Connect with us

Malappuram

കരിപ്പൂർ വിമാനാപകടം: ദുരന്തരാത്രിക്ക് ഒരാണ്ട്

Published

|

Last Updated

കരിപ്പൂർ | ഇന്നും ഞെട്ടലോടെയാണ് കേരളം ആ കറുത്ത രാത്രിയെ ഓർക്കുന്നത്. 2020 ആഗസ്റ്റ് ഏഴിന് രാത്രി 7.30ന് ദുബൈയിൽ നിന്ന് 184 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ലാൻഡിംഗിനിടെ കരിപ്പൂർ റൺവേ പത്തിൽ നിന്ന് നിയന്ത്രണംവിട്ട് 40 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി. അപകടത്തിൽ വിമാനം മൂന്ന് കഷ്ണങ്ങളായാണ് വേർപ്പെട്ടത്.
ഇന്ധനം നിറച്ച ചിറകുകൾക്ക് യാതൊരു കേടുപാടും പറ്റാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പൈലറ്റ്, സഹപൈലറ്റ് ഉൾപ്പെടെ 16 പേർ സംഭവ സ്ഥലത്തും നാല് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലിരിക്കേയുമാണ് മരിച്ചത്. കനത്ത മഴയിൽ രണ്ട് പ്രാവശ്യം വിമാനം നിലത്തിറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്നാം ശ്രമത്തിനായി സാധാരണ ഇറങ്ങുന്ന കിഴക്കുവശത്ത് നിന്ന് മാറി പടിഞ്ഞാറ് വശത്തു നിന്ന് വിമാനം ഇറക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് കൂപ്പുകുത്തിയത്. കൊവിഡ് മഹാമാരി പശ്ചാത്തലത്തിൽ വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് ദുബൈയിൽ നിന്ന് കരിപ്പൂരിലേക്ക് സർവീസ് ഏർപ്പെടുത്തിയിരുന്നത്.

കൊവിഡിനെ തോൽപ്പിച്ച രക്ഷാപ്രവർത്തനം
അപകടത്തെ തുടർന്ന് ആദ്യമായി രക്ഷാപ്രവർത്തനത്തിന് എത്തിയത് സമീപ വാസികളും കൊണ്ടോട്ടിയിൽ നിന്നുള്ളവരുമായിരുന്നു. വിമാനത്താവള സുരക്ഷാചുമതലയുള്ള സി ഐ എസ് എഫ് വിഭാഗവും വിമാനത്താവള അഗ്നിരക്ഷാസേനയും എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാർ കൊവിഡിനെ പോലും മറന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ രക്ഷാപ്രവർത്തനം മരണനിരക്ക് ഉയരാതിരിക്കാൻ കാരണമായി. വിവിധ ഭാഗങ്ങളിൽ നിന്ന് ആംബുലൻസുകളും മറ്റും എത്തുന്നതിന് മുമ്പ് തന്നെ പ്രദേശവാസികൾ തങ്ങളുടെ വാഹനത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.

മന്ത്രിമാരും എം എൽ എ മാരും ജില്ലാ കലക്ടർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര വ്യോമയാന മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പ്രമുഖരും അടുത്ത ദിവസം അപകട സ്ഥലം സന്ദർശിക്കുകയും ആവശ്യമായ നടപടിക്രമങ്ങൾ എടുക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യ പത്ത് ലക്ഷം രൂപ വീതവും സാരമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷവും സാരമല്ലാത്ത പരുക്കേറ്റവർക്ക് 50,000 രൂപയും അനുവദിച്ചു. സംസ്ഥാന സർക്കാറും മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷവും ചികിത്സയിലുള്ളവർക്ക് ധനസഹായവും ലഭ്യമാക്കിയിരുന്നു.

