Ongoing News
യൂറോ ചാംപ്യന്മാരായി അസൂറിപ്പട; വിജയം ഷൂട്ടൗട്ടിൽ
ലണ്ടന്‍ | പെനാൽറ്റി ഷൂട്ടൗട്ടിന്റെ ആവേശത്തിലേക്ക് കടന്ന യൂറോ കപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇറ്റലി. 3-2 എന്ന സ്കോറിനാണ് ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്റെ തട്ടകമായ വെംബ്ലിയിൽ പതിനായിരക്കണക്കിന് ഇംഗ്ലീഷ് കളിപ്രേമികളെ സാക്ഷിയാക്കി ഇറ്റലി അവിസ്മരണീയ വിജയം നേടിയത്. ഇതോടെ ടൂർണമെന്റിലുടനീളം അപരാജിത കുതിപ്പ് നടത്തിയ ഇറ്റലി രണ്ടാം യൂറോ കിരീടത്തിൽ മുത്തമിട്ടു. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ ഇംഗ്ലണ്ട് ഗോൾ നേടിയെങ്കിലും മത്സരത്തിലുടനീളം ഇറ്റലിക്ക് തന്നെയായിരുന്നു മേധാവിത്വം. കൃത്യമായ ഇടവേളകളിൽ ഇംഗ്ലീഷ് ഗോൾമുഖത്തേക്ക് ഇരച്ചുവരുന്നതിന് ഇറ്റലിക്ക് സാധിച്ചു. രണ്ടാം പകുതിയിൽ സമനില നേടാനുമായി.
നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും സമനില പാലിച്ചതിനെ തുടർന്നാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിയുടെ രണ്ട് ഷോട്ടുകള്‍ ലക്ഷ്യം കാണാതെ വന്നപ്പോള്‍ ഇംഗ്ലണ്ടിന്റെ മൂന്ന് ഷോട്ടുകള്‍ പാഴായി. ഇതിൽ മാര്‍കസ് റാഷ്‌ഫോര്‍ഡിന്റെ ഷോട്ട് പുറത്തേക്ക് പോയത് ദുരന്ത കാഴ്ചയായി. രണ്ടാം പകുതിയിൽ ഇറ്റലി സമനില നേടിയതിനെ തുടർന്നാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. കീരന്‍ ട്രിപ്പിയറിന്റെ ക്രോസില്‍ ലൂക് ഷായാണ് ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 67ാം മിനുട്ടില്‍ ലിയോനാര്‍ഡോ ബൊനൂചിയിലൂടെ ഇറ്റലി സമനില ഗോള്‍ നേടി. ഇംഗ്ലീഷ് ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ഈ ഗോള്‍ വീണത്.
ഇറ്റാലിയന്‍ താരങ്ങള്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇംഗ്ലീഷ് പ്രതിരോധ മതില്‍ ഭേദിക്കാന്‍ പലപ്പോഴും സാധിച്ചില്ല. 35ാം മിനുട്ടില്‍ ഇറ്റലിയുടെ ഫെഡറികോ ചീസ മികച്ച മുന്നേറ്റം നടത്തിയെങ്കിലും വലയിലെത്തിക്കാന്‍ സാധിച്ചില്ല. 28ാം മിനുട്ടില്‍ ലോറന്‍സോ ഇന്‍സീനിയും ഇംഗ്ലീഷ് ഗോള്‍മുഖത്തേക്ക് ഉഗ്രനൊരു വലംകാല്‍ ഷോട്ട് ഉതിര്‍ത്തിരുന്നു. ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഭൂരിഭാഗം സമയവും ഇറ്റലിയുടെ കാലുകളിലായിരുന്നു പന്ത്. ഗോള്‍മുഖത്തേക്ക് 14 ഷോട്ടുകള്‍ ഉതിര്‍ക്കാനും സാധിച്ചു. ഇംഗ്ലണ്ടിന് നാല് തവണയാണ് ഷോട്ടെടുക്കാന്‍ കഴിഞ്ഞത്. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനുട്ടിള്ളില്‍ ഇറ്റലിയുടെ നിക്കോള ബരേല്ലക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 51ാം മിനുട്ടില്‍ ഇന്‍സീനിന്റെ ഷോട്ട് ഗോള്‍വലയുടെ മുകളിലൂടെ പറന്നുപോയി. 55ാം മിനുട്ടില്‍ ബൊനൂചിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.