Connect with us

Articles

സ്‌കോളര്‍ഷിപ്പ്: പ്രശ്നപരിഹാരത്തിനും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുമിടയില്‍

Published

|

Last Updated

സച്ചാര്‍ കമ്മീഷന്‍ നിശ്ചയിക്കപ്പെട്ടത് മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കാനാണ്. എട്ട് നൂറ്റാണ്ടിലേറെക്കാലം ഈ രാജ്യം ഭരിച്ച മുസ്‌ലിംകള്‍ സാമ്പത്തിക, വിദ്യാഭ്യാസ, ഉദ്യോഗ തലങ്ങളിലെല്ലാം ദളിതരേക്കാള്‍ പിന്നിലാണെന്ന വസ്തുത കൃത്യമായ പഠനത്തിനു ശേഷം കമ്മീഷന്‍ പുറത്തുകൊണ്ടുവന്നു. ഈ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പല നിര്‍ദേശങ്ങളും കമ്മീഷന്‍ മുന്നോട്ടുവെക്കുകയും അന്നത്തെ യു പി എ സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളോട് അത് നടപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

കേരളീയ സാഹചര്യത്തില്‍ സച്ചാര്‍ കമ്മീഷന്റെ കണ്ടെത്തലുകളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിശ്ചയിക്കപ്പെട്ട പാലോളി കമ്മിറ്റി കേരളത്തിലും വിദ്യാഭ്യാസ, ഉദ്യോഗ തലങ്ങളിലെല്ലാം മുസ്‌ലിംകള്‍ ബഹുദൂരം പിന്നിലാണെന്ന് കണ്ടെത്തുകയും അതിന്റെ പരിഹാരത്തിനായി ചില ഒറ്റപ്പെട്ട പദ്ധതികള്‍ മുന്നോട്ടുവെക്കുകയും ചെയ്തു. അതിലൊന്നായിരുന്നു വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്. എന്നാല്‍ ഇത് നടപ്പാക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗം എന്ന പൊതുശീര്‍ഷകത്തിനു കീഴില്‍ കൊണ്ടുവരികയും മുസ്‌ലിംകള്‍ക്കു മാത്രമായുള്ള സ്‌കോളര്‍ഷിപ്പടക്കമുള്ള പദ്ധതികള്‍ 80ഃ20 എന്ന ക്രമത്തിലേക്ക് മാറ്റുകയും ചെയ്തു എന്നത് ഇടതുപക്ഷ സര്‍ക്കാറിന് സംഭവിച്ച തെറ്റുതന്നെയാണ്.

തുടര്‍ന്ന് 2011-2016 കാലത്ത് ഭരിച്ച മുസ്‌ലിം ലീഗ് ഉള്‍പ്പെട്ട യു ഡി എഫ് സര്‍ക്കാറും ആ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെന്നു മാത്രമല്ല, 80ഃ20 എന്നത് 60ഃ40 എന്ന രീതിയിലേക്ക് മാറ്റി പുനഃക്രമീകരിക്കണമെന്ന് അന്നത്തെ കോണ്‍ഗ്രസ്സ്, ലീഗ് നേതാക്കള്‍ അടങ്ങിയ ന്യൂനപക്ഷ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നുവെന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൊണ്ടുവന്ന നാമമാത്രമായ ഈ പദ്ധതി ഇരു മുന്നണികളും ചേര്‍ന്ന് അട്ടിമറിച്ചു എന്ന് ചുരുക്കം. ഇപ്പോള്‍ കോടതി വിധിയുടെ മറപിടിച്ച് യു ഡി എഫ് കാലത്തെ ന്യൂനപക്ഷ കമ്മീഷന്‍ ശിപാര്‍ശ ചെയ്തതു പോലെ 60ഃ40 എന്ന ക്രമത്തില്‍ പദ്ധതി നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു.

രാഷ്ട്രീയ താത്പര്യങ്ങള്‍

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത് വളരെ തുച്ഛമായ ഒരു സഹായം മാത്രമാണ്. സമുദായ സംഘടനകള്‍ അതിന്റെ എത്രയോ മടങ്ങ് അവരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി ചെലവഴിക്കുന്നുണ്ട്. ഇവിടെ ഒരു സമുദായത്തെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ മറ്റുള്ളവര്‍ക്കൊപ്പമെത്തിക്കാനുള്ള ഒരു എളിയ ശ്രമം പോലും വെച്ചുപൊറുപ്പിക്കില്ല എന്ന നിലപാട് രൂപപ്പെടുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. എല്ലാ മുന്നണികള്‍ക്കും ചില രാഷ്ട്രീയ താത്പര്യങ്ങള്‍ ഈ വിഷയത്തിലുണ്ട് എന്നത് മറ്റൊരു യാഥാര്‍ഥ്യം.

