Connect with us

Kozhikode

ഇനിയും പറന്നുയരാനാകാതെ യദു ദേവും മുരളീധരനും

Published

|

Last Updated

നാദാപുരം | കരിപ്പൂർ വിമാന ദുരന്തത്തിൽ ഭാര്യയും മകളും നഷ്ടപ്പെട്ട ചീക്കോന്ന് പീടികക്കണ്ടി മുരളീധരൻ ഇപ്പോൾ ജീവിക്കുന്നത് ഗുരുതരമായി പരുക്കേറ്റ മകന്റെ ചികിത്സക്കായിട്ടാണ്. ഇതിനായി വിദേശത്തെ ജോലി ഉപേക്ഷിച്ച മുരളീധരന് സർക്കാർ പ്രഖ്യാപിച്ച സഹായങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.
ആഗസ്റ്റ് ഏഴിന് രാത്രിയാണ് നാടിനെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. മുരളീധരന്റെ ഭാര്യ രമയും മക്കളായ ശിവാത്മികയും യദു ദേവും ദുബൈയിൽ നിന്ന് കുടുംബങ്ങളെ കാണാൻ നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ്സിൽ.

ലാൻഡിംഗിനിടെ വിമാനം രണ്ടായി പിളർന്ന് ദുരന്തമുണ്ടായപ്പോൾ മുരളീധരന് നഷ്‌ടമായത് ഭാര്യയെയും മകളെയും. ദുരന്തത്തിൽ ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമ്യയും അഞ്ച് വയസ്സുകാരി ശിവാത്മികയും മരണത്തിന് കീഴടങ്ങുകയായിരുന്നു. രണ്ട് കാലുകൾക്കും തലക്കും ശരീര ഭാഗങ്ങൾക്കുമേറ്റ ഗുരുതര പരുക്കുകളോടെ ആഴ്ചകളോളം ആശുപത്രിയിലെ ചികിത്സക്ക് ശേഷം യദു ദേവ് ജീവിതത്തിലേക്ക് തിരിച്ച് വന്നെങ്കിലും കാലിലേക്കുള്ള രക്തപ്രവാഹം നിലച്ച നിലയിലാണ്. അഞ്ചോളം സർജറി കഴിഞ്ഞെങ്കിലും കാലിലെ സ്റ്റീൽ ഇതുവരെയായി നീക്കം ചെയ്തിട്ടില്ല. ഒക്ടോബറിൽ വീണ്ടും സർജറിക്കായി തയ്യാറെടുക്കുകയാണ്. ദുരന്തമറിഞ്ഞ് അന്ന് രാത്രി തന്നെ മുരളീധരന് നാട്ടിലെത്തിയപ്പോഴേക്കും രണ്ട് പേരും മരണത്തിന് കീഴടങ്ങിയിരുന്നു.

ഗുരുതരാവസ്ഥയിലായ മകന്റെ ചികിത്സക്കായി വിദേശത്തെ ഇലക്ട്രോ മെക്കാനിക്ക് സ്ഥാപനം ഉപേക്ഷിച്ച് നാട്ടിൽ തന്നെ കഴിയുകയാണ് മുരളീധരൻ. ഒരു വർഷമായി മറ്റൊരു ജോലിക്കും പോകാതെ മകനെ ചികിത്സിച്ച് രോഗം ഭേദമാക്കാനുള്ള ശ്രമത്തിലാണ്.
ഇപ്പോഴും പല ദിവസങ്ങളിലും മകന് ഉറക്കമില്ലെന്നും ഉറക്കത്തിൽ ഞെട്ടി ഉണർന്നിരിക്കുമെന്നും മുരളീധരൻ പറഞ്ഞു.

കേരള സർക്കാരും കേന്ദ്ര സർക്കാരും സഹായങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഇതു വരെയായി ഒന്നും ലഭിച്ചിട്ടില്ല.
വിമാന കമ്പനിയിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് ലഭിച്ചതെന്നും കോഴിക്കോട് മിംസ് ആശുപത്രിയിലെ മകന്റെ ചികിത്സ ഇൻഷ്വറൻസ് കമ്പനി നടത്തുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു. പതിനൊന്ന് വയസ്സുകാരനായ യദു ദേവിനെ വട്ടോളിയിലെ സ്വകാര്യ സ്‌കൂളിലേക്ക് മാറ്റിച്ചേർത്ത് ഓൺലൈനിൽ പഠനം തുടരുകയാണ്

Latest