കാലത്ത് വിദ്യാര്‍ഥി പ്രസ്ഥാനത്തിലും കാര്‍ഷിക പ്രസ്ഥാനത്തിലും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. നാട്ടിലെ ക്ഷേത്ര പ്രവേശന വിളമ്പരം, അയിത്തോച്ചാടനം തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കാളിയായിരുന്നു. കേരള സാഹിത്യപരിഷത്ത്, സര്‍വോദയ സംഘം, നിളാ സംരക്ഷണ സമിതി, എന്‍ എസ് എസ് എജ്യുക്കേഷന്‍ സൊസൈറ്റി, ക്ഷേത്ര സംരക്ഷണ സമിതി, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, എന്‍ വി കൃഷ്ണവാരിയര്‍ ട്രസ്റ്റ് തുടങ്ങിയവയിലും അംഗമായിരുന്നു.
1981ല്‍ ആയുര്‍വേദ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 1999ല്‍ പത്മശ്രീ ലഭിച്ചു. 1910ല്‍ പത്മഭൂഷണ്‍ ലഭിച്ചു. ആയൂര്‍വേദ രംഗത്ത് ഈ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഡീലിറ്റ് ബിരുദവും ഇതേവര്‍ഷം തന്നെ ലഭിച്ചു.
ഭാര്യ പരേതയായ കക്കടവത്ത് വാരിയത്ത് മാധവികുട്ടി വാരസ്യര്‍. മക്കള്‍: കെ ബാലചന്ദ്രന്‍, സുഭദ്ര, പരേതനായ ജിവയന്‍ വാരിയര്‍. മരുമക്കള്‍: രാജലക്ഷ്മി, രാമചന്ദ്രവാരിയര്‍, രതി. ആത്മകഥയായ സ്മൃതി പര്‍വം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.