Articles
ആത്മീയ ധന്യതയുടെ ആഘോഷം
ഇലാഹിലേക്കുള്ള സമര്‍പ്പണത്തിന്റെ മഹത്തായ പാഠങ്ങളാണ് ബലിപെരുന്നാള്‍ നല്‍കുന്നത്. ത്യാഗങ്ങളേറെ തരണം ചെയ്ത് അല്ലാഹു നിര്‍ദേശിച്ച പ്രകാരമുള്ള ഉത്തമ ജീവിതത്തിലൂടെ ലോകത്തിനാകമാനം മാതൃകയായി മാറിയ മഹാനായ ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും പോരിശയാര്‍ന്ന ജീവിതത്തിന്റെ മഹാ ഓര്‍മപ്പെടുത്തലാണ് ഈ സുദിനം. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒട്ടനവധി ബുദ്ധിമുട്ടുകള്‍ നല്‍കി, അവരുടെ വിശ്വാസത്തെ പരീക്ഷിക്കുമ്പോഴെല്ലാം, ഇബ്റാഹീം നബി സര്‍വവും അല്ലാഹുവില്‍ സമര്‍പ്പിച്ചു.
ഈ ലോകത്തെ ജീവിതം അര്‍ഥപൂര്‍ണമാകുന്നത്, അല്ലാഹു അരുളിയ പ്രകാരം ജീവിതത്തെ ക്രമപ്പെടുത്തി സമ്പൂര്‍ണമായ വിശ്വാസം ഹൃദയത്തില്‍ ഏറ്റുവാങ്ങുമ്പോഴാണ്. അങ്ങനെ വരുമ്പോള്‍ വിശ്വാസിക്ക് പ്രയാസങ്ങള്‍ വിഷമകരമേ ആകില്ല. അല്ലാഹു തനിക്കായി നിശ്ചയിച്ച ജീവിതമിതാണെന്ന് വിശ്വസിക്കുകയും അതില്‍ സമാധാനം കണ്ടെത്തുകയും ചെയ്യും. നാഥന്‍ നിശ്ചയിച്ച പ്രകാരമാണ് ഓരോ ആളുകളുടെയും ജീവിതമെന്നും ഹൃദയ വിശുദ്ധിയോടെയും നാഥനില്‍ ഭാരമേല്‍പ്പിച്ചും ജീവിച്ചാല്‍ പരലോക വിജയം പ്രാപിക്കാമെന്നും വിശ്വാസികള്‍ പഠിക്കുന്നു. അത്തരത്തില്‍ ജീവിതത്തെ ക്രമീകരിക്കാനും എപ്പോഴും സമാധാന ചിത്തരായി നിലനില്‍ക്കാനുമുള്ള ഒട്ടനേകം പാഠങ്ങള്‍ ഇബ്റാഹീം നബിയുടെ ജീവിതത്തില്‍ നിന്ന് വിശ്വാസികള്‍ക്ക് ലഭിക്കുന്നു.
പ്രയാസങ്ങളെ അതിജീവിക്കുന്നവര്‍ക്ക് മഹോന്നതമായ പദവിയാണ് കൈവരാന്‍ പോകുന്നതെന്നതിന്റെ സാക്ഷ്യമാണ് ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ജീവിത ചരിത്രം. സത്യത്തിന്റെ മഹത്തായ സാക്ഷ്യമായിരുന്നുവത്. തനിക്കു ചുറ്റും നിലനില്‍ക്കുന്ന കൊള്ളരുതാത്ത കാര്യങ്ങളെ കുറിച്ച് അവിടുന്ന് ജനങ്ങളെ ബോധവത്കരിച്ചു. സത്യമാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു. എന്നാല്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന തെറ്റായ ജീവിത ക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവരില്‍ വലിയൊരു വിഭാഗം തയ്യാറായില്ല. മാത്രവുമല്ല, സത്യപ്രബോധനം നടത്തിയതിന്റെ പേരില്‍ നംറൂദ് ചക്രവര്‍ത്തി ഇബ്റാഹീം നബിക്ക് നേരേ വിവിധ രൂപത്തില്‍ അക്രമങ്ങള്‍ക്ക് തുനിഞ്ഞു. കത്തിജ്വലിക്കുന്ന തീകുണ്ഡാരത്തിലേക്ക് എറിഞ്ഞു. അവിടെയെല്ലാം അല്ലാഹു