Connect with us

Fact Check

#FACTCHECK: രാജസ്ഥാനില്‍ കോട്ടക്ക് മുകളിലെ കാവിക്കൊടി അഴിച്ചുമാറ്റിയതിന് എം എല്‍ എയെ നാട്ടുകാര്‍ ഓടിച്ചിട്ട് തല്ലിയോ?

Published

|

Last Updated

രാജസ്ഥാനിൽ കോട്ടക്ക് മുകളിലെ കാവിക്കൊടി അഴിച്ചുമാറ്റിയതിന് എം എല്‍ എയെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് തല്ലുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വതന്ത്ര എം എല്‍ എ രാംകേഷ് മീണയെ ആള്‍ക്കൂട്ടം ഓടിച്ചിട്ട് തല്ലുന്നതാണ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. ഇതിന്റെ സത്യാവസ്ഥയറിയാം:

അവകാശവാദം: ജയ്പൂരിലെ അമാഗഢ് കോട്ടയുടെ മുകളില്‍ സ്ഥാപിച്ച കാവിക്കൊടി അഴിച്ചുമാറ്റാന്‍ നിര്‍ദേശം നല്‍കിയ രാംകേഷ് മീണ എം എല്‍ എയെ “സനാതനന്മാര്‍” പിന്തുടര്‍ന്ന് പ്രതികാരം ചെയ്യുന്നു. കാവിക്കൊടിയെ എം എല്‍ എ അശുദ്ധമാക്കിയതിനെ തുടര്‍ന്നാണിത്.

യാഥാര്‍ഥ്യം: രാംകേഷ് മീണയെ നാട്ടുകാര്‍ ഓടിക്കുന്ന വീഡിയോ യാഥാര്‍ഥ്യമാണ്. പക്ഷേ, കോട്ടക്ക് മുകളിലെ കാവിക്കൊടി നീക്കയിതിന്റെ പേരിലല്ല ഇത്. മറിച്ച്, എസ് എസി/ എസ് ടി നിയമം ഭേദഗതി ചെയ്തതിനെതിരെ ആഹ്വാനം ചെയ്ത 2018 ഏപ്രില്‍ രണ്ടിലെ ഭാരത് ബന്ദിനിടെയാണ് ഈ ആക്രമണമുണ്ടായത്. മീണയുടെ മണ്ഡലം ഉള്‍പ്പെടുന്ന ഗംഗാപൂര്‍ നഗരത്തില്‍ ബന്ദിനിടെ പ്രതിഷേധം അക്രമാസക്തമായി. ജനക്കൂട്ടത്തെ ശാന്തമാക്കാന്‍ എത്തിയ മീണയെ പ്രതിഷേധക്കാരില്‍ ചിലര്‍ ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ആണ് സന്ദര്‍ഭം അടര്‍ത്തി മാറ്റി പ്രചരിപ്പിക്കുന്നത്.

ജയ്പൂരിലെ അമര്‍ഗഢ് കോട്ടക്ക് മുകളിലെ കാവിക്കൊടി എം എല്‍ എയുടെ സാന്നിധ്യത്തില്‍ അഴിച്ചുമാറ്റിയത് ഈ മാസം 23നാണ്. മീണാ സമുദായത്തില്‍ പെട്ടവരാണ് കൊടി മാറ്റിയത്. ഇക്കാര്യത്തില്‍ ചിലര്‍ക്ക് പ്രതിഷേധമുണ്ടെങ്കിലും അത് വീഡിയോയില്‍ അവകാശപ്പെടുന്നത് പോലെ അക്രമാസക്തമായിട്ടില്ല. ചുരുക്കത്തില്‍ 2018ലെ സംഭവമാണ് 2021 ജൂലൈയിലേതെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.

Latest