Connect with us

Ongoing News

വ്യാഴത്തിന്റെ ഉപഗ്രഹത്തില്‍ ജലബാഷ്പത്തിന്റെ തെളിവ് കണ്ടെത്തി

Published

|

Last Updated

വാഷിംഗ്ടണ്‍ | ബൃഹത് ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹത്തില്‍ നീരാവിയുടെ തെളിവ് കണ്ടെത്തി ശാസ്ത്രലോകം. വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമെഡിലാണ് ജലബാഷ്പത്തിനുള്ള തെളിവ് ഇതാദ്യമായി കണ്ടെത്തിയത്. നാസയുടെ ഹബ്ള്‍ സ്‌പേസ് ടെലസ്‌കോപിലെ ഡാറ്റ പരിശോധിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്.

സൂര്യനില്‍ നിന്ന് ശതകോടി കിലോമീറ്ററുകള്‍ക്ക് അപ്പുറമാണ് ഈ ഉപഗ്രഹം ഭ്രമണം ചെയ്യുന്നത്. പാറപോലെ ഉറച്ച ഐസ് കൊണ്ട് മൂടപ്പെട്ട ഉപരിതലമാണ് ഈ ഉപഗ്രഹത്തിന്റെത്. പൊതുസവിശേഷത ഇങ്ങനെയാണെങ്കിലും സൂര്യനില്‍ നിന്ന് വരുന്ന കണികകള്‍ മഞ്ഞുകട്ടയില്‍ തട്ടുകയും അത് ജലബാഷ്പമുണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച് താപനില അതിന്റെ പരമകാഷ്ഠയിലെത്തുമ്പോള്‍.

ഉപഗ്രഹത്തിലെ പ്രഭാവലയം ഹബ്ള്‍ സ്‌പേസ് ടെലസ്‌കോപ് സ്‌പെക്ട്രോസ്‌കോപിക് തരത്തില്‍ അപഗ്രഥിച്ചാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ഈ ഉപഗ്രഹത്തില്‍ 100 മൈല്‍ ആഴത്തില്‍ സമുദ്രമുണ്ടെന്ന് നേരത്തേ ശാസ്ത്രലോകം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ജലബാഷ്പം കണ്ടെത്തിയ ഭാഗം ഇതിലും ആഴത്തിലാണ്. ഗാനിമെഡിലെ ആദ്യ അള്‍ട്രാവയലറ്റ് ഹബ്ള്‍ സ്‌പേസ് ടെലസ്‌കോപ് പിടിച്ചെടുത്തത് 1998ലായിരുന്നു.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ)യുടെ ജൂപിറ്റര്‍ ഐസി മൂണ്‍സ് എക്‌സ്‌പ്ലോറര്‍ (ജ്യൂസ്) മിഷന്‍ അടുത്ത വര്‍ഷം വിക്ഷേപിക്കാനിരിക്കെയാണ് ഈ കണ്ടുപിടിത്തം. ഈ പേടകം 2029ല്‍ വ്യാഴത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴത്തിലെത്തിയാല്‍ മൂന്ന് വര്‍ഷമാണ് അവിടെ തങ്ങുക. വ്യാഴത്തെയും ജെനിമെഡ് അടക്കമുള്ള മൂന്ന് വലിയ ഉപഗ്രഹങ്ങളെയും നിരീക്ഷിക്കും. മനുഷ്യവാസ സാധ്യതയാണ് പ്രധാനമായും പഠിക്കുക.

Latest