അപകടം മറയാക്കി കരിപ്പൂരിനെ
തകർക്കാൻ ശ്രമം

വിമാനാപകടം കരിപ്പൂരിനെ തകർക്കാൻ പറ്റിയ അവസരമാക്കി മാറ്റിയിരിക്കയാണ് കരിപ്പൂർ വിരുദ്ധ ലോബികൾ. ഡൽഹിയിലെ ചില ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്യുന്നുണ്ട്. ചെറിയ വിമാനമാണ് അപകടത്തിൽപ്പെട്ടതെങ്കിലും അതിന്റെ പേരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിക്കുകയായിരുന്നു. കരിപ്പൂരിലെ ടേബിൾ ടോപ് റൺവേ വലിയ വിമാനങ്ങൾക്ക് സുരക്ഷതമല്ലെന്നാണ് പുതിയ കണ്ടെത്തൽ.
33 വർഷമായ കരിപ്പൂരിൽ 18 വർഷക്കാലം വലിയ വിമാനങ്ങളുടെ സർവീസ് തുടർന്ന് വരികയായിരുന്നു. റൺവേ അറ്റകുറ്റപ്പണിക്കായി വലിയ വിമാനങ്ങൾ താത്കാലികമായി നിർത്തിവെച്ചത് വീണ്ടും പുനരാരംഭിക്കാനിരിക്കെയാണ് വിമാനാപകടം സംഭവിക്കുന്നത്. ഈ അവസരം മുതലെടുത്ത് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നൽകാതിരിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ നിന്നുള്ളവർ തന്നെ രഹസ്യ നീക്കം നടത്തുകയുണ്ടായി. ഇതിന്റെ ഫലമായി കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതി നീണ്ടുപോകുകയാണ്.

സമർപ്പിക്കാത്ത അന്വേഷണ റിപ്പോർട്ട്

വിമാനാപകടം നടന്ന് ഒരു വർഷമായിട്ടും അന്വേഷണം പൂർത്തിയായിട്ടില്ല. അന്വേഷണ റിപ്പോർട്ട് നീട്ടിക്കൊണ്ടു പോകുകയാണെന്നാണ് വ്യക്തമാകുന്നത്. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് പുറത്തുവിടും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, ഒരു വർഷമായിട്ടും അപകടത്തെപ്പറ്റിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് അടുത്ത ദിവസം തന്നെ കണ്ടെടുത്ത് പരിശോധനക്ക് ഡൽഹിയിലേക്ക് എത്തിച്ചെങ്കിലും അപകട കാരണം വ്യക്തമാക്കിയിട്ടില്ല.
ബ്ലാക് ബോക്‌സ് പരിശോധിച്ചാൽ തന്നെ കാരണം വ്യക്തമാകുന്നതാണ്. എന്നാൽ, ഒരു വർഷമായിട്ടും അന്വേഷണ റിപ്പോർട്ട് തയ്യാറായിട്ടില്ല. അന്വേഷണ റിപ്പോർട്ട് വൈകുന്നതും വലിയ വിമാനങ്ങൾക്കുള്ള അനുമതി നീളുന്നതിന് കാരണമാകുകയാണ്. റിപ്പോർട്ട് വന്നതിന് ശേഷം മതി വലിയ വിമാനങ്ങൾക്ക് അനുമതി എന്നതാണ് തത്പരകക്ഷികളുടെ വാദം.

നഷ്ട പരിഹാരം കടലാസിൽ

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനോ പരുക്കേറ്റവർക്കോ എയർ ഇന്ത്യ ഇതേവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. പലരുടെയും മരണം മൂലം നിർധന കുടുംബങ്ങളിലെ അത്താണിയാണ് നഷ്ടമായത്. സാരമായി പരുക്കേറ്റവർക്ക് ഇന്നും സ്വസ്ഥജീവിതത്തിലേക്ക് തിരിച്ചു വരാനായിട്ടില്ല.

മോണ്ടറിൽ കൺവെൻഷൻ ഉടമ്പടി പ്രകാരം ഇന്ത്യയിൽ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 1.20 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നതാണ് വ്യവസ്ഥ. എന്നാൽ, എയർ ഇന്ത്യ നഷ്ടപരിഹാരം നൽകാതെ ഒഴിഞ്ഞു മാറുകയാണ്.

ഇതിനിടെ മരിച്ചവരുടെ കുടുംബത്തിന് 40 ലക്ഷം നഷ്ടപരിഹാരം നൽകി ഒത്തുതീർക്കാൻ എയർ ഇന്ത്യ ശ്രമം നടത്തിയതായി അറിയുന്നു. എന്നാൽ മരിച്ചവരുടെ കുടുംബം ഈ ഒത്തുതീർപ്പിന് തയ്യാറായിട്ടില്ല. പൂർണ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഏതാനും കുടുംബങ്ങൾ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിൽ തീരുമാനം കൈക്കൊള്ളുന്നത് വരെ നഷ്ടപരിഹാരം നൽകുന്നതും നീണ്ടുപോകും. അതേസമയം അപകടത്തിന്റെ ഇൻഷ്വറൻസ് തുക മുഴുവനായും എയർ ഇന്ത്യ കൈപ്പറ്റിയിട്ടുമുണ്ട്.

Latest