Articles
ബാലവേല: കൊവിഡ്കാല കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്
ഏകദേശം ഒന്നര വര്‍ഷത്തോളമായി കൊവിഡ് മഹാമാരിയുടെ പ്രയാസങ്ങള്‍ ലോകം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. കുറഞ്ഞ വരുമാനമുള്ളവരെയും അസംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെയും അത് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. കൊവിഡ് കാരണമായുള്ള ബാലവേലയുടെ കണക്കുകള്‍ ലഭ്യമായിട്ടില്ലെങ്കിലും, വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് തടസ്സം നേരിട്ടതും രക്ഷിതാക്കളുടെ വരുമാനത്തില്‍ സംഭവിച്ചിട്ടുള്ള ഗണ്യമായ കുറവും ഒരുപക്ഷേ, ബാലവേല കൊവിഡിന് മുന്നേയുള്ള നിരക്കിനേക്കാള്‍ വര്‍ധിക്കാനാണ് സാധ്യതയുള്ളത്.
ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2020ല്‍ ലോകത്ത് 160 മില്യന്‍ കുട്ടികളാണ് ബാലവേല ചെയ്യുന്നത്. അതില്‍ തന്നെ 79 മില്യന്‍ കുട്ടികള്‍ അപകടകരമായ തൊഴിലുകളാണ് ചെയ്യുന്നത്. അഞ്ച് മുതല്‍ 17 വരെ പ്രായമുള്ള കുട്ടികളാണ് ഇവരെല്ലാം. മൊത്തം കുട്ടികളെ എടുത്തു നോക്കിയാല്‍ ആണ്‍കുട്ടികളാണ് കൂടുതലും വിവിധ തരം ജോലികളില്‍ ഏര്‍പ്പെടുന്നത്. കൂടുതല്‍ പേരും ജോലി ചെയുന്നത് അവരുടെ കുടുംബത്തിന്റെ കൂടെയോ അല്ലെങ്കില്‍ അവരുടെ തന്നെ തൊഴിലിടങ്ങളിലോ ആണ്. യൂനിസെഫിന്റെ ഡാറ്റ പ്രകാരം 70 ശതമാനവും കൃഷിയിടങ്ങളിലാണ് ജോലി ചെയ്യുന്നത്. 10 ശതമാനം മറ്റു വ്യവസായ ശാലകളിലും 20 ശതമാനം സേവന മേഖലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ബാലവേലയില്‍ കാര്യമായ സ്വാധീനം ഉണ്ട്. ആളോഹരി വരുമാനം കുറവുള്ള രാജ്യങ്ങളിലാണ് ബാലവേല കൂടുതല്‍ കാണപ്പെടുന്നത്. രാജ്യത്തെ ജീവിത സാഹചര്യം മെച്ചപ്പെടുന്നതോടൊപ്പം മാത്രമേ ഈ അവസ്ഥക്ക് മാറ്റം വരികയുള്ളൂ.