ഇടതു മുന്നണിയെ സംബന്ധിച്ചിടത്തോളം ചില സഭാനേതാക്കളുടെയും മുന്നണിയിലെത്തന്നെ ക്രൈസ്തവാഭിമുഖ്യമുള്ള പാര്‍ട്ടികളുടെയും സമ്മര്‍ദങ്ങള്‍ പരിഗണിക്കേണ്ടതുണ്ടാകാം. ന്യൂനപക്ഷ വകുപ്പ് മന്ത്രിയായി പാര്‍ട്ടി പത്രത്തില്‍ തന്നെ പ്രഖ്യാപനം വന്നയാളെ മാറ്റി ആ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ഉള്‍പ്പെടെ ഇവരുടെ ശക്തമായ സമ്മര്‍ദമായിരുന്നുവെന്നത് എല്ലാവര്‍ക്കും ബോധ്യമായ കാര്യമാണ്. 80ഃ20 വിഷയം കോടതിയിലെത്തിയപ്പോള്‍ വസ്തുത കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ വേണ്ടത്ര ശ്രമമുണ്ടായില്ല എന്നു തന്നെയാണ് മുസ്‌ലിം സമുദായം വിലയിരുത്തുന്നത്. ന്യൂനപക്ഷ പദ്ധതി എന്ന രീതിയില്‍ നടപ്പാക്കിയതായിരുന്നു അബദ്ധമെന്ന് ബോധ്യപ്പെട്ട സ്ഥിതിക്ക് പുതിയ നിയമ നിര്‍മാണത്തിലൂടെ ഇത് മുസ്‌ലിംകള്‍ക്കു മാത്രമായി നടപ്പാക്കുകയും ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി പിണറായി സര്‍ക്കാര്‍ തന്നെ നിശ്ചയിച്ച കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷം ആവശ്യമാണെങ്കില്‍ അവരിലെ പിന്നാക്കക്കാര്‍ക്കും സമാന പദ്ധതികള്‍ കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കുകയും ചെയ്യാമായിരുന്നു. അതിനൊന്നും കാത്തുനില്‍ക്കാതെയുള്ള ധൃതിപിടിച്ച നടപടിയില്‍ നിന്ന് തന്നെ ഇതിന്റെ പിന്നിലെ രാഷ്ട്രീയം വ്യക്തമാകും.

യു ഡി എഫിനെ സംബന്ധിച്ചു പറഞ്ഞാല്‍, അവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു ഏകീകൃത അഭിപ്രായത്തിലെത്താന്‍ സാധിച്ചിട്ടില്ല. ഈ അട്ടിമറി നൂറ് ശതമാനവും തെറ്റാണെന്ന് ബോധ്യപ്പെടാത്തതുകൊണ്ടല്ല പ്രതിപക്ഷ നേതാവ് അഭിപ്രായങ്ങള്‍ മാറ്റിമാറ്റി പറഞ്ഞു കൊണ്ടിരിക്കുന്നതും എന്തിനും ഏതിനും പ്രതികരിക്കാറുള്ള മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ വിഷയത്തില്‍ കൃത്യമായി പ്രതികരിക്കാത്തതും. ഇതിന്റെയെല്ലാം പിന്നിലെ രാഷ്ട്രീയമെന്താണെന്ന് കേരളീയ സമൂഹത്തിന് നന്നായി അറിയാം. എന്നാല്‍ ഐക്യമുന്നണിയിലെ പ്രബല പാര്‍ട്ടിയായ മുസ്‌ലിം ലീഗ് മുന്നണിയെ ഈ അനീതിക്കെതിരെ അണിനിരത്തുന്നതില്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ മുഖം മിനുക്കല്‍ പദ്ധതിയുമായി ഇറങ്ങിത്തിരിച്ചതിനു പിന്നിലും സങ്കുചിത രാഷ്ട്രീയ താത്പര്യമാണ്.

