Fact Check
#FACTCHECK: എല്‍ പി ജിയുടെ കൊള്ളവിലയ്ക്ക് കാരണം സംസ്ഥാന നികുതിയോ?
പാചക വാതക സിലിന്‍ഡറുകളുടെ വില കുത്തനെ കൂടിയതിന് കാരണം സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ 55 ശതമാനം നികുതി കാരണമാണെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലുണ്ട്. ഗാര്‍ഹിക സിലിന്‍ഡറിന് 850 രൂപക്ക് മുകളില്‍ വില ആയതോടെയാണ് ഈ പ്രചാരണം. വാട്ട്‌സാപ്പിലാണ് പ്രധാനമായും ഇത്തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ഇതിലെ സത്യാവസ്ഥയറിയാം:
GAS
BASIC PRICE – RS.495.00
CENTRAL GOVT TAX – RS. 24.75STATE GOVT TAX – RS. 291.36
పెంచుకుంటూ పోతున్నావుగా.. అన్న.. నీ ఇష్టం కానీ…#APDESERVESBETTER #Jaitdp pic.twitter.com/IKwl0pIwfs— Rajurabilli (@Rajurabilli2) July 15, 2021
പ്രചാരണം: ഗാര്‍ഹിക പാചകത്തിന്റെ അടിസ്ഥാന വില 495 രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ നികുതി 24.75 രൂപയും ഗതാഗത ചെലവ് 10 രൂപയുമാണ്. അങ്ങനെ മൊത്തം 529.75 രൂപ. അതേസമയം സംസ്ഥാന സര്‍ക്കാര്‍ നികുതി 291.36 രൂപയും സംസ്ഥാന ഗതാഗത ചെലവ് 15 രൂപയും ഡീലര്‍മാരുടെ കമ്മീഷന്‍ അഞ്ചര രൂപയും സബ്‌സിഡി 19.57 രൂപയുമാണ്. അവസാനം ഉപഭോക്താവ് 861.18 രൂപ അടക്കണം. ചുരുക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി അഞ്ച് ശതമാനവും സംസ്ഥാന സര്‍ക്കാര്‍ നികുതി 55 ശതമാനവുമാണ്. ഇനി ചിന്തിക്കുക, ഏത് സര്‍ക്കാറാണ് പാചക വാതക വിലക്കയറ്റത്തില്‍ ഉത്തരവാദി? (പ്രചരിക്കുന്ന സന്ദേശം)
വസ്തുത: ഡീസല്‍, പെട്രോള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി പാചക വാതക സിലിന്‍ഡര്‍ ഒറ്റ ജി എസ് ടിക്ക് കീഴിലാണ് വരുന്നത്. ജി എസ് ടിക്ക് കീഴിലാണെങ്കിലും ആഭ്യന്തര എല്‍ പി ജി വിലയില്‍ മൊത്തം അഞ്ച് ശതമാനം നികുതി ചുമത്തുന്നുണ്ട്. രണ്ടര ശതമാനം വീതം സംസ്ഥാന ജി എസ് ടിയും കേന്ദ്ര ജി എസ് ടിയും. ഇതല്ലാതെ മറ്റ് നികുതികളൊന്നും സംസ്ഥാന സര്‍ക്കാറുകള്‍ എല്‍ പി ജി വില്‍പ്പനയില്‍ ചുമത്തുന്നില്ല.
വിദേശ രാജ്യങ്ങളില്‍ നിന്ന് എല്‍ പി ജി എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ ചെലവുകള്‍ അടിസ്ഥാനമാക്കിയാണ് വില നിര്‍ണയിക്കുന്നത്. കസ്റ്റംസ് തീരുവ, ഗതാഗതം, കമ്മീഷന്‍, ജി എസ് ടി, ബോട്ടിലിംഗ് എന്നിവയും വില നിര്‍ണയത്തിന് കാരണമാകുന്നു. ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ ഒരു എല്‍ പി ജി സിലിന്‍ഡറിന് 55 ശതമാനം നികുതി ചുമത്തുന്നുവെന്നത് നുണപ്രചാരണമാണെന്ന് വ്യക്തമാകുന്നു.