Connect with us

Articles

വീതം വെപ്പിലെ അനീതി: ന്യായവിധി തേടാന്‍ ആരുണ്ട്?

Published

|

Last Updated

പരമ്പരാഗതമായി മതസൗഹൃദ സമ്പന്നമാണ് നമ്മുടെ കേരളം. ഈ വിശിഷ്ട പാരമ്പര്യത്തിന്റെ അനുസ്യൂതമുള്ള ഒഴുക്കിന് ഭംഗം വരുത്തുന്ന ഏത് നടപടിയും എതിര്‍ക്കപ്പെടേണ്ടതാണ്. അത്തരത്തിലൊന്നാണ് മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് വിതരണ മാനദണ്ഡങ്ങളില്‍ ഇടപെട്ടുള്ള കേരള ഹൈക്കോടതിയുടെ വിധിയും അതിനനുസൃതമായി മന്ത്രിസഭ എടുത്ത തീരുമാനവും.

പതിറ്റാണ്ടുകളായി മുസ്‌ലിം സമുദായത്തിനുണ്ടായ ക്ഷീണാവശതകളെ പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയ പോരായ്മകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടവയാണ്. അവ പരിഹരിക്കാന്‍ രാജ്യത്താകെ നടപ്പാക്കുന്ന പദ്ധതിയില്‍, ഒരു പഠനവും അന്വേഷണവുമില്ലാതെ, രേഖകളുടെ പിന്‍ബലമില്ലാതെ മൂന്ന് സമുദായങ്ങളെ കേരളത്തില്‍ മാത്രം തിരുകിക്കയറ്റുക എന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കാന്‍ പോകുന്നതാണ്. ഇത് ഫലത്തില്‍ സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെയും തുടര്‍ന്നുണ്ടായ പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെയും തദടിസ്ഥാനത്തിലുണ്ടായ ഭരണ സംവിധാനങ്ങളുടെയും കടക്കല്‍ കത്തിവെച്ച നടപടിയുമാണ്.

കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമായിരുന്നു. കാരണം ഈ സ്‌കോളര്‍ഷിപ്പ് ന്യൂനപക്ഷങ്ങളിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രം നടപ്പാക്കുന്ന പദ്ധതിയാണെന്നും അത് പൂര്‍ണമായും മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും മറ്റ് സമുദായങ്ങള്‍ക്ക് വേറെ പദ്ധതികളുണ്ടെന്നും പോരാത്തതിന് കോശി കമ്മിറ്റി പോലെ പുതിയ പഠന റിപ്പോര്‍ട്ടുകള്‍ വരാനിരിക്കുന്നതേയുള്ളൂവെന്നും ആദ്യമേ കോടതിയെ ധരിപ്പിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞില്ല. ഇത് കുറ്റകരമായ അനാസ്ഥ തന്നെയാണ്.

