Connect with us

Socialist

56 ഇഞ്ച് എന്നത് താടിയുടെ നീളമായിരിക്കും, അല്ലേ?

Published

|

Last Updated


അസം- മിസോറാം പൊലീസ് സേനകൾ തമ്മിലുണ്ടായ വെടിവെപ്പിൽ ആറു പൊലീസുകാർ കൊല്ലപ്പെട്ട രാജ്യത്തെ അതിപ്രധാനമായ സംഭവം ചർച്ച ചെയ്യാതെ പോകുന്നതിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടുകയാണ് എസ് സുദീപ് ഫേസ്ബുക്ക് പോസ്റ്റിൽ. ഇത് കേരള- തമിഴ്നാട് അതിർത്തിയിലാണെങ്കിൽ അപ്പോൾ തന്നെ സംസ്ഥാന സർക്കാറിനെ പിരിച്ചുവിടുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പോസ്റ്റ് പൂർണ രൂപത്തിൽ:

അമ്പത്താറ് ഇഞ്ച് എന്നത് സത്യം തന്നെ, പക്ഷേ അത് താടിയുടെ നീളമാണ്!

അസം- മിസോറാം പൊലീസ് സേനകൾ തമ്മിലുണ്ടായ വെടിവെപ്പിൽ ആറു പൊലീസുകാർ കൊല്ലപ്പെടുമ്പോൾ മൻമോഹനായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയെങ്കിലോ?

വേണ്ട, ഇന്നത്തെ കേരളവും തമിഴ്നാടും തമ്മിലായിരുന്നു ഈ തർക്കമെങ്കിലോ?

ഇന്ത്യ-ചൈന അതിർത്തിയിലല്ല, ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളായ അസം, മിസോറാം എന്നിവ തമ്മിലുണ്ടായ അതിർത്തി തർക്കത്തിലും തുടർന്ന് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സേനകൾ തമ്മിലുണ്ടായ വെടിവെപ്പിലുമാണ് ആറ് പൊലീസുകാർ ഇന്നലെ കൊല്ലപ്പെട്ടത്. ഒരു എസ് പിക്കു വെടിയേറ്റു ഗുരുതര പരിക്ക്. മൊത്തം അമ്പതോളം പേർക്കാണ് ഇന്നലെ പരിക്ക്.

മനോരമയുടെ ആറാം പേജിലാണ് വാർത്ത.

ദീർഘകാലമായുള്ള അതിർത്തി തർക്കമാണ്. പാക്-ചൈനീസ് അതിർത്തികളിൽ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു എന്നവകാശപ്പെടുന്ന ഇന്ത്യൻ ഭരണകൂടമാണ്. സംഘപരിവാർ ആരാധകരുടെ ഭാഷയിൽ ലോകാരാദ്ധ്യനായ മോദിയും കരുത്തനായ അമിത് ഷായും ആണ് ഭരണത്തിൽ.

ആർക്കും ഒരു പ്രശ്നവുമില്ല.

മൻമോഹൻ സിംഗായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയെങ്കിൽ എന്ന് ഒന്നാലോചിച്ചു നോക്ക്.

ഫെഡറൽ രാജ്യമായ ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളിലെ സായുധ സേനകൾ പരസ്പരം ഏറ്റുമുട്ടുന്നതു തടയാൻ പോലും കഴിയാത്ത മൗനിബാബ എന്നു പരിഹസിച്ച് ആദ്യം ചാടി വീഴുക മോദിയായിരിക്കും. തകർത്തേനെ!

ഇന്നത്തെ കേരളവും തമിഴ്നാടും തമ്മിലായിരുന്നു ഏറ്റുമുട്ടലെങ്കിലോ?

കേരളത്തിൻ്റെ ആറു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നെങ്കിൽ കെ സുരേന്ദ്രനും കെ സുധാകരനും കൂടി, കഴിവുകെട്ട കേരള ഭരണമെന്നാർത്തലച്ച് കേരളം കത്തിക്കുമായിരുന്നു.
മനോരമ കടലാസ് തികയാതെ സപ്ലിമെൻ്റ് ഇറക്കിയേനെ.
ആറു തമിഴ്നാട് പൊലീസുകാരാണ് കൊല്ലപ്പെട്ടതെങ്കിൽ ആ നിമിഷം കേരള സർക്കാരിനെ പിരിച്ചുവിടുമായിരുന്നു.

കേന്ദ്രവും അസമും ഭരിക്കുന്നത് ബി ജെ പിയും മിസോറാം ഭരിക്കുന്നത് ബി ജെ പി സഖ്യകക്ഷിയും ആയതു കൊണ്ട് ഒരനക്കവുമില്ല. ദീർഘവീക്ഷണമാണ്, പാകിസ്ഥാനും ചൈനയ്ക്കും ഇപ്പുറത്തേയ്ക്ക് കാഴ്ച പിടിക്കില്ല. തൃണമൂൽ അണികളെ നേരിടുന്ന യുദ്ധമേ എടുക്കൂ.

ഇന്ത്യൻ സംസ്ഥാനങ്ങളുടെ അതിർത്തികൾ തീരുമാനിക്കാൻ കഴിയാത്തവരാണ് രാജ്യാന്തര അതിർത്തികളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നതും അമ്പത്താറ് ഇഞ്ചെന്നു സ്വയം അവകാശപ്പെട്ട് ജനങ്ങളെ രോമാഞ്ചം കൊള്ളിക്കുന്നതും.

അമ്പത്താറ് ഇഞ്ച് എന്നു പറഞ്ഞത് താടിയുടെ നീളമായിരിക്കും, അല്ലേ?

Latest