സഹായമായെത്തി. അഗ്‌നിനാളത്തെ, പട്ടുപോലെ മാര്‍ധവമാക്കി നല്‍കി. ഇബ്റാഹീം നബിക്കൊന്നും സംഭവിച്ചില്ല. തുടര്‍ന്നും വൈതരണികളെ അവിടുന്ന് അതിജീവിച്ചു. പത്‌നിയായ ഹാജറാ ബീവിയും മകന്‍ ഇസ്മാഈല്‍ നബിയും അതീവ നിഷ്ഠയോടെ അല്ലാഹുവിന്റെ കല്‍പ്പനകള്‍ അംഗീകരിച്ചു. സാത്വികമായി ജീവിച്ചു. പൈശാചിക ബോധനകളെ അവഗണിച്ചു. അവരുടെ ജീവിതത്തിന്റെ മഹാസ്മരണയാണ് ബലിപെരുന്നാളും ഹജ്ജും. ഹജ്ജിന്റെ വിശിഷ്ട കര്‍മങ്ങള്‍ക്ക് ഇബ്റാഹീം നബിയുടെ ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധമുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു വിവരിക്കുന്നുണ്ട്, ഇബ്റാഹീം നബിയെ അല്ലാഹു ഖലീലാക്കി എന്ന്. അവരുടെ വഴിയേ പിന്തുടരുന്നവര്‍ നന്മ പ്രാപിച്ചവരാണ് എന്ന്. അത്രമേല്‍ മഹത്തരമായ പദവി അവിടുത്തേക്ക് അല്ലാഹു നല്‍കി.
മഹത്തായ ഈ ബലിപെരുന്നാളില്‍ നാമെല്ലാം കടന്നുപോകുന്നത് വിഷമകരമായ ഘട്ടത്തിലൂടെയാണ്. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധി ഇപ്പോഴും മാറിയിട്ടില്ല. എല്ലാവരുടെയും ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ അത് തുടരുന്നു. രോഗസംക്രമണം സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ വിശ്വാസികള്‍ക്ക് ഉണ്ടാകണം. അതോടൊപ്പം പ്രാര്‍ഥനകളില്‍ നാം നിരന്തരമായി മുഴുകണം. മഹാമാരിയുടെ കാലത്തൊക്കെ ഈ രണ്ട് ഗുണങ്ങളും വിശ്വാസികളില്‍ ഉണ്ടാകണമെന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചത്. അതിനാല്‍, ഇന്നത്തെ ദിവസം നമ്മുടെ ആഘോഷങ്ങള്‍ കരുതലോടു കൂടിയാകണം. ഏറെ പുണ്യമേറിയ ഈ ദിവസത്തിലെ പ്രാര്‍ഥനക്കും മഹത്വമേറെയാണ്.
ബലി പെരുന്നാളിലെ ആരാധനകളാണ് പെരുന്നാള്‍ നിസ്‌കാരവും ബലികര്‍മവും. നാഥനോടുള്ള കടപ്പാടിന്റെ ഉദാത്തമായ പ്രഖ്യാപനമാണ് പെരുന്നാള്‍ നിസ്‌കാരം. “അല്ലാഹു അക്ബര്‍” എന്ന ആവര്‍ത്തിച്ചുള്ള വിളികളില്‍ ഹൃദയാന്തരങ്ങളിലേക്ക് ഒഴുകുന്നത് നാഥനു മുമ്പില്‍ വഴിപ്പെടാനുള്ള ചിന്തയാണ്. ഉള്ഹിയ്യത്ത് എന്ന ബലികര്‍മമാകട്ടെ, സാമൂഹികമായ ജീവിതത്തിന്റെ പൂര്‍ണത പ്രകാശിപ്പിക്കുന്ന കര്‍മമാണ്. മാംസം നമുക്ക് ചുറ്റുമുള്ള വിശ്വാസികള്‍ക്ക് നല്‍കി, അവരുടെ പെരുന്നാള്‍ ദിനവും തുടര്‍ ദിനങ്ങളും വര്‍ണാഭമാക്കുന്നു. ഇബ്റാഹീം നബിയുടെ ത്യാഗ സന്നദ്ധതയെ നാഥന്‍ സ്വീകരിച്ചതിന്റെ മഹാ ഓര്‍മകളിലേക്ക് വിശ്വാസികള്‍ ഇന്നും ഈ കര്‍മത്തിലൂടെ കടന്നുപോകുന്നു.