ഇന്ത്യയിലെ തന്നെ വിദ്യാഭ്യാസ മേഖല പരിശോധിക്കുകയാണെങ്കില്‍ വയസ്സ് കൂടുന്നതനുസരിച്ച് എന്റോള്‍മെന്റ് നിരക്ക് കുറഞ്ഞു വരുന്നതായി കാണാന്‍ സാധിക്കും. 2018ലെ എന്‍ എസ് എസ് ഒ റിപ്പോര്‍ട്ട് പ്രകാരം ആറ് മുതല്‍ 13 വയസ്സ് വരെയുള്ള കുട്ടികളില്‍ 95 ശതമാനവും വിദ്യാഭ്യാസ മേഖലയില്‍ എന്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ 14 മുതല്‍ 17 വയസ്സിനിടയിലുള്ളവരുടെ എന്റോള്‍മെന്റ് നിരക്ക് 79.6 ശതമാനം മാത്രമാണ്. അതിനര്‍ഥം അവര്‍ വിദ്യാഭ്യാസമല്ലാത്ത മറ്റു പല മേഖലയിലേക്കും ചേക്കേറുന്നു എന്നതാണ്. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 10.1 മില്യന്‍ ബാലവേലക്കാരുണ്ട്. അതില്‍ തന്നെ 5.6 മില്യന്‍ ആണ്‍കുട്ടികളും 4.5 മില്യന്‍ പെണ്‍കുട്ടികളുമാണ്. ഇവരെല്ലാം തന്നെ ഗ്രാമ പ്രദേശങ്ങളിലോ അല്ലെങ്കില്‍ നഗര പ്രദേശങ്ങളിലോ അപകടകരമോ അല്ലാതെയോ ഉള്ള വിവിധ തൊഴിലുകള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ജോലി ചെയ്യുക മൂലം അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാനോ കഴിവുകള്‍ പരിപോഷിപ്പിക്കാനോ ഉള്ള അവസരങ്ങള്‍ ഇല്ലാതാകുന്നതോടൊപ്പം അവര്‍ അതേ ജീവിത നിലവാരത്തില്‍ തന്നെ തുടര്‍ന്ന് പോകുകയാണ് ചെയ്യുന്നത്. മാന്യമായ വരുമാനമില്ലാതെ ചൂഷണത്തിന് ഇരയാകുകയും എന്നും പാവപ്പെട്ടവരായി തന്നെ തുടരുകയും ചെയ്യുന്നു.
ലോകാടിസ്ഥാനത്തില്‍ ബാലവേലക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തന്നെ മുന്നോട്ട് പോയിരുന്നു. എന്നാല്‍ ഇതുവരെയുള്ള കാലയളവില്‍ നേടിയെടുത്ത പുരോഗതികളെല്ലാം കൊവിഡ് മഹാമാരി കാരണമായി ഉണ്ടായിത്തീര്‍ന്ന അരക്ഷിതാവസ്ഥ താളം തെറ്റിക്കുകയാണ്. ഭരണകൂടങ്ങള്‍ കൃത്യമായ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കൊവിഡ് മൂലം ഉണ്ടായ ദാരിദ്ര്യം കാരണം ഏകദേശം 8.9 മില്യന്‍ കുട്ടികള്‍ ബാലവേലയില്‍ പുതുതായി ഏര്‍പ്പെട്ടേക്കാം എന്നാണ് കണക്കുകള്‍ പറയുന്നത്. കുടുംബങ്ങള്‍ക്ക് ആവശ്യത്തിനുള്ള വരുമാനം ഉണ്ടാകുക എന്നത് തന്നെയാണ് പ്രധാനമായ പോംവഴി.
2001-2011 കാലയളവില്‍ ഇന്ത്യയില്‍ ബാലവേലയുടെ നിരക്ക് കുറഞ്ഞതായി കാണാന്‍ സാധിക്കും. സ്‌കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി, 2009ലെ റൈറ്റ് ടു എജ്യൂക്കേഷന്‍ ആക്ട്, 2005ലെ മഹാത്മാ ഗാന്ധി നാഷനല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്ട് തുടങ്ങിയവ കാരണമാണ് ബാലവേലയുടെ നിരക്കില്‍ കുറവ് വരാന്‍ കാരണമായതെന്ന് പഠനങ്ങള്‍ പറയുന്നു. അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശ പ്രകാരം ഓരോ രാജ്യങ്ങളും ബാലവേല കുറച്ചു കൊണ്ടുവരാനുള്ള നിയമ നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാറിന് കീഴിലുള്ള മിനിസ്ട്രി ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്, ഓണ്‍ലൈനായി ബാലവേലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ കൊവിഡ് വളരെ പ്രയാസപ്പെടുത്തിയ വിഭാഗമാണ് അസംഘടിത മേഖലയിലെ തൊഴിലാളികള്‍. കൃത്യമായ ജോലിയോ മാന്യമായ വരുമാനമോ ഇവര്‍ക്കില്ല. സുരക്ഷാ സംവിധാനങ്ങളും നിയമ പരിരക്ഷകളും കൂടാതെയാണ് ഇവരൊക്കെ ജോലി ചെയുന്നത്. 2020 മാര്‍ച്ച് മാസത്തിന് മുമ്പ് തന്നെ ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു വന്നിരുന്നു. അതോടൊപ്പം ലോക്ക്ഡൗണ്‍ കൂടി കടന്നുവന്നതോടെ വളര്‍ച്ചാ നിരക്ക് കുറയുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്തു. ഇത് കൂടുതല്‍ ബാധിച്ചത് അസംഘടിത മേഖലയിലെ തൊഴിലാളികളെയാണ്.
