Malappuram
ആശിഖ് ഓര്‍ത്തെടുക്കുകയാണ് ആ ദുരന്ത നിമിഷങ്ങൾ
ചങ്ങരംകുളം | വിമാനം വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. വിമാനത്തിലാകെ കൂട്ടക്കരച്ചിലുകളും ശഹാദത്ത് കലിമകളും ഉയരുന്നു. മനസ്സും ശരീരവും ഒരുപോലെ മരവിപ്പിച്ചുപോയ കരിപ്പൂർ വിമാനപകടത്തിന്റെ നടുക്കുന്ന അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് ചങ്ങരംകുളം സ്വദേശിയായ ആശിഖ്.
“എമർജൻസി വാതിലിന് അടുത്തായിരുന്നതിനാൽ നേരെ കാലെടുത്തുവെച്ചത് വിമാനത്തിന്റെ ചിറകിൽ.
അവിടെനിന്നും നിലത്തിറങ്ങിയപ്പോഴാണ് അനുജൻ മുഹമ്മദ് ശഹീൻ “സീറ്റ് ബെൽറ്റ് ഊരാൻ കഴിയുന്നില്ല ഇക്കാ” എന്ന് പറഞ്ഞ് ഉറക്കെ കരയുന്നത്. വീണ്ടും വിമനത്തിലേക്ക് വലിഞ്ഞ് കയറി. അനുജനെയും കൂട്ടി പുറത്തിറങ്ങി.
വിമാനം ഏത് നിമിഷവും കത്താം. കുറച്ചുദൂരം നടന്ന ശേഷം ഇരിക്കണമെന്നാണ് കരുതിയത്. രണ്ടടി വെച്ചതേ ഉണ്ടായിരുന്നുള്ളൂ. താഴെ വീണു. ബോധം തെളിയുമ്പോൾ ചോരപുരണ്ട് ചെളിനിറഞ്ഞ പുല്ലിൽ കിടക്കുകയാണ്. അനുജൻ മുഹമ്മദ് ശഹീൻ അടുത്തിരുന്ന് കരയുന്നു. തലക്ക് പരുക്കേറ്റ അവൻ ചോരയിൽ മുങ്ങിയിട്ടുണ്ട്. എന്റെ രണ്ടു കൈയും തോളെല്ലിൽനിന്ന് വേര്‍പ്പെട്ട് തൂങ്ങിയിരുന്നു.
കൈകൾ ശരീരത്തിൽ ഉള്ളതായി തോന്നിയതേയില്ല. കൈകൾ എവിടെ എന്ന ചോദ്യം കേട്ടാണ് ജുനൈദ് ഓടിയെത്തിയത്”.
ചെളിയിൽനിന്നും ഉയർത്തി, തോളെല്ലിൽ നിന്ന് വേർപ്പെട്ട നിലയിലായിരുന്നു രണ്ട് കൈകളും. അപകടത്തിൽ ഇരുകൈകൾക്കും സാരമായ പരുക്ക് പറ്റി. തലക്ക് പരുക്ക് പറ്റിയതിനെ തുടർന്ന് അനുജൻ മുഹമ്മദ് ശഹീൻ ഇപ്പോഴും സാധാരണ നിലയിലേക്ക് തിരിച്ച് വന്നിട്ടില്ല.
വിമാനപകടം നടന്ന് ഒരുവർഷം തികയുമ്പോൾ മാനസികമായും ശാരീരികമായും ആകെ തകർന്ന അവസ്ഥയിലാണ് ഇവർ.
ഉറക്കത്തിനിടയിൽ ഉണർന്നാൽ പിന്നെ ഉറക്കം കിട്ടാത്ത രാത്രികൾ. റോഡിലൂടെയുള്ള യാത്രകളിലെ ഹന്പുകളുടെ കുലുക്കങ്ങൾ പോലും മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നതായും ആശിഖ് പറയുന്നു.