ഹജ്ജിന്റെ സന്ദര്‍ഭമാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി മിക്കവാറും എല്ലാ വര്‍ഷവും ഹജ്ജ് ചെയ്തു വരാറുണ്ടായിരുന്നു. കൊവിഡ് കാരണം, രണ്ട് വര്‍ഷങ്ങളായി അതിനു സാധിച്ചിട്ടില്ല. 1968ല്‍ തന്നെ ആദ്യ ഹജ്ജ് ചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തിലെ മഹാ ഭാഗ്യമായി കാണുന്നു. അസാധാരണമായ അനുഭവമായിരുന്നു ഓരോ ഹജ്ജും. വര്‍ണവും ഭാഷയും വേഷവും ഒന്നും നമ്മെ വേര്‍തിരിക്കുന്ന ഘടകങ്ങള്‍ അല്ലെന്നും, വിശ്വാസികള്‍ എല്ലാം നാഥന് മുമ്പില്‍ സമന്മാരാണ് എന്നുമുള്ള മഹാ സന്ദേശത്തിന്റെ വിളംബരമാണ് ഹജ്ജ്. ഹജ്ജിനു പോകാന്‍ ആഗ്രഹിച്ചവര്‍ക്കൊന്നും കഴിഞ്ഞില്ല എങ്കിലും ഹജ്ജിന്റെ ആത്മീയമായ മൂല്യങ്ങള്‍ നമ്മളില്‍ എല്ലാവരിലും ആഴത്തില്‍ വേരൂന്നണം.
ലാളിത്യവും ഹൃദയ വിശുദ്ധിയും വേണം. അഹങ്കാരത്തില്‍ നിന്ന് മാറിനില്‍ക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള മനസ്സും വേണം. നമ്മുടെ സാമൂഹിക ജീവിതത്തില്‍ പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഇടയില്‍ അന്തരം കാണുന്നത്, പണവും കുലവും എല്ലാം മനുഷ്യരെ അഹന്തയിലേക്ക് നയിക്കുന്നത് കൊണ്ടാണ്. മുഹമ്മദ് നബി (സ) പറഞ്ഞല്ലോ, അല്ലാഹു നോക്കുന്നത് ഒരാളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ അല്ല, മറിച്ച് ഹൃദയത്തിലേക്കാണ് എന്ന്. അതിനാല്‍ ഹൃദയം വിശുദ്ധമാകണം നമ്മുടെ ഓരോരുത്തരുടെയും. ആഘോഷങ്ങളെല്ലാം നിര്‍മല ഹൃദയത്തോടെയാകണം. നാം മറ്റുള്ളവര്‍ക്ക് സഹായങ്ങള്‍ ചെയ്യുമ്പോള്‍ വളരെയധികം സാത്വികമാകണം അത്. വലതുകൈകൊണ്ട് കൊടുക്കുമ്പോള്‍ ഇടതു കൈ അറിയാത്ത വിധം സൂക്ഷ്മമായും രഹസ്യമായിട്ടും സ്വദഖ നല്‍കുന്നവന് പരലോകത്ത് തണല്‍ കിട്ടുമെന്നാണ് അവിടുന്ന് പഠിപ്പിച്ചത്.
പ്രയാസപ്പെടുന്നവര്‍ നമുക്ക് ചുറ്റും നിറയെ ഉള്ള സമയമാണ്. ഒരു വര്‍ഷത്തിലേറെയായി സാധാരണക്കാരില്‍ പലരുടെയും വരുമാന മാര്‍ഗങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു. വിദേശത്തു നിന്ന് വന്ന്, മാസങ്ങളായി തിരിച്ചു പോകാന്‍ കഴിയാതെ പ്രയാസപ്പെടുന്ന പ്രവാസികളും ഏറെ. അവരെയൊക്കെ തിരിച്ചറിഞ്ഞ് സഹായിക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണം. നമ്മുടെ ചുറ്റുമുള്ള ഒരാളും വിഷമമനുഭവിക്കാത്ത പെരുന്നാളായി ഇത് മാറണം. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍.
കാന്തപുരം
എ പി അബൂബക്കര്‍ മുസ്‌ലിയാര്‍