കൊവിഡ് കാരണം ബാലവേലയില്‍ ഉണ്ടായേക്കാവുന്ന വര്‍ധന മുന്നില്‍ കണ്ടുകൊണ്ട് പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടില്ലെങ്കില്‍ ബാലവേലക്കെതിരെ ഇതുവരെ ഉണ്ടായ അധ്വാനം വെറുതെയാകും. സര്‍ക്കാറുകളുടെയും എന്‍ ജി ഒകളുടെയുമെല്ലാം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ആഘാതം കുറക്കാന്‍ സഹായിക്കും. സ്‌കൂളുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കാത്തത് കാരണം കുട്ടികള്‍ തൊഴിലിടങ്ങളിലേക്ക് തിരിയാന്‍ സാധ്യതയുണ്ട്. അതിന് പ്രധാന കാരണം രക്ഷിതാക്കളുടെ വരുമാനത്തിലുണ്ടാകുന്ന കുറവ് തന്നെയാണ്. അതുകൊണ്ട് അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയമ പരിരക്ഷയും നേരിട്ട് പണം കൈകളിലെത്തുന്ന പദ്ധതികളും അത്യാവശ്യമാണ്.
സാമ്പത്തിക അരക്ഷിതാവസ്ഥയും ദാരിദ്ര്യവും നേരിടുന്ന കുടുംബങ്ങള്‍ക്ക് അതില്‍ നിന്ന് കരകയറാനുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുക, കുട്ടികള്‍ ജോലിക്ക് പ്രാപ്തരാകുന്നത് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കുക, തൊഴില്‍ മേഖലകളില്‍ ഉപകാരപ്പെടുന്ന കഴിവുകള്‍ പരിപോഷിപ്പിക്കാനുള്ള വര്‍ക് ഷോപ്പുകള്‍ സംഘടിപ്പിക്കുക, എല്ലാ കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കുക, അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല വേതനം ഉറപ്പുവരുത്തുക, അവര്‍ക്ക് നിയമ പരിരക്ഷ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ നേരിട്ടോ അല്ലാതെയോ ബാലവേല തടയുന്നതില്‍ പൊതുവെ സ്വീകരിക്കാവുന്ന ചില മാര്‍ഗനിര്‍ദേശങ്ങളാണ്. കൂടാതെ ഗ്രാമീണ മേഖലകളിലുള്ള തൊഴിലുറപ്പ് പദ്ധതികള്‍ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുക. അതിലൂടെ നഗരങ്ങളില്‍ ജീവിക്കുന്ന ദരിദ്ര ജനങ്ങള്‍ക്ക് വരുമാന മാര്‍ഗം തുറക്കപ്പെടും. ബാലവേല കുറയാന്‍ ഇത് കാരണമാകുകയും ചെയ്യും.
സര്‍ക്കാറുകള്‍ സാമ്പത്തിക പ്രയാസം നേരിടുന്ന ഘട്ടമാണെങ്കില്‍ പോലും ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയൊരു പ്രതിസന്ധിയായി ബാലവേല മാറും. ലോകാടിസ്ഥാനത്തില്‍ തന്നെ ബാലവേല അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. കൊവിഡ് സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും ആവിഷ്‌കരിക്കണം. ഈ ലക്ഷ്യത്തില്‍ സര്‍ക്കാറും പൊതുജനങ്ങളും എന്‍ ജി ഒകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം.
മുഹമ്മദ് അബ്ദുല്‍ ബാരി നൂറാനി