പാലോളി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി ഉണ്ടാക്കിയതല്ല. 2007 ഒക്ടാബര്‍ 15ന് നിലവില്‍ വന്ന ആ കമ്മിറ്റി കേരളത്തിലെ മുഴുവന്‍ ജില്ലകളിലും സിറ്റിംഗ് നടത്തി. 398 നിവേദക സംഘങ്ങളെ അവര്‍ കേട്ടു. 4,000 നിര്‍ദേശങ്ങള്‍ പരിഗണിച്ചു. 2008 ഫെബ്രുവരി 21ന് പാലോളി കമ്മിറ്റി സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിലെ നിര്‍ദേശങ്ങളുടെ ഭരണസാധുത പൊതുഭരണ വകുപ്പും നിയമസാധുത ലോ സെക്രട്ടേറിയറ്റും മൂന്ന് മാസമെടുത്ത് പരിശോധിച്ചു. തുടര്‍ന്ന് 2008 മെയ് അഞ്ചിന് Go (MS) 148/08/GAD എന്ന ഉത്തരവ് പ്രകാരം നടപ്പാക്കി വരുന്നതാണ് മുസ്‌ലിം ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍. സച്ചാര്‍ കമ്മിറ്റിയെ മറന്നാലും തൊട്ടു മുമ്പത്തെ ഇടതു സര്‍ക്കാറിന്റെ സംഭാവന എന്ന നിലയില്‍ പാലോളി കമ്മിറ്റി റിപ്പോര്‍ട്ടും അതേ തുടര്‍ന്നുള്ള തീരുമാനങ്ങളും സംരക്ഷിക്കാനെങ്കിലും ഈ സര്‍ക്കാറിന്റെ അഭിഭാഷകര്‍ കോടതിയില്‍ ജാഗ്രത കാണിക്കണമായിരുന്നു. അതില്‍ അവര്‍ പുലര്‍ത്തിയ അലംഭാവം സര്‍ക്കാറിന്റെ നിലപാടല്ലെങ്കില്‍ തീര്‍ച്ചയായും അപ്പീല്‍ പോകുകയാണ് വേണ്ടിയിരുന്നത്.
സച്ചാര്‍ കമ്മിറ്റി രാജ്യത്തെ മുസ്‌ലിംകളുടെ ജീവിതാവസ്ഥകളെ മൊത്തത്തിലാണ് പഠിച്ചതെങ്കില്‍ പാലോളി കമ്മിറ്റി കേരള മുസ്‌ലിം ജീവിത പരിസരവും പ്രശ്‌നങ്ങളും സവിശേഷമായി അപഗ്രഥനം ചെയ്യുകയായിരുന്നു. കേരളത്തില്‍ ഇന്നും മുസ്‌ലിം ഭൂരിപക്ഷ വില്ലേജുകളില്‍ നാലില്‍ മൂന്നിലും ഒരു പള്ളിക്കൂടം പോലുമില്ലെന്നതുള്‍പ്പെടെ ഞെട്ടിക്കുന്ന നിരവധി യാഥാര്‍ഥ്യങ്ങളാണ് ആ റിപ്പോര്‍ട്ടിലുള്ളത്.
മുസ്‌ലിം പ്രശ്‌നങ്ങള്‍ പറയുന്നത് രാജ്യദ്രോഹമാകുമെന്ന പൊതുബോധം വളര്‍ന്നു നില്‍ക്കുന്ന വര്‍ത്തമാന കാലത്ത്, ഇക്കാര്യത്തിലും എല്ലാവര്‍ക്കും സ്വന്തം നിലനില്‍പ്പും താത്പര്യവുമുണ്ട്. അതേസമയം, മുസ്‌ലിം മത – ധാര്‍മിക സംഘടനകളുടെ നിരാശ സര്‍ക്കാര്‍ കാണാതെ പോകരുത്. ഇവിടെ ഏതെങ്കിലും സമുദായത്തിന് ആനുകൂല്യം കൊടുക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. എന്നാല്‍ മുസ്‌ലിം സമുദായത്തിന് മാത്രമായുള്ള അവകാശങ്ങള്‍ മറ്റ് സമുദായങ്ങള്‍ക്ക് വീതിച്ചു കൊടുക്കുന്നത് മാത്രമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവശത മാറ്റാന്‍ പദ്ധതികള്‍ നടപ്പില്‍ വന്ന് തുടങ്ങുന്നതേയുള്ളൂ. ആവശ്യമായത്ര അവര്‍ക്ക് ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ തൊഴിലില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ മോശം പ്രാതിനിധ്യം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പട്ടിക 9 (5), 9 (6) എന്നിവയില്‍ വിശദമായി പ്രതിപാദിക്കുന്നു. എക്സ്റ്റന്‍ഷന്‍ R4 (2) (എ), (ബി), (സി) രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ദയനീയ അവസ്ഥ വിവരിക്കുന്നു. ആകെ 648 പേജില്‍ 228 താളുകള്‍ നിറയെ ശിപാര്‍ശകളാണ്. അതില്‍ സച്ചാര്‍ കമ്മിറ്റി പറഞ്ഞത് മുസ്‌ലിംകളുടെ സാമൂഹികാവസ്ഥ ഉയര്‍ത്താനുള്ള നടപടികള്‍ വേണമെന്നാണ്.

കേരളത്തിലും അര്‍ഹമായ പുരോഗതിയും അവസര സമത്വവും അവര്‍ക്ക് ലഭിച്ചിട്ടില്ല. രാഷ്ട്രീയ, സാമൂഹിക ജീവിതത്തില്‍ കേരളത്തിലും മുസ്‌ലിംകള്‍ അവഗണനയുടെ നൊമ്പരം നുണയുന്നവരാണ്. മന്ത്രിമാരിലും എം എല്‍ എമാരിലും ബോര്‍ഡ് കോര്‍പറേഷനുകളിലും അവര്‍ക്ക് അര്‍ഹമായത് ലഭിക്കുന്നില്ല.

രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവര്‍, സ്വന്തമായുണ്ടായിരുന്നതെല്ലാം നാടിനായി നല്‍കിയവര്‍, വാഗണ്‍ ട്രാജഡിയിലൂടെ ശ്വാസം മുട്ടി മരിച്ചവര്‍… അവരുടെ തലമുറ സ്വാതന്ത്ര്യ പോരാട്ടത്തില്‍ അത്ര സാന്നിധ്യമൊന്നുമില്ലാതിരുന്നവരേക്കാള്‍ ഇന്ന് വളരെ പിന്നാക്കമാണ്.

