Connect with us

Kerala

ആയുര്‍വേദത്തിനായി സമര്‍പ്പിച്ച ജീവിതം; കൊവിഡ് കാലത്തും കര്‍മനിരതന്‍

Published

|

Last Updated

കോഴിക്കോട് | സമര്‍പ്പിത സേവനത്തിന്റെ ഉദാത്ത ഉദാഹരണമായിരുന്നു അന്തരിച്ച പി കെ വാര്യര്‍ എന്ന വൈദ്യ പ്രതിഭ. ഒരു പ്രൊഫഷണല്‍ എന്ന നിലയിലും മനുഷ്യനെന്ന നിലയിലും തന്റെ കടമകള്‍ നിറവേറ്റുന്നതില്‍ അദ്ദേഹം കാണിച്ച ആത്മസമര്‍പ്പണം എടുത്തുപറയേണ്ടതാണ്. ലോകമെമ്പാടും കൊവിഡിന്റെ പിടിയിലമര്‍ന്നപ്പോഴും പ്രായം വകവെക്കാതെ അദ്ദേഹം ആര്യവൈദ്യശാലയിലെത്തി രോഗികളെ ശുശ്രൂഷിച്ചുവെന്നത് അദ്ദേഹത്തെ അറിയുന്നവര്‍ക്ക് ഒരു പക്ഷേ, ഒരത്ഭുതമായി തോന്നില്ല.

കൊവിഡിന്റെ തുടക്ക സമയമായ 2020 മാര്‍ച്ച് തുടക്കത്തില്‍ വരെ രാവിലെ എട്ട് മണിക്ക് തന്നെ പി കെ വാര്യര്‍ ആര്യവൈദ്യശാലയിലെത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട രോഗികളുടെ ക്ലിനിക്കല്‍ പരിശോധനാ റൗണ്ടുകളിലും അദ്ദേഹം പങ്കെടുത്തു. രോഗികള്‍ ആരാണെന്നും അദ്ദേഹത്തിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവര്‍ ആരാണെന്നും വാര്യര്‍ക്ക് നല്ല ധാരണയുണ്ടായിരുന്നുവെന്ന് ആര്യവൈദ്യശാല ജീവനക്കാരുടെ സാക്ഷ്യം. ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ അദ്ദേഹം ആര്യവൈദ്യശാലയില്‍ എത്തുന്ന പതിവ് നിര്‍ത്തി. പിന്നീട് മഹാമാരിയുടെ വ്യാപനത്തില്‍ ഒരല്‍പം കുറവ് വന്നതോടെ 2021 ജനുവരി ആദ്യവും അദ്ദേഹം ആര്യവൈദ്യശാലയില്‍ എത്തിയിരുന്നു.

ഓഫീസില്‍ എത്തുകയും തന്റെ എല്ലാ ചുമതലകളും ശ്രദ്ധിക്കുകയും ചെയ്ത അദ്ദേഹം മെഡിക്കല്‍ റൗണ്ട്‌സിലും പങ്കെടുത്തു. രണ്ട് മണിക്കൂറിലധികം അദ്ദേഹം ആര്യവൈദ്യശാലയില്‍ രോഗികളെ ശുശ്രൂഷിക്കുന്നില്‍ വ്യപൃതനായിരുന്നു. പിന്നീട് മാനേജിംഗ് ട്രസ്റ്റി എന്ന നിലയിലുള്ള തന്റെ ചുമതലകളിലും പി കെ വാര്യര്‍ പങ്കെടുത്തു. എന്നാല്‍ രണ്ടാം തരംഗം വ്യാപിച്ചതോടെ അദ്ദേഹം വീണ്ടും വിശ്രമ ജീവിതത്തിലേക്ക് തിരിച്ചുപോയി.

101 ദിനരാത്രങ്ങളെടുത്ത് തയ്യാറാക്കുന്ന ക്ഷീരബാല പോലുള്ള മരുന്നുകളുടെ ഫലപ്രാപ്തിയും സ്ഥിരതയും പരിശോധിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു വാര്യര്‍. മരുന്നുകള്‍ അനുഭവിച്ചും രുചിച്ചും ഫലപ്രാപ്തി കണക്കാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. എവിഎസ് ഫാക്ടറികളില്‍ മരുന്നുകളുടെ ഫലപ്രാപ്തിയും ഗുണനിലവാരവും അറിയുന്നതിനായി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്റ്റാന്‍ഡേര്‍ഡൈസേഷനും മരുന്നുകളുടെ പരിശോധനയും സംവിധാനിച്ചതിനുശേഷവും പി കെ വാര്യര്‍ തന്റെ നേരിട്ടുള്ള ഗുണനിലവാര പരിശോധന തുടര്‍ന്നിരുന്നുവെന്നത് തന്നെ അദ്ദേഹത്തിന്റെ അര്‍പ്പണ ബോധത്തിന്റെ തെളിവാണ്.

രോഗപരിചരണത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അനിതര സാധാരണമായ വൈഭവം രോഗികളെ മാത്രമല്ല, ഫിസിഷ്യന്‍മാരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ തനിക്ക് എന്തെങ്കിലും അമാനുഷികമായ കഴിവ് ഉണ്ടെന്ന് ഒരിക്കല്‍ പോലും വാര്യര്‍ അവകാശപ്പെട്ടിരുന്നമില്ല. നിരന്തരമായ പഠനത്തിലും ആയുര്‍വേദത്തിന് വേണ്ടിയുള്ള സമര്‍പ്പണത്തിലുമാണ് അദ്ദേഹം വിശ്വസിച്ചത്. ആയുര്‍വേദത്തിലെ ക്ലാസിക്കല്‍ പാഠമായ അഷ്ടാംഗഹൃദയ വായിക്കാത്ത ഒരു ദിവസം പോലും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ലെന്ന് വൈദ്യശാലയിലെ മറ്റു ഫിസിഷ്യന്‍മാര്‍ ഓര്‍ക്കുന്നു.

ഒരു നല്ല വൈദ്യന്‍ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് പി കെ വാര്യര്‍ക്ക് ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. “ഈറ്റില്‍ പത്ത്, കാട്ടില്‍ പത്ത്, നാട്ടില്‍ പത്ത്” എന്നതായിരുന്നു അദ്ദേഹത്തിന്റ തത്വം. അതായത്, ഒരു നല്ല വൈദ്യനാകണമെങ്കില്‍ പത്തുവര്‍ഷം പുസ്തകങ്ങളില്‍ മുഴുകിയിരിക്കണം, പത്തുവര്‍ഷം ഔഷധ സസ്യങ്ങള്‍തേടി വനങ്ങളില്‍ പോകണം, പത്തുവര്‍ഷം ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ചികിത്സിക്കണം. അങ്ങനെ, ഏകദേശം 30 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ ഒരു നല്ല വൈദ്യനായിത്തീരും; അതായിരുന്നു പി കെ വാര്യര്‍.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest