Connect with us

Ongoing News

ഭക്തിയുടെ നിറവിൽ ഇന്ന് അറഫാ സംഗമം

Published

|

Last Updated

മക്ക | ഭക്തിയുടെ നിറവിൽ പുണ്യഭൂമി ഇന്ന് അറഫാ സംഗമത്തിന് സാക്ഷിയാകും. ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ)യിലൂടെ അല്ലാഹു നടത്തിയ വിളിക്കുത്തരം ചെയ്ത് യൗമുതർവിയ രാത്രി മുഴുവൻ പ്രാർഥനയിൽ മുഴുകി മിനായിൽ രാപ്പാർത്ത ഹാജിമാർ ഇന്ന് അറഫാ മൈതാനിയിൽ സമ്മേളിക്കും.

കൊവിഡ് മഹാമാരിയെ തുടർന്ന് സഊദിയിലുള്ള വിദേശികളും സ്വദേശികളുമായ അറുപതിനായിരം പേർ മാത്രമാണ് ഇത്തവണ ഹജ്ജ് കർമത്തിൽ പങ്കെടുക്കുന്നത്. ളുഹ്ർ നിസ്‌കാരത്തിന് മുമ്പായി ഹാജിമാർ അറഫാ മൈതാനിയിലെത്തിച്ചേരും. മസ്ജിദുന്നമിറയിൽ നടക്കുന്ന് ളുഹ്ർ നിസ്‌കാരാനന്തരമുള്ള ഖുതുബക്കും നിസ്‌കാരത്തിനും സഊദി ഉന്നത പണ്ഡിത സഭാംഗവും റോയൽ കോർട്ട് ഉപദേശകരിൽ പ്രധാനിയുമായ ശൈഖ് അബ്ദുല്ല അൽ മനീഅ നേതൃത്വം നൽകും. അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) നടത്തിയ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ചാണ് എല്ലാ വർഷവും മസ്ജിദുന്നമിറയിൽ ഖുതുബ നിർവഹിക്കുന്നത്.
അറഫാ സംഗമം അവസാനിച്ച ശേഷം മുസ്ദലിഫയിലേക്ക് ഹാജിമാർ നീങ്ങും. മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങൾ മുസ്ദലിഫയിൽ നിർവഹിക്കും. സുബ്ഹി വരെ പ്രാർഥനയിൽ കഴിയും. ജംറയിൽ എറിയാനുള്ള കല്ലും മുസ്ദലിഫയിൽ നിന്ന് ശേഖരിക്കും.

ബലിപെരുന്നാൾ ദിനത്തിൽ ഹാജിമാർ മിനായിലെ താമസ സ്ഥലങ്ങളിൽ തിരിച്ചെത്തി ജംറയിൽ ചെന്ന് ആദ്യ ദിവസത്തെ കല്ലേറ് കർമം പൂർത്തിയാക്കും. ആദ്യ ദിനം ജംറത്തുൽ അഖബയിലാണ് കല്ലേറ് കർമം നിർവഹിക്കുക. ബലികർമം പൂർത്തിയാക്കിയ ശേഷം കഅ്ബയിലെത്തി ത്വവാഫുൽ ഇഫാളയും സഇയ്യും പൂർത്തിയാക്കി മിനായിൽ തിരിച്ചെത്തും. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ജംറതുൽ ഊലയിലും ജംറതുൽ വുസ്തയിലും കല്ലേറ് കർമം പൂർത്തിയാക്കും.

സിറാജ് പ്രതിനിധി, ദമാം

Latest