Connect with us

Articles

ചങ്കിടിപ്പേറ്റുന്ന കരിനിയമങ്ങള്‍

Published

|

Last Updated

ഭരണകൂടങ്ങളുടെ ജനാധിപത്യവിരുദ്ധതക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നവരെ കരിനിയമങ്ങള്‍ ഉപയോഗിച്ച് ഉന്‍മൂലനം ചെയ്യുന്ന പ്രവണത മോദിഭരണ കാലത്ത് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, കഴിഞ്ഞ ദിവസം സുപ്രീം കോടതി കാലഹരണപ്പെടേണ്ട നിയമങ്ങള്‍ ഇപ്പോഴും കൊണ്ടുനടക്കുന്നതിലെ സാംഗത്യം ചോദ്യം ചെയ്തിരിക്കുകയാണ്. രാജ്യദ്രോഹ നിയമം സ്വാതന്ത്ര്യ സമരം അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണെന്നും ഇപ്പോള്‍ അതിനെന്ത് പ്രസക്തിയെന്നുമാണ് സുപ്രീം കോടതിയുടെ ചോദ്യം. ചീട്ടുകളിക്കാരെയും ചൂതാട്ടക്കാരെയുമുള്‍പ്പെടെ ആരെയും രാജ്യദ്രോഹക്കേസില്‍ ഉള്‍പ്പെടുത്തുന്ന വിധത്തില്‍ 124 വകുപ്പ് ദുരുപയോഗം ചെയ്യുന്നതിലെ അപകടമാണ് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറിനെതിരെ നടത്തുന്ന ഏത് തരത്തിലുള്ള സമരവും രാജ്യദ്രോഹമായി കണ്ട് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഏറെക്കാലം ജയിലിലിടുന്ന സ്ഥിതിയാണിപ്പോള്‍ കണ്ടുവരുന്നത്. പൗരത്വ നിയമത്തിനും കര്‍ഷകവിരുദ്ധ ബില്ലിനുമെതിരെ ജനാധിപത്യപരമായി സമരം നടത്തിയ പലരെയും രാജ്യദ്രോഹക്കേസില്‍ പെടുത്തി തുറുങ്കിലടച്ചിരിക്കുന്നു. പെട്രോള്‍ വില വര്‍ധനവിനെതിരെ സമരം ചെയ്താല്‍ അതും രാജ്യദ്രോഹമാകും. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ രാജ്യദ്രോഹിയായി മുദ്രകുത്തി ജാമ്യം പോലും നല്‍കാതെ ജയിലിലേക്ക് തള്ളപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ഇപ്പോഴും മനഃസാക്ഷിയുള്ളവരെ അസ്വസ്ഥമാക്കുകയാണ്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അദ്ദേഹത്തിനെതിരെ യു എ പി എ ചുമത്തപ്പെട്ടതിനാല്‍ മാസങ്ങളോളം ജയിലില്‍ കഴിഞ്ഞു. ഇതിനിടെ രോഗം മൂര്‍ഛിച്ച് അവശനിലയിലായ ആ വയോധികന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഝാര്‍ഖണ്ഡിലെ ഗോത്രവര്‍ഗക്കാര്‍ നേരിടുന്ന നീതിനിഷേധങ്ങള്‍ സമൂഹശ്രദ്ധയില്‍ കൊണ്ടുവന്നതിന്റെ പേരിലാണ് സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റാണെന്ന് മുദ്രകുത്തി ഭരണകൂടം വേട്ടയാടിയതും തുറുങ്കിലടച്ചതും. 2018 ജനുവരി ഒന്നിന് പുണെയിലെ ഭീമ കൊറേഗാവിലുണ്ടായ കലാപവുമായി സ്റ്റാന്‍ സ്വാമിക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിന് ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് അറസ്റ്റിലായ സ്റ്റാന്‍ വാര്‍ധക്യസഹജമായ അവശതയും രോഗപീഡയും മൂലം അങ്ങേയറ്റം ദുരിതത്തിലാണ് ജയിലില്‍ കഴിഞ്ഞത്. കലാപവുമായി തനിക്ക് ബന്ധമില്ലെന്ന് തെളിവുനിരത്തി ആവര്‍ത്തിച്ചിട്ടും നീതി ദേവതയുടെ കണ്ണുകള്‍ ഇദ്ദേഹത്തിന് നേരേ തുറന്നില്ല. ജാമ്യം പോലും നല്‍കാതെ രാജ്യത്തെ ഭരണകൂടം ആ മനുഷ്യാവകാശ പോരാളിയെ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു.

