Kerala
ബലി പെരുന്നാൾ: ആശയക്കുഴപ്പത്തിലായി മുജാഹിദ് ഗ്രൂപ്പുകൾ
![](https://assets.sirajlive.com/2021/07/Eid-Mujahid.jpg)
തിരൂരങ്ങാടി | നോമ്പും പെരുന്നാളും നേരത്തേ പ്രഖ്യാപിക്കുന്ന മുജാഹിദ് വിഭാഗങ്ങൾ ഈ പ്രാവശ്യത്തെ ബലിപെരുന്നാൾ വിഷയത്തിൽ പ്രതിസന്ധിയിലായി. മുജാഹിദുകളിലെ എല്ലാ വിഭാഗങ്ങൾക്കും ദുൽഖഅദ് 30 കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. അതനുസരിച്ച് ഞായറാഴ്ച ദുൽഹിജ്ജ ഒന്നും ഈ മാസം 19ന് അറഫാ ദിനവും 20ന് ചൊവ്വാഴ്ച ബലി പെരുന്നാളുമാകണം.
എന്നാൽ, കേരളത്തിലെ മുസ്‌ലിംകൾ ഒന്നടങ്കം കഴിഞ്ഞ റമസാനും ചെറിയ പെരുന്നാളും നടത്തിയതും ശവ്വാൽ 29ന് മാസപ്പിറവി ദർശിക്കാത്തതിനാൽ ദുൽഖഅദ് 30 ആയി കണക്കാക്കിയതും പ്രകാരം ദുൽഖഅദ് 29 കഴിഞ്ഞ ശനിയാഴ്ചയാണ്. ഇതനുസരിച്ച് 29ന് മാസപ്പിറവി കാണാത്തതിനാൽ കേരളത്തിലെ ഖാസിമാർ ഇന്നലെ ദുൽഹിജ്ജ ഒന്നും ഈ മാസം 20ന് അറഫാ ദിനവും 21ന് ബുധനാഴ്ച ബലി പെരുന്നാളും ആയി പ്രഖ്യാപിക്കുകയായിരുന്നു.
![](https://assets.sirajlive.com/2021/07/ec8c5e62-ce3f-4006-a072-70b287154737-509x640.jpg)
ബലിപെരുന്നാൾ സംബന്ധിച്ച് മർകസുദ്ദഅ്‌വ വിഭാഗം പുറത്തിറക്കിയ അറിയിപ്പ്
20ന് ചൊവ്വാഴ്ച ബലിപെരുന്നാളാകുമെന്നാണ് എല്ലാ മുജാഹിദ് വിഭാഗങ്ങളും അണികളെ അറിയിച്ചിരുന്നത്. ഇവരുടെ പല പള്ളികളിലും സംസ്ഥാന നേതാക്കൾ തന്നെ പെരുന്നാൾ 20നാണെന്ന് അറിയിച്ചതുമാണ്. ഇത് തെറ്റിയതോടെ പലതരത്തിലുള്ള പ്രസ്താവനകൾ നൽകിയാണ് ജാള്യത മറക്കാൻ ശ്രമിക്കുന്നത്. കെ എൻ എം മൗലവി വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിൽ ദുൽഹിജ്ജ ഒന്ന് എന്നാണെന്നോ, അറഫാ ദിനം എന്നാണെന്നോ പറയാതെ പെരുന്നാൾ 21ന് ബുധനാഴ്ചയാണെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, പഴയ മടവൂർ വിഭാഗമായ മർകസുദ്ദഅ്‌വ നൽകിയ അറിയിപ്പ് ഏറെ കൗതുകകരമാണ്.
![](https://assets.sirajlive.com/2021/07/6fe02330-87dd-4199-9ffd-e327bb2154fb-640x457.jpg)
ബലിപെരുന്നാൾ സംബന്ധിച്ച് വിസ്ഡം വിഭാഗത്തിന്റെ അറിയിപ്പ്
ഈ മാസം പത്തിന് ദുൽഖഅദ് 30 പൂർത്തിയായതിനാൽ ദുൽഹജ്ജ് ഒന്ന് ഞായറാഴ്ചയും അറഫാ ദിനം ജൂലൈ 19 തിങ്കളാഴ്ചയും ആയിരിക്കുമെന്നും, എന്നാൽ പെരുന്നാൾ ജനങ്ങളോടൊപ്പമായിരിക്കണമെന്ന പ്രവാചക നിർദേശം അംഗീകരിച്ച് സാമൂഹിക ആഘോഷമായ പെരുന്നാൾ ജനങ്ങളോടൊപ്പം ആഘോഷിക്കാമെന്നുമാണ് കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അബ്ദുൽ ഹമീദ് മദീനി, ജനറൽ സെക്രട്ടറി ജമാലുദ്ദീൻ ഫാറൂഖി എന്നിവരുടെ പ്രസ്താവന. അതേസമയം, അലി മണിക്ഫാൻ ബലിപെരുന്നാൾ 20നുമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
![](https://assets.sirajlive.com/2021/07/mujahiii.jpg)
കെ എൻ എം മൗലവി വിഭാഗം പുറത്തിറക്കിയ പ്രസ്താവന