Kerala
ഓർമയിൽ നിറയുന്ന കെ എം ബഷീർ

തിരുവനന്തപുരം | കെ എം ബഷീർ ഓർമയായിട്ട് ഇന്ന് രണ്ട് വർഷം. പരിചയപ്പെടുന്ന ഓരോരുത്തർക്കും അവരുടെ സ്വന്തമെന്ന് തോന്നുന്ന പ്രകൃതം, സൗഹൃദക്കൂട്ടായ്മകളിലെ ഇഴപൊട്ടാത്ത കണ്ണി, ചിരിമാറാത്ത മുഖത്തിനുടമ, അങ്ങനെ വിശേഷണങ്ങൾ അനവധിയായിരുന്നു കെ എം ബി എന്ന വിളിപ്പേരുള്ള കെ എം ബഷീറിന്. ഒടുവിൽ അപകടത്തിൽ ജീവൻ പൊലിഞ്ഞ് കിടന്നപ്പോഴും അവൻ ചുണ്ടിൽ ഒരു പുഞ്ചിരി കരുതിവെച്ചു, തന്റെ പ്രിയപ്പെട്ടവർക്കായി.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐ എ എസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് ബഷീർ കൊല്ലപ്പെടുന്നത്. പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷം പിന്നിടുമ്പോൾ കേസ് വിചാരണയുടെ ഘട്ടത്തിലെത്തി നിൽക്കുകയാണ്. നരഹത്യ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനോടും കൂട്ടു പ്രതിയായ യുവതിയും ഈ മാസം ഒന്പതിന് ഹാജരാകാൻ ഉത്തരവിട്ടിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി.
2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെ മ്യൂസിയം സ്‌റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്പിലാണ് അപകടം നടന്നത്. മദ്യലഹരിയിൽ വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചും കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതിയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചും മ്യൂസിയം പോലീസ് കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടത്തി. മദ്യപിച്ച് വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമൻ പോലീസുമായി ഒത്തുകളിച്ച് രക്തസാമ്പിൾ പരിശോധനക്ക് സമ്മതിക്കാതെ കിംസ് സ്വകാര്യ ആശുപത്രിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. അടുത്ത ദിവസം രാവിലെ ശ്രീറാമിന്റെ രക്തസാമ്പിൾ എടുത്തെങ്കിലും മണിക്കൂറുകൾ വൈകിയുള്ള രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. അപകട സമയത്ത് തന്റെ കാർ ഓടിച്ചിരുന്നത് ശ്രീറാം ആണെന്ന് യുവതി തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽകി. ഇതേതുടർന്നായിരുന്നു ശ്രീറാമിന്റെ അറസ്റ്റ്. പ്രതികളുമായി ഒത്തുകളിക്കുന്നുവെന്ന് മ്യൂസിയം പോലീസിനെതിരെ ആരോപണം ഉയർന്നതിനെ തുടർന്ന് കേസന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിച്ചു.
കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ബോധപൂർവം നടത്തിയ ശ്രമങ്ങൾ അക്കമിട്ട് നിരത്തിയാണ് ആറ് മാസത്തിനൊടുവിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.
കാറിന്റെ അമിത വേഗതയും അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുള്ള വസ്തുതയും ശാസ്ത്രീയമായ തെളിവുകൾ നിരത്തിയാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയത്.

കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടം
ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ഡ്രൈവ് ചെയ്തിരുന്ന കാർ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു. ഇതിനിടെ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ശിപാർശ ചെയ്ത് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ സിറാജ് മാനേജ്‌മെന്റും കേരള പത്രപ്രവർത്തക യൂനിയനും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചതോടെ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളി ശ്രീറാമിന്റെ സസ്‌പെൻഷൻ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി.

നിയമസഭാ റിപോര്‍ടിംഗില്‍ ശ്രദ്ധേയ സംഭാവനകള്‍ക്ക് കെ എം. ബഷീറിനെ കേരള മീഡിയ അക്കാദമി കഴിഞ്ഞ ദിവസം ആദരിച്ചപ്പോള്‍
2020 ഫെബ്രുവരി ഒന്നിന് ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും യുവതിയെ രണ്ടാം പ്രതിയാക്കിയും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഇതേത്തുടർന്ന് 2020 ഫെബ്രുവരി 24ന് ശ്രീറാം വെങ്കിട്ടരാമനും യുവതിയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു. പ്രതികൾ രണ്ട് പേരും ഹാജരായില്ല. ഇതിനിടെ മാർച്ച് 20ന് ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി ശ്രീറാമിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. വിചാരണക്കൊടുവിൽ ബഷീറിന് നീതി ലഭ്യമാകുമെന്നു തന്നെയാണ് ബഷീറിന്റെ കുടുംബത്തിന്റെയും സ്‌നേഹിതരുടെയും പ്രതീക്ഷ.