സ്റ്റാനിനോട് കാണിച്ച നീതിനിഷേധം ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ വലിയ കളങ്കമാണ് വരുത്തിയത്. 84 വയസ്സുള്ള വയോധികനാണെന്ന പരിഗണന പോലും അദ്ദേഹത്തിന് നല്‍കിയില്ലെന്നറിയുമ്പോഴാണ് നീതിരാഹിത്യത്തിന്റെ ആഴം നമുക്ക് ബോധ്യമാകുന്നത്. മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടം ഭീകരതയും രാജ്യദ്രോഹവുമായി ചിത്രീകരിക്കുന്ന വികലമായ നിയമ വ്യവസ്ഥയുടെ ബലിയാടുകളായി ഒരുപാട് സ്റ്റാന്‍ സ്വാമിമാര്‍ നമ്മുടെ രാജ്യത്ത് തുറുങ്കില്‍ കഴിയുകയാണ്. ഇനിയും തെളിയിക്കപ്പെടാത്ത ചില കേസുകളുടെ പേരില്‍ വര്‍ഷങ്ങളായി ബെംഗളൂരു ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനി സ്റ്റാന്‍ നേരിട്ടതിനേക്കാള്‍ കടുത്ത ശാരീരിക-മാനസിക പീഡനങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ് അദ്ദേഹം ജയിലില്‍ ഓരോ ദിനവും തള്ളിനീക്കുന്നത്. വിചാരണയില്ലാതെ ഒമ്പത് വര്‍ഷക്കാലം ജാമ്യം പോലും നിഷേധിക്കപ്പെട്ട് കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ മഅ്ദനി നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ജയില്‍ മോചിതനായെങ്കിലും മറ്റൊരു കേസില്‍ പെടുത്തി വീണ്ടും ജയിലിലടച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി ഇദ്ദേഹം നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുന്നു. വിചാരണ വേഗത്തിലാക്കി കുറ്റം ചെയ്തെങ്കില്‍ ശിക്ഷിക്കുന്നതിന് പകരം കുറ്റം തെളിയുന്നതു വരെയും അനിശ്ചിതമായി തടങ്കലില്‍ പാര്‍പ്പിക്കുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. മഅ്ദനിയെ പോലെ ഒട്ടനവധി പേരെ കരിനിയമങ്ങള്‍ വിഴുങ്ങാന്‍ കാത്തിരിക്കുകയാണ്.
ഇന്ത്യയില്‍ പ്രതിഷേധിക്കാനും അഭിപ്രായം പറയാനുമുള്ള പൗരന്റെ ജനാധിപത്യാവകാശത്തെ ഭീകരവാദമായി ചിത്രീകരിക്കുകയും യു എ പി എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി തുറുങ്കിലടക്കുകയും ചെയ്യുന്ന ക്രൂരവിനോദവുമായി മുന്നോട്ടുപോകുന്ന മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്ന ശക്തമായ താക്കീതായിരുന്നു ഡല്‍ഹി ഹൈക്കോടതി പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്ന സമരവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ അപരവത്കരിക്കുകയെന്ന കൃത്യമായ അജന്‍ഡയോടെ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഭീകരവാദികളായി മുദ്രകുത്തി വേട്ടയാടുന്ന സമീപനം ജനാധിപത്യത്തിനും ഭരണഘടനക്കും നിരക്കാത്തതാണെന്ന് കോടതി ഓര്‍മപ്പെടുത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന സമരവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആസിഫ് ഇക്ബാല്‍ തന്‍ഹക്ക് ജാമ്യം നല്‍കുമ്പോഴാണ് ഹൈക്കോടതി രാജ്യത്തെ ഏതൊരു പൗരനും ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് അധികാരി വര്‍ഗത്തെയും അന്വേഷണ ഏജന്‍സികളെയും ഓര്‍മപ്പെടുത്തിയിരുന്നത്. ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ തന്‍ഹക്കെതിരെ ചുമത്തിയ യു എ പി എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്നും നീതിപീഠം വ്യക്തമാക്കിയിരുന്നു. യു എ പി എയുടെ ദുരുപയോഗം സമൂഹത്തിലുണ്ടാക്കുന്ന അത്യന്തം അപകടകരമായ പ്രത്യാഘാതത്തെ കുറിച്ചും ഹൈക്കോടതി വിശദീകരിച്ചിട്ടുണ്ട്. അതീവ ഗൗരവമുള്ള ശിക്ഷാവകുപ്പായ യു എ പി എ സാധാരണ കുറ്റങ്ങള്‍ക്കു പോലും ചുമത്തുന്നത് ഈ നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളെ ഉദ്ദേശിച്ചാണ് യു എ പി എ കൊണ്ടുവന്നതെന്നും രാജ്യസുരക്ഷക്ക് ഭീഷണിയല്ലാത്ത സമാധാനപരമായ പ്രതിഷേധങ്ങള്‍ നിയമവിരുദ്ധമോ ഭീകരപ്രവര്‍ത്തനമോ അല്ലെന്നും ആ രീതിയിലേക്ക് കാര്യങ്ങള്‍ പോയാല്‍ പാര്‍ലിമെന്റ് ആ നിയമം പാസ്സാക്കിയതിന്റെ ലക്ഷ്യം ഇല്ലാതാക്കുമെന്നും ഡല്‍ഹി ഹൈക്കോടതി മുന്നറിയിപ്പ് നല്‍കുന്നു. മതപരവും രാഷ്ട്രീയപരവുമായ വേര്‍തിരിവുകളോടെ ഭരണകൂടം രാജ്യത്തെ ജനങ്ങള്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ സ്വീകരിച്ചാല്‍ അതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരിക സ്വാഭാവികമാണ്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എതിര്‍ശബ്ദങ്ങളും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ ഭരണം ബി ജെ പിയുടെ നിയന്ത്രണത്തില്‍ വന്നതോടെ കേന്ദ്ര സര്‍ക്കാറിനെതിരെ ഉയരുന്ന ശബ്ദങ്ങളോടും സമരങ്ങളോടും തികഞ്ഞ അസഹിഷ്ണുതയാണ് കാണിക്കുന്നത്. കേന്ദ്രത്തിന്റെ വികലവും ജനവിരുദ്ധവുമായ നയങ്ങളെയും പ്രധാനമന്ത്രിയുടെ നിലപാടുകളെയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ യു എ പി എ ചുമത്തുന്നു. പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും എഴുത്തുകാരെയും കലാകാരന്‍മാരെയും രാജ്യദ്രോഹക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആഇശ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ്. വംശീയ മനോഭാവത്തോടെ ലക്ഷദ്വീപിലെ ജനങ്ങളെ വഴിയാധാരമാക്കാന്‍ അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനാണ് ആഇശ സുല്‍ത്താനയെ രാജ്യദ്രോഹക്കേസില്‍ കുടുക്കിയത്. ആഇശ സുല്‍ത്താനയെ മാത്രമല്ല ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന മുഴുവന്‍ പേരെയും പോലീസും കേന്ദ്ര ഏജന്‍സികളും വേട്ടയാടുകയാണ്.

സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിക്കുന്ന ജനങ്ങളുള്ള ലക്ഷദ്വീപ് ഐ എസ് കേന്ദ്രമാണെന്ന് മുദ്രകുത്തിയാണ് അവിടുത്തെ ജനങ്ങളുടെ ജീവിതത്തിനും നിലനില്‍പ്പിനും ഭീഷണിയുയര്‍ത്തുന്ന പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നത്. ബീഫ് നിരോധിച്ചും ഭൂമി പിടിച്ചെടുത്തും ഭരണകൂടത്തിന്റെ രഹസ്യ അജന്‍ഡകള്‍ അവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നു. ലക്ഷദ്വീപിനെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന് പറഞ്ഞ് ആ നാട്ടില്‍ ലഹരി വിപണനത്തിനുള്ള അനുകൂല സാഹചര്യമുണ്ടാക്കുന്നു. ലക്ഷദ്വീപ് ജനത തീവ്രവാദികളും മതമൗലികവാദികളും ഭീകര സംഘടനകള്‍ക്ക് ഒത്താശ നല്‍കുന്നവരുമാണെന്ന് കള്ളപ്രചാരണം നടത്തുന്നു. രണ്ട് കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന് പറഞ്ഞ് അവിടുത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കുന്നു. സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ യു എ പി എ എന്ന കരിനിയമത്തിന്റെ ഇരയായി ജയിലില്‍ കഴിയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. മതിയായ ചികിത്സ പോലും കിട്ടാതെ കടുത്ത ദുരിതങ്ങളിലൂടെയാണ് കാപ്പന്‍ കടന്നുപോകുന്നത്. പൗരത്വ ഭേദഗതി നിയമത്തിനും കര്‍ഷകര്‍ക്കെതിരായ നിയമത്തിനും പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിനും എതിരെ പ്രതികരിക്കുന്നവരെല്ലാം മോദി സര്‍ക്കാറിന്റെ കണ്ണില്‍ രാജ്യദ്രോഹികളാണ്. രാജ്യത്തെ ജനങ്ങളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നിയമങ്ങള്‍ തങ്ങള്‍ നടപ്പാക്കുമെന്നും എതിര്‍ക്കുന്നവരെ ഭീകരവാദികളാക്കുമെന്നുമുള്ള കേന്ദ്രത്തിന്റെ മുന്നറിയിപ്പാണ് ഇത്തരം കേസുകള്‍. അവര്‍ക്കാവശ്യം കേന്ദ്ര ഭരണകൂടം നടപ്പാക്കുന്ന എല്ലാ നയങ്ങളെയും യാതൊരു എതിര്‍പ്പും കൂടാതെ അംഗീകരിക്കുന്ന ജനതയെയാണ്. ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന എല്ലാ നാവുകളെയും നിശ്ശബ്ദമാക്കാന്‍ തുടരെ തുടരെ രാജ്യദ്രോഹക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുന്നു. മോചനം അനിശ്ചിതത്വത്തിലാക്കുന്ന കടുത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ രീതിയിലുള്ള കേസുകള്‍ കെട്ടിച്ചമക്കുന്നത്. നീതിപീഠങ്ങളെങ്കിലും ഇടപെട്ട് ഇത്തരം അനീതികള്‍ക്ക് അന്ത്യം കുറിക്കണം.

