Connect with us

Malappuram

നടുക്കം വിട്ടുമാറാതെ ഏഴംഗ സംഘം

Published

|

Last Updated

അപകടത്തില്‍ പരുക്കേറ്റ ഭാര്യക്കും മക്കള്‍ക്കുമൊപ്പം സമീര്‍

എടവണ്ണ | കരിപ്പൂര്‍ വിമാനപകടത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും ഏഴംഗ കുടുംബം. 2020 ആഗസ്റ്റ് ഏഴിന് ദുബൈയില്‍ നിന്നും കരിപ്പൂരിലേക്ക് വന്ന വിമാനമാണ് ലാന്‍ഡിംഗിനിടെ രണ്ടായി പിളര്‍ന്നത്. എടവണ്ണ പത്തപ്പിരിയത്തെ ഒരു കുടുംബത്തിലെ കുട്ടികളടക്കം ഏഴുപേര്‍ ഈ വിമാനപകടത്തില്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. പരുക്കില്‍ നിന്നും ഞെട്ടലില്‍ നിന്നും ഇവര്‍ ഇപ്പോഴും പരിപൂര്‍ണമായും മോചിതരായിട്ടില്ല.
ദുബൈയില്‍ നിന്നും വിമാനത്തില്‍ തങ്ങളുടെ കുടുംബാംങ്ങള്‍ എത്തുമെന്ന് മക്കളായ സമീറും സ്വഫ്‌വാനും വിളിച്ചറിയിച്ചിരുന്ന സന്തോഷത്തിലായിരുന്നു പത്തപ്പിരിയം സ്വദേശിനി വടക്കന്‍ ബിച്ചുണ്ണിമ്മ. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കൂട്ടിക്കൊണ്ടുവരാനായി വാഹനം ഒരുക്കുകയും ചെയ്തു.

സമീറിന്റെയും സ്വഫ്‌വാന്റെയും ഭാര്യമാരും അവരുടെ അഞ്ച് മക്കളുമായിരുന്നു നാട്ടിലേക്ക് തിരിച്ചത്. ഏകദേശം എട്ട് മണിയായപ്പോഴേക്കും വിമാനം തകര്‍ന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് വീട്ടുകാര്‍ അറിഞ്ഞത്. ഉടനെ ജ്യേഷ്ഠന്‍ വടക്കന്‍ അബ്ദുല്‍ ഗഫൂറും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം കരിപ്പൂരിലേക്ക് തിരിച്ചു. എന്ത് സംഭവിച്ചതെന്നറിയാതെ ആശങ്കയോടെ വിവിധ ആശുപത്രികള്‍ കയറിയിറങ്ങുകയായിരുന്നു. ഫാത്വിമ റഹ്‌മ, ജസീല നര്‍ഗീസ്, ജസ, മുഹമ്മദ് അസാന്‍ എന്നിവര്‍ പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലും മുഹമ്മദ് റെഹാബ്, ഫൈഹ എന്നിവര്‍ കോഴിക്കോട് മിംസിലും മന്‍ഹ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പലര്‍ക്കും കൈക്കും കാലിനും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അപകടത്തില്‍ പരുക്കേറ്റ ഭാര്യക്കും മക്കള്‍ക്കുമൊപ്പം സ്വഫ്‌വാന്‍

കഴിഞ്ഞ പത്ത് വര്‍ഷമായി സമീര്‍ ദുബൈയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അഞ്ച് വര്‍ഷത്തോളമായി സഹോദരന്‍ സ്വഫ്‌വാനും ഇവിടെയായിരുന്നു. ഇവരുടെ ഭാര്യമാരും മക്കളും ഇവരോടൊപ്പം ദുബൈയിലാണ് കഴിഞ്ഞിരുന്നത്. പെരുന്നാളിന് മുമ്പ് നാട്ടില്‍ വരണമെന്ന് കരുതിയെങ്കിലും കൊവിഡ് കാരണം എത്താന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ രണ്ടുപേരുടെയും ഭാര്യമാരെയും മക്കളെയും ആദ്യം നാട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. വിമാനത്തിന്റെ നാലാമത്തെ സീറ്റിലാണ് ഇവര്‍ ഇരുന്നിരുന്നത്. ഈ ഭാഗത്തിന്റെ സമീപത്താണ് രണ്ടായി പിളര്‍ന്ന് ദുരന്തമുണ്ടായത്. സമീറും സ്വഫ്‌വാനും പത്തപ്പിരിയത്തെ കൂട്ടം വാട്സാപ്പ് ഗ്രൂപ്പിലാണ് ആദ്യമായി വിമാനം അപകടത്തില്‍പ്പെട്ട വിവരം അറിയുന്നത്.
പിന്നീട് ചാനലിലും വിവരമറിഞ്ഞു. തുടര്‍ന്ന് നിരന്തരം നാട്ടിലേക്ക് വിളിച്ച് അന്വേഷിക്കുകയായിരുന്നു. അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സമീറും സ്വഫ്‌വാനും നാട്ടിലെത്തി.

അപകടത്തിന്റെ ആഘാതത്തില്‍ കുട്ടികള്‍ക്ക് ഇപ്പോള്‍ വിമാനമെന്ന് കേള്‍ക്കുമ്പോഴേ ഭയമാണ്. സമീറിന്റെ മൂത്തമകള്‍ക്ക് പത്ത് ദിവസം കഴിഞ്ഞതിന് ശേഷമാണ് ബോധം തിരിച്ചുകിട്ടിയത്. മകന്‍ വിമാനത്തിന്റെ സീറ്റിന്റെ അടിയില്‍ മണിക്കൂറുകളോളം കിടന്നു. മറ്റെല്ലാവര്‍ക്കും പരുക്ക് ഗുരുതരമായിരുന്നു.

ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിരവധി സഹായങ്ങളാണ് അന്ന് പ്രഖ്യാപിച്ചതെന്ന് പരുക്കേറ്റവര്‍ പറയുന്നു. എന്നാല്‍ യഥാസമയം ഇതൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പരുക്കേറ്റവര്‍ ചേര്‍ന്ന് വാട്‌സാപ്പ് കൂട്ടായ്മയില്‍ സ്വാന്തനം എന്ന പേരില്‍ കമ്മിറ്റി രൂപവത്കരിച്ചു. പരുക്കേറ്റവര്‍ക്ക് വേണ്ട സഹായമെത്തിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
എന്നാല്‍ പരുക്കേറ്റവര്‍ക്ക് അന്താരാഷ്ട്ര നിയമപ്രകാരമുള്ള സഹായം ലഭിച്ചില്ലെന്നും കിട്ടിയത് തന്നെ അപര്യാപ്തമാണെന്നും ഇവര്‍ പറയുന്നു. അധികൃതര്‍ക്ക് നിരവധി നിവേദനം അയച്ചെങ്കിലും വ്യോമയാന മന്ത്രാലയത്തില്‍ നിന്നും മറുപടി ലഭിക്കാതെ പകരം എയര്‍ ഇന്ത്യയില്‍ നിന്നാണ് ഇവര്‍ക്കുള്ള മറുപടി ലഭിക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. നിയമപരമായി പരുക്കേറ്റവര്‍ക്ക് വേണ്ട സഹായങ്ങള്‍ വേഗത്തിലെത്തിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

Latest