സമുദായ പാര്‍ട്ടി എന്ന നിലക്ക് മുസ്‌ലിം ലീഗ് ചെയ്യേണ്ടിയിരുന്നത് തങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുന്നണിയെ ഇത്തരമൊരു അനീതിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തിറക്കുകയും നിയമസഭക്കകത്തും പുറത്തും രാഷ്ട്രീയ, നിയമ പോരാട്ടങ്ങള്‍ നടത്തുകയുമാണ്. അതിനു കഴിയില്ലെങ്കില്‍ അത് ലീഗിന്റെ രാഷ്ട്രീയ പരാജയമാണ്. ഏറ്റവും ചുരുങ്ങിയത് മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളെയും സമാന നിലപാടുകളുള്ള മറ്റു പാര്‍ട്ടികളെയും സംഘടിപ്പിച്ച് സമര, നിയമ പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയെങ്കിലും വേണ്ടിയിരുന്നു. ഇതിന് ലീഗ് മുതിരുമ്പോള്‍ ചില ചോദ്യങ്ങളെ അവര്‍ അഭിമുഖീകരിക്കേണ്ടിവരും. 80ഃ20 എന്ന അനുപാതത്തില്‍ 2011-2016 കാലയളവില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കിയ സര്‍ക്കാറില്‍ ലീഗ് പങ്കാളികളായിരുന്നില്ലേ? എന്തുകൊണ്ട് അന്ന് തിരുത്തിയില്ല? മുസ്‌ലിംകള്‍ക്ക് മാത്രമായി കൊണ്ടുവന്ന ഈ പദ്ധതി മൈനോരിറ്റി എന്ന പൊതുശീര്‍ഷകത്തിനു കീഴില്‍ നടപ്പാക്കിയാലുള്ള അബദ്ധം മനസ്സിലായിട്ടും (അതാണ് ഈ വിഷയത്തിലെ ഏറ്റവും വലിയ അബദ്ധമാണെന്നാണല്ലോ കുഞ്ഞാലിക്കുട്ടി എം എല്‍ എ നിയമസഭയില്‍ പറഞ്ഞത്) അഞ്ച് വര്‍ഷം സമയം കിട്ടിയിട്ടും എന്തുകൊണ്ട് തിരുത്താന്‍ തയ്യാറായില്ല? ഇതോടൊപ്പം 80ഃ20 എന്നത് 60ഃ40ലേക്ക് മാറ്റണമെന്നു കൂടി ശിപാര്‍ശ ചെയ്തത് യു ഡി എഫ് കാലത്തെ ലീഗ് ഉള്‍പ്പെട്ട ന്യൂനപക്ഷ കമ്മീഷനല്ലേ? ഇത്തരം ചോദ്യങ്ങളെ അഡ്രസ്സു ചെയ്യാതെ രക്ഷപ്പെടാന്‍ മുസ്‌ലിം ലീഗ് പതിവായി സ്വീകരിക്കുന്ന ഒരു അടവുനയമുണ്ട്. അതാണ് സമുദായ സംഘടനകളെ മുന്നിലിട്ടു കളിക്കുക എന്നത്. ഇതിലൂടെ ഇരട്ട ലക്ഷ്യമാണ് പാര്‍ട്ടി കാണുന്നത്. ഒന്ന്, തങ്ങള്‍ ഈ വിഷയത്തില്‍ കാര്യമായി ഇടപെടുന്നുണ്ടെന്ന് സമുദായത്തെ ബോധ്യപ്പെടുത്തുക. രണ്ട്, അതുവഴി രാഷ്ട്രീയ ശാക്തീകരണം സാധ്യമാക്കുക. ഇതിനായി മുറിച്ചു മാറ്റാനാകാത്ത വിധം പണ്ടേ കൂടെയുള്ള ഒരു മതസംഘടനയെയും മറ്റു ചില കടലാസ് സംഘടനകളെയുമാണ് കൂട്ടുപിടിച്ചിരിക്കുന്നത്.

ഒരു രാഷ്ട്രീയ പാര്‍ട്ടി നിര്‍വഹിക്കേണ്ട ക്രിയാത്മക ഇടപെടല്‍ നടത്തുന്നതിനു പകരം ഇത്തരം പൊടിക്കൈകള്‍ സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെ നടത്തിപ്പോരുന്ന പതിവ് ലീഗിനെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല എന്നതുകൊണ്ട് തന്നെ ബഹു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോ കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് തുടങ്ങിയ സംഘടനകളോ ഇത്തരം രാഷ്ട്രീയ താത്പര്യമുള്ള കലാപരിപാടികളില്‍ പങ്കെടുക്കാറില്ല.
മുമ്പ് ശരീഅത്ത് വിവാദം ഉയര്‍ന്നുവന്ന ഘട്ടത്തില്‍, ശരീഅത്ത് നിയമങ്ങള്‍ തിരുത്തണമെന്ന് നിരന്തരം വാദിക്കുന്ന മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമിയുമായി ചേര്‍ന്ന് ലീഗ് ശരീഅത്ത് സംരക്ഷണ സമിതി ഉണ്ടാക്കിയപ്പോഴും സുന്നി പ്രസ്ഥാനം അതിനൊപ്പം ചേര്‍ന്നിരുന്നില്ല. ഐക്യപ്പെടുന്നത് എല്ലാവര്‍ക്കും യോജിപ്പുള്ള വിഷയത്തിലാകണം. അല്ലെങ്കില്‍ വിപരീത ഫലമാണ് ഉളവാക്കുക എന്ന തിരിച്ചറിവുകൊണ്ട് തന്നെയാണ് ശരീഅത്ത് വിഷയത്തില്‍ സമസ്ത നേരിട്ട് ഇടപെട്ടത്.