സമ്പൂര്‍ണമായും ഫാസിസ്റ്റ് ഏകാധിപത്യം കൈവരിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ ഭരണം മുന്നോട്ടുപോകുന്നത്. കള്ളപ്പണക്കാരെയെല്ലാം തുറുങ്കിലടക്കുമെന്ന് വീമ്പിളക്കിയ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. എന്നാല്‍ തിരഞ്ഞെടുപ്പ് വേളയില്‍ കള്ളപ്പണമുപയോഗിച്ച് ജനാധിപത്യത്തെ വിലക്കെടുക്കുകയും ഭരണഘടനാ വ്യവസ്ഥകളെ അട്ടിമറിക്കുകയും ചെയ്യുന്നത് ഇതേ മോദിയുടെ അനുയായികളാണ്. ബി ജെ പിയുടെ കരുതല്‍ ശേഖരത്തിലുള്ള കള്ളപ്പണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും ബി ജെ പി കള്ളപ്പണത്തിന്റെ പ്രവാഹമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനും കോടതികളും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നിഷ്‌ക്രിയമാക്കിയുള്ള ഫാസിസ്റ്റ് ഭരണത്തിന്റെ ഓരോ നീക്കങ്ങളും ജനാധിപത്യ വിശ്വാസികളുടെ ചങ്കിടിപ്പിക്കുന്നതാണ്.