ഇവയെല്ലാം പരിഹരിക്കാനുള്ള ശിപാര്‍ശകള്‍ ഇന്ത്യയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് അന്നത്തെ കേന്ദ്ര സര്‍ക്കാറാണ്. ഇപ്പോഴും അത് തുടരുന്നു. ഇതൊരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. രാജ്യത്തൊട്ടാകെ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ നടത്തിപ്പ് ചുമതല മാത്രമേ സംസ്ഥാനങ്ങള്‍ക്കുള്ളൂ. എന്നിരിക്കെ പദ്ധതിയുടെ അലകും പിടിയും മാറ്റി അതിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കാന്‍ പോകുന്ന തീരുമാനമാണ് സംസ്ഥാന മന്ത്രിസഭ എടുത്തിരിക്കുന്നത്.
അട്ടിമറി തുടങ്ങിയത് അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്താണ്. സച്ചാര്‍ കമ്മിറ്റി മുസ്‌ലിം സമുദായത്തിനായി മാത്രം നിര്‍ദേശിച്ച സ്‌കോളര്‍ഷിപ്പിന്റെ ഗുണഭോക്താക്കളില്‍ 20 ശതമാനം ക്രിസ്ത്യാനികളെ ഉള്‍പ്പെടുത്തിയതാണ് ആദ്യ നടപടി. ആ തീരുമാനം തെറ്റായിരുന്നിട്ടും തൊട്ടുപിറകേ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അത് തിരുത്താതിരുന്നതിലും ഒരു രാഷ്ട്രീയമുണ്ടായിരുന്നു. ആദ്യം 100, പിന്നെ 80, ഇപ്പോള്‍ 50. മുസ്‌ലിം വിഷയങ്ങളെ സര്‍ക്കാറുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ സൂചകം കൂടിയാണ് ഈ കണക്ക്.
ചരിത്രത്തിന്റെ മാര്‍ജിനിലൂടെ ഇഴഞ്ഞു നീങ്ങിയ ഒരു തിരക്കഥയുടെ ഏറ്റവും പുതിയ രംഗമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് വായിക്കുന്നവരുമുണ്ട്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ 1957ല്‍ വിമോചന സമരത്തിലൂടെ പുറത്താക്കുന്നതില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന് മുഖ്യ പങ്കാളിത്തമുണ്ടായിരുന്നു. അന്ന് മുതല്‍ ഇവിടുത്തെ ക്രിസ്ത്യന്‍-മുസ്‌ലിം-നായര്‍ നേതാക്കള്‍ ചേര്‍ന്നൊരു അച്ചുതണ്ട് പ്രവര്‍ത്തിച്ചുവന്നു. അവരാണ് അടുത്ത കാലം വരെ ഐക്യജനാധിപത്യ മുന്നണിയുടെ അടിത്തറയും കരുത്തുമായിരുന്നത്. അതില്‍ വിള്ളല്‍ വീഴ്ത്താന്‍ കാലാകാലങ്ങളില്‍ ഇടതു പാര്‍ട്ടികള്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടികളുടെ പിളര്‍പ്പിലും എന്‍ ഡി പി, എസ് ആര്‍ പി എന്നീ പാര്‍ട്ടികള്‍ ഇല്ലാതായതിലും ഈ തിരക്കഥാകൃത്തുക്കള്‍ക്ക് നല്ല പങ്കുണ്ട്.

തിരക്കഥയുടെ അവസാന രംഗം വളരെ വ്യക്തമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങുമ്പോള്‍ തന്നെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ക്രിസ്ത്യാനികള്‍ക്ക് ജനസംഖ്യാനുപാതിക വിഹിതം ലഭ്യമാക്കണമെന്ന് സഭകള്‍ ലെറ്റര്‍ ഹെഡില്‍ ഇടതു മുന്നണി നേതൃത്വത്തിന് കത്ത് നല്‍കുന്നു. ഇതേ ആവശ്യം പിന്നീട് കോടതിയില്‍ പെറ്റീഷനായി വരുന്നു. പാലോളിയും എം എ ബേബിയും പുറത്തു പറഞ്ഞ, ഇത് മുസ്‌ലിംകള്‍ക്ക് മാത്രമായുള്ള പദ്ധതിയാണെന്ന സത്യം കോടതിയില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാതിരിക്കുന്നു. ആ വിധി മുന്‍ ഇടതു സര്‍ക്കാറിന്റെ തന്നെ തീരുമാനങ്ങള്‍ക്കെതിരായിട്ടും അതിനെതിരെ അപ്പീല്‍ പോകേണ്ടതില്ല എന്ന് ഈ സര്‍ക്കാര്‍ തീരുമാനിക്കുന്നു. ഒടുവില്‍ തിരഞ്ഞെടുപ്പിന് മുമ്പ് ലഭിച്ച നിവേദനത്തിലെ ആവശ്യസാധ്യം പോലെ ജനസംഖ്യാനുപാതിക വീതം വെപ്പിന് തീരുമാനമെടുക്കുന്നു. കോടതി വിധിയെ അനുസരണയോടെ ശിരസ്സാവഹിക്കുന്നു.
ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സമുദായങ്ങളുടെയും അവശതകള്‍ പരിഹരിക്കുക തന്നെ വേണം. അത് മറ്റൊരു സമുദായത്തിന്റെ അവകാശങ്ങള്‍ വീതം വെച്ചു കൊണ്ടല്ല വേണ്ടത്. ഈ സത്യം കോടതിയെ ബോധിപ്പിച്ച് ന്യായവിധി നേടാന്‍ ആര്‍ക്ക് കഴിയും എന്നതാണ് കേരള രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ ചോദ്യം.

എ എ ഹകീം നഹ

nahahakkim@gmail.com

---- facebook comment plugin here -----

Latest