പിന്നീട് സ്‌കൂള്‍ സമയമാറ്റം വന്നപ്പോള്‍ മദ്റസാ സംരക്ഷണ സമിതി വന്നു, സി എ എ ബില്ല് കൊണ്ടുവന്നപ്പോള്‍ പൗരത്വ സംരക്ഷണ സമിതി, ഇപ്പോള്‍ സച്ചാര്‍ സംരക്ഷണ സമിതി വന്നു. ഇതില്‍ പലതിന്റെയും പിറകിലുള്ള സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ കൊണ്ടും സി എ എ പോലുള്ള വിഷയങ്ങള്‍ ഭരണഘടനാ പ്രശ്നമായി ഉയര്‍ത്തിക്കാട്ടി അതുവഴി ഇന്ത്യക്കാരുടെ മൊത്തം പ്രശ്നമായി കൊണ്ടുവരുന്നതിനു പകരം മുസ്‌ലിം വിഷയമാക്കി മാറ്റുക പോലുള്ള അപകടങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടും തന്നെയാണ് പക്വതയുള്ള പ്രസ്ഥാന നേതൃത്വം അത്തരം തട്ടിക്കൂട്ട് കൂട്ടായ്മയില്‍ പങ്കുചേരാതെ ഏതു വിഷയത്തിലും ക്രിയാത്മക ഇടപെടല്‍ നടത്തുന്നത്. അതേസമയം, അത്യാവശ്യമെന്ന് തോന്നുന്ന ചില സംയുക്ത യോഗങ്ങളിലെല്ലാം പങ്കെടുക്കാറുമുണ്ട്.

സ്‌കോളര്‍ഷിപ്പ് ഇടപെടല്‍

ലീഗിന്റെ നേതൃത്വത്തില്‍ സച്ചാര്‍ സംരക്ഷണ സമിതി പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പ് തന്നെ വിഷയസംബന്ധിയായ അഭിപ്രായ രൂപവത്കരണവും ഈ അനീതിക്കെതിരെ പൊതുബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവും മുന്‍നിര്‍ത്തി നിരവധി വിദഗ്ധരെ പങ്കെടുപ്പിച്ച് സുന്നി പ്രസ്ഥാനം വെബിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. നിയമപോരാട്ടത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയും മുതിര്‍ന്ന അഭിഭാഷക സംഘങ്ങളുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. വിദഗ്ധരുടെ നിയമോപദേശം ലഭിച്ചാല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്.

ഇതിനു പുറമെ മുഖ്യമന്ത്രിയെ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ നേരിട്ട് സന്ദര്‍ശിക്കുകയും സ്‌കോളര്‍ഷിപ്പ് അട്ടിമറിക്കപ്പെട്ടതിലുള്ള പ്രതിഷേധം ശക്തമായി അറിയിക്കുകയും ചെയ്തു. സമുദായം അനുഭവിക്കുന്ന പിന്നാക്കാവസ്ഥയുടെ ആഴം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുകയും സച്ചാര്‍ കമ്മീഷന്റെ മറ്റു നിര്‍ദേശങ്ങള്‍ കൂടി നടപ്പാക്കി പ്രശ്ന പരിഹാരത്തിന് നേതൃത്വം നല്‍കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം നഷ്ടപ്പെടില്ല എന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലും ആശങ്ക ബാക്കിയാണെന്നുണര്‍ത്തിയപ്പോള്‍, നിയമ നിര്‍മാണത്തിലൂടെ തന്നെ അത് ദൂരീകരിക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുള്ളത്. ഏതായാലും തുടര്‍ നടപടികളെ ആശ്രയിച്ചായിരിക്കും പ്രസ്ഥാനത്തിന്റെ വരുംകാല നീക്കങ്ങള്‍. ചുരുക്കത്തില്‍, പൊതു വിഷയത്തിലായാലും സാമുദായികമായ പ്രശ്നങ്ങളിലായാലും വൈകാരികതക്കപ്പുറം സുചിന്തിതവും പ്രായോഗികവുമായിരിക്കും പ്രസ്ഥാനത്തിന്റെ നീക്കങ്ങള്‍. താത്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങളുടേയോ സ്ഥാപിത താത്പര്യങ്ങളുടേയോ മറപിടിച്ചു വരുന്നവരുടെ തട്ടിക്കൂട്ട് മുന്നണിയില്‍ പ്രസ്ഥാനം തളക്കപ്പെടാറില്ല.

---- facebook comment plugin here -----

Latest