Connect with us

Kozhikode

വിമാനത്തോടൊപ്പം തകര്‍ന്നത് അശ്റഫിന്റെ സ്വപ്നവും

Published

|

Last Updated

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് വീ്ട്ടിൽ കഴിയുന്ന മൂടോറ അശ്്റഫ്

നാദാപുരം | കരിപ്പൂരില്‍ വിമാനത്തോടൊപ്പം തകര്‍ന്നത് അശ്റഫിന്റെ ജീവിതവും സ്വപ്നങ്ങളും കൂടിയാണ്. ജീവിതത്തില്‍ കൂടുതല്‍ മോഹങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും പതിനഞ്ച് വര്‍ഷം പഴക്കമുള്ള ചോര്‍ന്നൊലിക്കുന്ന വീടിന് പകരം പുതിയ വീടിന്റെ പണി തീര്‍ത്ത് കുടുംബത്തോടൊപ്പം ഒരു ദിവസമെങ്കിലും സമാധാനത്തോടെ കഴിയണമെന്ന ചിന്ത മാത്രമായിരുന്നു ദുബൈ എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ കയറുമ്പോള്‍ അശ്റഫിന്റെ മനസ്സില്‍. പക്ഷെ, കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഏഴിലെ ദുരന്തത്തോടെ എല്ലാം മാറ്റി മറിച്ചു.

കല്ലാച്ചി ഈയ്യങ്കോട്ടെ വീട്ടിലിരുന്ന് കഴിഞ്ഞ കാല സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് മൂടോറ അശ്്റഫ്. വിമാനത്തിന് മുന്പിലെ മൂന്നാമത്തെ സീറ്റില്‍ ദുബൈ എയര്‍പോര്‍ട്ടില്‍ നിന്ന് സ്ഥാനമുറപ്പിച്ചതൊക്കെ അശ്്റഫ് ഓര്‍ത്തെടുക്കുന്നുണ്ട്. പക്ഷെ ദുരന്ത രാത്രിയെ കുറിച്ച് 37 കാരനായ അശ്്റഫിന് ഒന്നും ഓർമയില്ല. സംഭവം നടന്ന് 12 ദിവസത്തിന് ശേഷമാണ് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ വെച്ച് അശ്്റഫ് കണ്ണുതുറക്കുന്നത്. അപകടം നടന്ന് നാളെ ഒരു വര്‍ഷം തികയുമ്പോള്‍ വിമാനാപകടം തനിക്ക് നഷ്ടപ്പെടുത്തിയത് പതിനഞ്ച് വര്‍ഷത്തെ സമ്പാദ്യമാണെന്ന് അശ്്റഫ് തിരിച്ചറിയുന്നു. അപകടം മൂലം പരുക്കേറ്റ കാല്‍ സുഖപ്പെടുത്താന്‍ പത്ത് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. കാലിന്റെ നീളം കുറഞ്ഞു പോയതിനാല്‍ കാല്‍ നിലത്ത് കുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇതോടെ പ്രാഥമിക കര്‍മങ്ങള്‍ക്ക് പോലും വാക്കറിന്റെ സഹായം വേണമെന്നാണ് സ്ഥിതി. ഒറ്റ നിമിഷംകൊണ്ട് തന്റെ ജീവിതവും സ്വപ്നവും ഇല്ലാതായിപ്പോയത് പോലും അപകടം നടന്ന് പന്ത്രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് താന്‍ അറിഞ്ഞതെന്ന് അശ്്റഫ് പറയുന്നു.

നിലവില്‍ ആസ്റ്റര്‍ മിംസിലാണ് ചികിത്സ തുടരുന്നത്. ഇൻഷ്വറന്‍സ് തുക ലഭിച്ചാല്‍ തിരിച്ചു തരണമെന്ന നിബന്ധനയോടെ എയര്‍ ഇന്ത്യ അധികൃതര്‍ രണ്ട് ലക്ഷം രൂപ താത്കാലികമായി നല്‍കിയിരുന്നു. തുക ലഭിച്ചത് കൊണ്ട് ഒരു വിധം ചികിത്സ മുടങ്ങാതെ കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും എല്ലാം പാഴ് വാക്കുകളായി മാറിയ അവസ്ഥയാണ്.

അശ്‌റഫ് ഷാര്‍ജയില്‍ റെസ്റ്റോറന്റ് മേല്‍നോട്ടക്കാരനായിരുന്നു. പുതിയ വീടിന്റെ പണി ആരംഭിക്കാനും കുറച്ചു ദിവസം കുടുംബത്തോടൊപ്പം കഴിയാനുമായിരുന്നു മൂന്ന് മാസത്തെ അവധിക്ക് നാട്ടിലേക്ക് തിരിച്ചത്. ആദ്യം 2020 ഏപ്രില്‍ 27ന് നാട്ടില്‍ വരാനായിരുന്നു പദ്ധതി ഇട്ടത്. കൊവിഡ് വ്യാപനം നിമിത്തം വിമാനം റദ്ദാക്കി. തുടര്‍ന്ന് ആഗസ്റ്റ് ഏഴിനാണ് ടിക്കറ്റ് ലഭിക്കുന്നത്.
പക്ഷെ, വിധി എല്ലാം മാറ്റി മറിച്ചു. ഗള്‍ഫിലെ ജോലിയും വിസയും നഷ്്ടപ്പെട്ടു. ആകെ അറിയാവുന്ന ഡ്രൈവിംഗ് ജോലിയെടുത്ത് ശിഷ്ട കാലം കഴിയാമെന്ന് കരുതിയാല്‍ അപകടം നിമിത്തം നീളം കുറഞ്ഞുപോയ കാലു കൊണ്ട് അതും സാധിക്കില്ല. എന്ത് ചെയ്യണമെന്നറിയില്ലെന്ന് പറഞ്ഞ് ജീവിതത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ് ഭാര്യയും ഉമ്മയും രണ്ട് മക്കളുമടങ്ങുന്ന അശ്റഫിന്റെ കുടുംബം.
മൂത്ത മകന്‍ എട്ടാം ക്ലാസിലും രണ്ടാമത്തെ മകന്‍ ഒന്നാം ക്ലാസിലും പഠിക്കുന്നു. ഫീസ് കൊടുത്ത് നല്ല രീതിയില്‍ പഠിപ്പിക്കണമെന്നൊക്കെ വിചാരിച്ചിരുന്നു. പക്ഷെ ജീവിതം ഇങ്ങനെയായതോടെ കുട്ടികളെ മാറ്റി ച്ചേര്‍ത്തു.

ഇതിനിടയില്‍ നാട്ടില്‍ കൊവിഡും രൂക്ഷമായി. ഗള്‍ഫില്‍ ജോലി ചെയ്തിടത്ത് മറ്റൊരാളെ ജോലിക്കെടുത്തുവെന്ന് അറിയിച്ചു കൊണ്ടുള്ള കത്താണ് ഷാര്‍ജയില്‍ നിന്ന് അവസാനമായി ഈ യുവാവിന് ലഭിച്ചത്. ഇനി അങ്ങോട്ട് പോയാല്‍ പോലും നീളമില്ലാത്ത കാലും കൊണ്ട് എന്ത് ചെയ്യുമെന്നാണ് അശ്റഫ് ചോദിക്കുന്നത്. ഇനിയെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിക്കാന്‍ ഇടപെടലുണ്ടാവണമെന്നാണ് അശ്്റഫ് ആവശ്യപ്പെടുന്നത്.

Latest