Connect with us

Kerala

ഫീസ് വാങ്ങാത്ത ഡോക്ടര്‍; ചികിത്സിച്ചവരില്‍ വിവിഐപികള്‍ ഏറെ

Published

|

Last Updated

കോഴിക്കോട് | ആയുര്‍വേദത്തിന്റെ മഹാത്മ്യം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച പി കെ വാര്യര്‍ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച ഭിശഗ്വരനായിരുന്നു. സാധാരണക്കാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്ന ഒട്ടേറെ പ്രത്യേകതകളുണ്ട്. അതിലൊന്നാണ് അദ്ദേഹത്തിന്റെ സൗജന്യ ചികിത്സ. 70 വര്‍ഷത്തെ വൈദ്യ ജീവിതത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹം രോഗികളില്‍ നിന്ന് ഫീസ് ഈടാക്കിയിരുന്നില്ല എന്നത് ആരെയും അത്ഭുതപ്പെടുത്തും.

അദ്ദേഹത്തിന്റെ രോഗികളില്‍ സാധാരണക്കാരായ ആയിരങ്ങള്‍ ആളുകള്‍ മാത്രമല്ല, ലോകപ്രശസ്തരായ പലരും ഉള്‍പ്പെടും. മുന്‍ പ്രസിഡന്റുമാരായ വി.വി. ഗിരി, പ്രണാബ് മുഖര്‍ജി ഉള്‍പ്പെടെ നൂറുകണക്കിന് വിശിഷ്ടാതിഥികള്‍ അദ്ദേഹത്തിന്റെ ചികിത്സ പുണ്യം നുകര്‍ന്നിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്പേയി, മന്‍മോഹന്‍ സിംഗ്, ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി സിരിമാവോ ബന്ദരനായക, മുന്‍ മൗറീഷ്യസ് പ്രസിഡന്റ് കൈലാഷ് പുര്യാഗ്, മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. വര്‍മ്മ, മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ. സാംഗ്മ തുടങ്ങി നിരവധി പേര്‍ ആ പട്ടികയിലുണ്ട്.

അമ്മാവന്‍ വൈദ്യരത്‌നം പി.കെ. വാരിയറാണ് പി എസ് വാര്യരെ വൈദ്യലോകത്തേക്ക് കൈിപിടിച്ച് ഉയര്‍ത്തിയത്. 1902 ല്‍ പി കെ വാര്യര്‍ സ്ഥാപിച്ച കോട്ടക്കല്‍ ആര്യവൈദ്യശാലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്് പി എസ് വാര്യറായിരുന്നു. പരമ്പരാഗത ആയുര്‍വേദ മരുന്നുകളുടെയും നിലവാരമുള്ള ആയുര്‍വേദ വിദ്യാഭ്യാസത്തിന്റെയും ലഭ്യത വാര്യര്‍ ഉറപ്പുവരുത്തി. അലോപ്പതി സമ്പ്രദായങ്ങള്‍ വളരെ അക്കാദമികമായി പഠിച്ച പി.എസ്, അലോപ്പതിയുടെയും ആയുര്‍വേദത്തിന്റെയും നല്ല രീതികള്‍ സമന്വയിപ്പിച്ചതിലൂടെ വൈദ്യശാസ്ത്ര രംഗത്ത് ചലനം സൃഷ്ടിച്ചു.

കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ആയുര്‍വേദ പഠനം, ഗവേഷണം, മരുന്ന് നിര്‍മ്മാണം എന്നിവയുടെ ഒരു പ്രധാന സ്ഥാപനമായി കോട്ടക്കല്‍ ആര്യവൈദ്യശാല മാറിക്കഴിഞ്ഞു. മരുന്ന് നിര്‍മാണത്തിന് പുത്തന്‍ സാങ്കേതി വിദ്യകള്‍ കൊണ്ടുവന്ന അദ്ദേഹം ആയുര്‍വേദ ഔഷധകൃഷി മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധിച്ചു. ഈ മേഖലയിലെ ഒരു പ്രധാന സ്ഥാപനമായ സെന്റര്‍ ഫോര്‍ മെഡിസിനല്‍ പ്ലാന്റ് റിസര്‍ച്ച് (സിഎംപിആര്‍) സ്ഥാപിക്കുന്നതിലും ഗുണനിലവാര നിയന്ത്രണ ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം ഏറെ ശ്രദ്ധപുലര്‍ത്തി. ഇതുകൂടാതെ കോട്ടക്കലിലും, കഞ്ചിക്കോട്ടും കര്‍ണാടകയിലെ നഞ്ചന്‍ ഗുഡിലും അത്യാധുനിക അംഗീകൃത മരുന്ന് നിര്‍മാണ ഫാക്ടറികള്‍ സ്ഥാപിക്കാനും അദ്ദേഹത്തിന് സാധിച്ചു.

കോട്ടക്കല്‍ ആര്യവൈദ്യശാലക്ക് കീഴില്‍ ഇപ്പോള്‍ അഞ്ച് ആശുപത്രികളുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 22 ക്ലിനിക്കല്‍ ശാഖകളും ആര്യവൈദ്യശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. എട്ട് ലക്ഷത്തിലധികം ആളുകളാണ് ഈ ആശുപത്രികളില്‍ പ്രതിവര്‍ഷം ചികിത്സ തേടുന്നത്. 1954 ല്‍ പി കെ വാര്യര്‍ ആര്യവൈദ്യ ശാല ഏറ്റെടുക്കുമ്പോള്‍ വാര്‍ഷിക വരുമാനം ഒന്‍പത് ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഇന്ന് അത് 400 കോടി രൂപയാണ്. മരുന്ന് ഉത്പാദനത്തിനായി എവിഎസ് എല്ലാ മാസവും ഒരു കിലോ സ്വര്‍ണം വാങ്ങുന്നുവെന്നത് ഈ വളര്‍ച്ചയുടെ തെളിവായി കാണാം.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.