Ongoing News
റൊസാരിയോയിലെ രണ്ട് 'സിംഹങ്ങള്‍'
28 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന ഒരു മേജര്‍ ടൂര്‍ണമെന്റില്‍ കപ്പ് നേടുമ്പോള്‍ വാഴ്ത്തപ്പെടുന്നത് റൊസാരിയോയിലെ രണ്ട് സിംഹങ്ങള്‍. ലയണല്‍ സെബാസ്റ്റ്യന്‍ സ്‌കലോനിയെന്ന പരിശീലകനും ലയണല്‍ മെസിയെന്ന ക്യാപ്റ്റനും. രണ്ട് പേരും അര്‍ജന്റീനയിലെ റൊസാരിയോ നഗരത്തില്‍ നിന്ന് ഫുട്‌ബോള്‍ കളിച്ച് വളര്‍ന്നവര്‍. കാലം കാത്തുവെച്ച കൂട്ടുകെട്ട് അര്‍ജന്റീനയുടെ കിരീട വരള്‍ച്ചക്ക് അറുതി വരുത്തിയിരിക്കുന്നു.
ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകര്‍ ആഗ്രഹിച്ച ആ കിരിട നേട്ടം അടുത്ത വര്‍ഷം ഖത്വറില്‍ നടക്കുന്ന ലോകകപ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടീമിന് നല്‍കുന്ന ഊര്‍ജം ചെറുതൊന്നുമായിരിക്കില്ല.
ഒരു വേള ബ്രസീല്‍ കപ്പടിക്കണമെന്ന് പറഞ്ഞ വര്‍ പോലും അതേ സ്വരത്തില്‍ മെസിക്ക് ഒരു കിരീടം വേണമെന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. തന്റെ പ്രതിഭക്ക് കിരീടമില്ലായ്മ ഒരു കുറച്ചിലാണെന്ന് ആരോപിച്ചവര്‍ക്ക് പോലും ഇനി ആ ഇടങ്കാലനെതിരെ ഇടങ്കോലുമായി വരാന്‍ പറ്റാത്ത പ്രഹരമാണ് നല്‍കിയിരിക്കുന്നത്. അതും ഫുട്‌ബോളിന്റെ ഈറ്റില്ലമായ മാറക്കാനയില്‍. ബ്രസീലിയന്‍ ആരാധകര്‍ മറക്കാന്‍ ശ്രമിക്കുന്തോറും ഉറക്കം കെടുത്തുന്ന പരാജയം.
കുമ്മായ വരക്ക് പുറത്ത് സ്‌കലോനി തയ്യാറാക്കിയ തന്ത്രങ്ങള്‍ മൈതാനത്ത് മെസിയും കൂട്ടരും നടപ്പാക്കിയപ്പോള്‍ സാംബ നൃത്തച്ചുവടുകള്‍ക്ക് ഒഴുക്ക് നഷ്ടപ്പെടുകയായിരുന്നു. 43 കാരനായ സ്‌കലോ നിയെന്ന ദേശീയ ടീമിന്റെ മുന്‍ വിംഗ് ബാക്കിന്റെ തന്ത്രങ്ങള്‍ വിന്‍ ചെയ്തിരിക്കുകയാണ്. 2003 – 2006 കാലത്ത് ഏഴ് തവണ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട് അദ്ദേഹം.
2018 മുതല്‍ അര്‍ജന്റീന ടീമിനെ പരിശീലീപ്പിക്കുന്ന സ്‌കലോനി നേരത്തെ സെവില്ലെയുടെ പരിശീലകനായിരുന്നു. കൃത്യമായ തന്ത്രങ്ങളായിരുന്നു സ്‌കലോനി ഇന്ന് മൈതാനത്ത് നടപ്പാക്കിയത്. ബ്രസീലിന്റെ ആക്രമണങ്ങളെ മൈതാന മധ്യത്തില്‍ വെച്ച് നിഷ്പ്രഭമാക്കാന്‍ അര്‍ജന്റീനിയന്‍ സംഘത്തിന് കഴിഞ്ഞതാണ് ഇന്നത്തെ വിജയത്തിന്റെ ആധാരമെന്ന് കാണാം.
പലപ്പോഴും നിര്‍ഭാഗ്യങ്ങളുടെ ഏറ്റുവാങ്ങലുകളായിരുന്നു മെസിക്കും നീലപ്പടക്കും പറയാനുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ എല്ലാം ടീമിന് അനുകൂലമായിരുന്നു. കിരീട നേട്ടത്തില്‍ ടിമിന് ഒന്നും നഷ്ടമായിട്ടില്ല. മികച്ച കളിക്കാരന്‍, ടോപ് സ്‌കോറര്‍, മികച്ച ഗോള്‍കീപ്പര്‍, ഫൈനലിലെ മാന്‍ ദ മാച്ച് എല്ലാം അര്‍ജന്റീനക്കാര്‍ തന്നെ. സമ്പൂര്‍ണ വിജയം.